Sunday January 22, 2017
Latest Updates

സൂര്യതേജസ് അണഞ്ഞു :നെല്‍സണ്‍ മണ്ടേലയ്ക്ക് നാടിന്റെ ആദരാജ്ഞലികള്‍

സൂര്യതേജസ് അണഞ്ഞു :നെല്‍സണ്‍ മണ്ടേലയ്ക്ക് നാടിന്റെ ആദരാജ്ഞലികള്‍

ഡബ്ലിന്‍ :വര്‍ണ്ണ വിവേചനത്തിനെതിരെ പോരാടി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടി നില കൊണ്ട നേതാവ് ഇനി ചരിത്രത്തിന്റെ ഭാഗം. സൗത്ത് ആഫ്രിക്കന്‍ പ്രസിഡണ്ട് നെല്‍സണ്‍ മണ്ടേല ലോകത്തോടും അദ്ദേഹത്തിന്റെ ജനങ്ങളോടും വിടപറഞ്ഞു. 95 വയസ്സായിരുന്നു
.
കറുത്ത വര്‍ഗക്കാരന്റെ അത്മഭിമാനമുയര്‍ത്തി, വിജയ വിഹായസിലേയ്ക്ക് അവരെ നടത്തിയ നേതാവിന്റെ വിയോഗ വാര്‍ത്തയില്‍ ലോകമെങ്ങുമുള്ള ജനതയും കണ്ണീര്‍ പൊഴിക്കുകയാണ്.

ഐറിഷ് പ്രസിഡണ്ട് മൈക്കില്‍ ഡി ഹിഗിന്‍സും , പ്രധാനമന്ത്രി എന്റ കെന്നിയും മറ്റു മന്ത്രിമാരും മണ്ടേലയുടെ സ്മരണയ്ക്ക് മുന്പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
വളരെ വിലപ്പെട്ട ഒരു പ്രകാശം അസ്തമിച്ചുവെന്നാണ് മണ്ടേലയുടെ മരണത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്. നെല്‍സണ്‍ മണ്ടേല എന്ന പേര് എന്നും ലോക ജനമനസുകളില്‍ ഉണ്ടാവുമെന്നും തലമുറകളോളം ഈ നേതാവ് ഓര്‍ക്കപ്പെടുമെന്നും എന്റ കെന്നി കൂട്ടിച്ചേര്‍ത്തു
.
ട്രാന്‍സ്‌കേയില്‍ പിറന്നു വീണ ആണ്‍കുട്ടി അവന്റെ ജീവിതം നടന്നു തീര്‍ത്തുവെന്നും ആ ജീവിതം സൗത്ത് ആഫ്രിക്കയില്‍ മാത്രമല്ല ലോകം മുഴുവന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ പ്രേരണ നല്‍കുകയായിരുന്നുവെന്നും എന്റ കെന്നി പറഞ്ഞു.

മനുഷ്യ സ്‌നേഹിയായ നേതാവിന്റെ മരണം സൗത്താഫ്രിക്കയെ മാത്രമല്ല ലോകത്തെ മുഴുവനും ദുഖപൂര്‍ണ്ണമാക്കിയിരിക്കുകയാണ്. ഐറിഷ് ജനങ്ങളുടെ പേരിലും സര്‍ക്കാരിന്റെ പേരിലും മഹാനായ നേതാവിന് പ്രധാനമന്ത്രി പ്രധാനമന്ത്രി ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഖിക്കുന്ന കുടുംബാംഗങ്ങളോടും ബന്ധുജനങ്ങളോടും കൂടെ തങ്ങളും പങ്കുചേരുകയാണെന്നും എന്റ കെന്നി അറിയിച്ചു.

ചരിത്രമാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ പ്രശസ്തനായ നേതാവിനെയാണ് ലോകത്തിന് നഷ്ടമായതെന്ന് പ്രസിഡണ്ട് മൈക്കല്‍ ഡി ഹിഗ്ഗന്‍സ് അഭിപ്രായപ്പെട്ടു. ദുഖിതരായ അദ്ദേഹത്തിന്റെ കുടുംബത്തിനും രാജ്യത്തിനും ഒപ്പം ഐറിഷ് ജനതയും പങ്കുചേരുന്നുവെന്നും പ്രസിഡണ്ട് ഹിഗ്ഗിന്‍സ് കൂട്ടിച്ചേര്‍ത്തു.
വര്‍ണ്ണ വിവേചനം അവസാനിപ്പിക്കാനായി അഹോരാത്രം പ്രവര്‍ത്തിച്ച നേതാവിനെ ലോകം മുഴുവന്‍ ഒരേ മനസോടെയാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗം ലോകത്തെ മുഴുവന്‍ ദുഖത്തിലുമാക്കിയിരിക്കുകയാണ്.

ലോക ജനതയ്ക്ക് മുഴുവന്‍ സ്വാതന്ത്ര്യത്തിന്റെ പൊന്‍വെളിച്ചം തൂകിയ ആ സൂര്യശോഭ ഒളിമങ്ങാതെ, ചരിത്രമുള്ളിടത്തോളം കാലം ജീവിയ്ക്കും .ആ മഹാ തേജസിന്റെ സ്മരണക്ക് മുന്‍പില്‍ ‘ഐറിഷ് മലയാളി’യുടെയും ആദരാജ്ഞലികള്‍

Scroll To Top