Sunday January 22, 2017
Latest Updates

സൂപ്പര്‍ താരം രജനികാന്തിന്റെ പിന്തുണ തേടി മോഡി ചെന്നൈയില്‍; കേരളത്തില്‍ സീറ്റ് നേടുമെന്ന് അദ്വാനി

സൂപ്പര്‍ താരം രജനികാന്തിന്റെ പിന്തുണ തേടി മോഡി ചെന്നൈയില്‍; കേരളത്തില്‍ സീറ്റ് നേടുമെന്ന് അദ്വാനി

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഇന്ന് ചെന്നൈയില്‍ എത്തുന്ന ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി തമിഴ് സൂപ്പര്‍ താരം രജനികാന്തുമായി കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് മോഡി രജനികാന്തിനെ കാണുന്നത്. രാഷ്ട്രീയത്തില്‍ സിനിമക്കാര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള തമിഴ്‌നാട്ടില്‍ രജനി കാന്തിന്റെ പിന്തുണ ലഭിച്ചാല്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. എന്നാല്‍ രജനികാന്ത് ഇതുവരെ ഒരു പാര്‍ട്ടിയോടും പ്രത്യേക അടുപ്പം പ്രകടിപ്പിച്ചിട്ടില്ല.

1996ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയലളിതയ്ക്ക് വോട്ട് ചെയ്താല്‍ പിന്നെ ദൈവത്തിനു പോലും തമിഴ്‌നാടിനെ രക്ഷിക്കാന്‍ കഴിയില്ലെന്ന് രജനി പ്രസ്താവന ഇറക്കിയിരുന്നു. ഇതേതുടര്‍ന്ന് ജയലളിത ആ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. 1998 ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ ബിജെപി ഡിഎംകെ സഖ്യം 39 സീറ്റുകളില്‍ 30 സീറ്റുകളിലും പരാജയപ്പെടുകയായിരുന്നു. അതുകൊണ്ട് തന്നെ രജനിയുടെ പൂര്‍ണ്ണ പിന്തുണ ലഭിച്ചാല്‍ തന്നെ അത് എത്രത്തോളം വോട്ടായി മാറുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

അതിനിടെ ഇത്തവണ ബിജെപി കേരളത്തില്‍ അക്കൌണ്ട് തുറക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി അവകാശപ്പെട്ടു. ഗാന്ധിനഗറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം സീറ്റില്‍ രാജഗോപാല്‍ ജയിക്കുമെന്നാണ് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഏറെ നാളായി ബിജെപി വിജയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന സീറ്റാണ് തിരുവനന്തപുരം. ബിജെപി വോട്ടുകളും ഓ രാജഗോപാലിന് വ്യക്തിപരമായി ലഭിക്കുന്ന വോട്ടുകളും കൂടിച്ചേര്‍ന്നാല്‍ തിരുവനന്തപുരത്ത് ജയിക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കാസര്‍ഗോഡ് കഴിഞ്ഞാല്‍ കേരളത്തില്‍ ബിജെപിക്ക് അല്പ്പമെങ്കിലും സ്വാധീനമുള്ള സ്ഥലമാണ് തിരുവനന്തപുരം.

 

Scroll To Top