Sunday October 22, 2017
Latest Updates

സൂപ്പര്‍വാലു, ഡേബ്രേക്ക്, സെന്‍ട്രാ സ്റ്റോറുകളില്‍ സൈബര്‍ ആക്രമണ ശ്രമം

സൂപ്പര്‍വാലു, ഡേബ്രേക്ക്, സെന്‍ട്രാ സ്റ്റോറുകളില്‍ സൈബര്‍ ആക്രമണ ശ്രമം

ഡബ്ലിന്‍ :മസ്‌ഗ്രേവ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍വാലു, ഡേബ്രേക്ക്, സെന്‍ട്രാ സ്റ്റോറുകളില്‍ സൈബര്‍ ആക്രമണ ശ്രമം. ഉപയോക്താക്കളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ വിശദാംശങ്ങള്‍ ചോര്‍ത്തിയെടുക്കാനായിരുന്നു ശ്രമം. പൊലീസ് അന്വേഷണം ആരംഭിച്ചതായും ഡേറ്റാ പ്രൊട്ടക്ഷ്ന്‍ കമ്മിഷണറുടെ ഓഫിസില്‍ വിവരം അറിയിച്ചിട്ടുള്ളതായും മുസ്‌ഗ്രേവ് ഗ്രൂപ്പ് അറിയിച്ചു.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍, കാര്‍ഡിന്റെ എക്‌സ്പയറി ഡേറ്റ് എന്നിവ കവരാനാണ് ശ്രമിച്ചത്. ആളുകളുടെ പേര്, പിന്‍, സിസിവി നമ്പറുകള്‍ എന്നിവ ചോര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. വിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. ഉപയോക്താക്കളോട് അവരുടെ സ്റ്റേറ്റ്‌മെന്റ് പരിശോധിച്ച് നഷ്ടമില്ലെന്ന് ഉറപ്പാക്കണെന്നും മാനേജ്‌മെന്റ് അഭ്യര്‍ഥിച്ചു. കൂടുതല്‍ ശക്തമായ സൈബര്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും മസ്‌ഗ്രേവ് വക്താക്കള്‍ പറഞ്ഞു.

ഐറീഷ് സ്ഥാപനങ്ങള്‍ക്കു നേരെ കഴിഞ്ഞ ഒരുവര്‍ഷമായി സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചതായ ഐറിഷ് ഇന്‍ഡിപെന്‍ഡന്റിന്റെ വെവിപ്പെടുത്തലിനു തൊട്ടുപിന്നാലെയാണ് മസ്‌ഗ്രേവ് സ്റ്റോറുകളിലെ ആക്രമണവിവരം പുറത്തായത്. ഉത്തര കൊറിയന്‍ സര്‍ക്കാരിന്റെ പിന്തുണയുള്ള സംഘങ്ങളാണ് ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നു. യുഎന്‍ ഉപരോധത്തിന്റെ പരുക്ക് ഉണക്കാന്‍ സാമ്പത്തിക സ്വരൂപണമാണ് ഇത്തരം സൈബര്‍ അറ്റാക്കുകളുടെ ലക്ഷ്യമെന്ന് കരുതുന്നു.മസ്‌ഗ്രോവിലെ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയന്‍ സംഘങ്ങള്‍ ആണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. 2012 ല്‍ സൈബര്‍ ആക്രണങ്ങളില്‍ ഐറിഷ് സ്ഥാപനങ്ങള്‍ക്ക് മൊത്തത്തില്‍ 490.000 യൂറോ നഷ്ടപ്പെട്ടിടത്ത് 2016ല്‍ നഷ്ടം 1.7 ദശലക്ഷം യൂറോയായി ഉയര്‍ന്നു.

Scroll To Top