Wednesday May 24, 2017
Latest Updates

സുന്നി ഭീകരര്‍ മൊസൂളിലേക്ക് കൊണ്ടുപോയ മലയാളി നഴ്‌സുമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

സുന്നി ഭീകരര്‍ മൊസൂളിലേക്ക് കൊണ്ടുപോയ മലയാളി നഴ്‌സുമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

ബാഗ്ദാദ്: ആഭ്യന്തര കലാപം നടക്കുന്ന ഇറാഖിലെ തിക്രിത്തില്‍ നിന്ന് മൊസൂളിലേക്ക് കൊണ്ടുപോയ മലയാളി നഴ്‌സുമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെ ഉച്ചതിരിഞ്ഞാണ് സുന്നി ഭീകരര്‍ 46 മലയാളി നഴ്‌സുമാരെ തിക്രിത്തില്‍ നിന്ന് കിലോമീറ്ററുകള്‍ ദൂരെയുള്ള മൊസൂളിലേക്ക് കൊണ്ടുപോയത്. റോഡ് മാര്‍ഗമാണ് നഴ്‌സുമാരെ കൊണ്ട് പോയത്. ഭീകരര്‍ നഴ്‌സുമാരെ നാട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ അനുവദിച്ചിരുന്നു. തുടര്‍ന്ന് റോഡ് മാര്‍ഗമുള്ള യാത്രയ്ക്കിടെ നഴ്‌സുമാര്‍ എസ്എംഎസിലൂടെ വിവരങ്ങള്‍ നാട്ടില്‍ അറിയിക്കുന്നുണ്ടായിരുന്നു.

ഭീകരര്‍ മാന്യമായാണ് പെരുമാറിയത് എന്നാണു നഴ്‌സുമാരില്‍ നിന്ന് ലഭിച്ച വിവരം. ഭീകരര്‍ നഴ്‌സുമാര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിച്ച് നല്‍കി. ഇന്ത്യന്‍ എംബസി അധികൃതരുമായും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് നഴ്‌സുമാര്‍ ഭീകരര്‍ക്കൊപ്പം പോയത്. ഇപ്പോള്‍ ഭീകരര്‍ പറയുന്നത് അനുസരിക്കുകയല്ലാതെ നഴ്‌സുമാര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ല. മലയാളി നഴ്‌സുമാരെ ആശുപത്രിയില്‍ നിന്ന് ഒഴിപ്പിച്ച ശേഷം ആശുപത്രി കെട്ടിടം ഭീകരര്‍ ബോംബ് വച്ച് തകര്‍ത്തതായാണ് റിപ്പോര്‍ട്ട്.

നഴ്‌സുമാരുടെ മോചനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, മന്ത്രിമാരായ കെ.എം. മാണി, രമേശ് ചെന്നിത്തല, മഞ്ഞളാംകുഴി അലി എന്നിവര്‍ സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ മോചനം സംബന്ധിച്ച് പരിഹാരമാര്‍ഗം ഒന്നും ഉരുത്തിരിഞ്ഞിട്ടില്ല.

Scroll To Top