Monday July 24, 2017
Latest Updates

സുനന്ദ പുഷ്‌ക്കറിന്റെ മരണം കൊലപാതകമാണെന്ന് പറഞ്ഞിട്ടില്ലെന്ന് ഡല്‍ഹി എയിംസ്

സുനന്ദ പുഷ്‌ക്കറിന്റെ മരണം കൊലപാതകമാണെന്ന് പറഞ്ഞിട്ടില്ലെന്ന് ഡല്‍ഹി എയിംസ്

ന്യൂഡല്‍ഹി: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം കൊലപാതകമാണെന്ന് പറഞ്ഞിട്ടില്ലെന്ന് ഡല്‍ഹി എയിംസിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. സുബോധ് കെ ഗുപ്ത. വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദയുടെ മരണം എന്ന് മാത്രമാണ് എയിംസ് പറഞ്ഞിട്ടുള്ളത്. അത് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് കണ്ടെത്തേണ്ടത് പോലീസാണെന്നും അദ്ദേഹം പറഞ്ഞു. പെട്ടന്നുള്ള അസ്വാഭാവിക മരണമെന്നാണ് സുനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത എയിംസിലെ ഡോക്ടര്‍മാര്‍ അന്ന് പറഞ്ഞത്.

സുനന്ദയുടെ മരണം കൊലപാതകമാണെന്നു ഡല്‍ഹി പോലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന എയിംസ് അധികൃതരുടെ റിപ്പോര്‍ട്ട് ഡല്‍ഹി പോലീസും സ്ഥിരീകരിച്ചു. അതേസമയം വിഷം വായിലൂടെ ബലം പ്രയോഗിച്ച് നല്‍കിയോ അതോ കുത്തിവയ്പ്പിലൂടെ നല്‍കിയോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. പോലീസിന്റെ കണ്ടെത്തല്‍ എന്ത് തന്നെ ആയാലും തരൂരിന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാകും.

മരണം കൊലപാതകമെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഐപിസി 302 വകുപ്പ് പ്രകാരം ഡല്‍ഹി പോലീസ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ തരൂര്‍ ഉള്‍പ്പെടെ എല്ലാ സാക്ഷികളെയും വീണ്ടും ചോദ്യം ചെയ്യും. തൃശൂരിലെ ആയുര്‍വേദ കേന്ദ്രത്തില്‍ ചികിത്സയിലുള്ള തരൂര്‍ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Scroll To Top