Monday May 22, 2017
Latest Updates

സുനന്ദയുടെ ആന്തരികാവയവങ്ങള്‍ ലണ്ടനിലേക്ക് അയയ്ക്കുന്നു; തരൂര്‍ ഡല്‍ഹിയില്‍

സുനന്ദയുടെ ആന്തരികാവയവങ്ങള്‍ ലണ്ടനിലേക്ക് അയയ്ക്കുന്നു; തരൂര്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണം സംബന്ധിച്ച് ദുരൂഹത തുടരുന്ന സാഹചര്യത്തില്‍ അവരുടെ ആന്തരികാവയവങ്ങള്‍ വിദഗ്ദ പരിശോധനയ്ക്കായി ലണ്ടനിലേക്ക് അയയ്ക്കാന്‍ തീരുമാനം. ഡല്‍ഹി പോലീസിന് ഇത് സംബന്ധിച്ച് അനുമതി ലഭിച്ചതായാണ് സൂചന. സുനന്ദ മരിച്ചത് വിഷം ഉളളില്‍ ചെന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. വിഷം സ്വമേധയ കഴിച്ചതാണോ ബലം പ്രയോഗിച്ച് നല്‍കിയതാണോ തുടങ്ങിയ കാര്യങ്ങളാണ് ഇനി വ്യക്തമാകാനുള്ളത്.

സുനന്ദയുടെ ശരീരത്തിലെ പതിനഞ്ചോളം മുറിവുകളില്‍ ഒന്ന് കുത്തി വയ്പ്പിനെ തുടര്‍ന്ന് ഉണ്ടായതാണെന്നാണ് നിഗമനം. ഇത് പോലീസിന്റെ സംശയം വര്‍ധിപ്പിക്കുന്നു. മരണ സമയത്ത് ആരോഗ്യവതിയായിരുന്ന സുനന്ദയുടെ ശരീരത്തില്‍ കുത്തിവയ്പ്പിന്റെ പാട് എങ്ങനെ വന്നു എന്നത് പോലീസിനെ കുഴയ്ക്കുന്ന ചോദ്യമാണ്. കൂടാതെ സുനന്ദയുടെ ശരീരത്തിലെ മുറിവുകള്‍ മല്‍പ്പിടുത്തത്തില്‍ സംഭവിച്ചതാണെന്ന എഫ്‌ഐആറിലെ പരാമര്‍ശവും പോലീസിന്റെ സംശയങ്ങള്‍ക്ക് ബലം പകരുന്നു. ശരീരത്തിലെ മുറിവുകള്‍ മരണ കാരണമല്ലെന്നും എഫ്‌ഐആര്‍ വ്യക്തമാക്കുന്നു.

അതേസമയം സുനന്ദയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചതിന് ശേഷം ഇത് ആദ്യമായി തരൂര്‍ ഡല്‍ഹിക്ക് തിരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് രാവിലെ 8.15 ജെറ്റ് എയര്‍വേയ്‌സില്‍ മുംബൈക്ക് പോയ തരൂര്‍ നിയമ വിദഗ്ദരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിക്ക് തിരിക്കും. ഡല്‍ഹിയില്‍ എത്തുന്ന തരൂര്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായും കൂടിക്കാഴ്ച നടത്തും.

Scroll To Top