Tuesday October 16, 2018
Latest Updates

സിറിയയില്‍ നിന്നും പിന്മാറില്ലെന്ന് അമേരിക്ക,റഷ്യക്കെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയും സഖ്യകക്ഷികളും 

സിറിയയില്‍ നിന്നും പിന്മാറില്ലെന്ന് അമേരിക്ക,റഷ്യക്കെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയും സഖ്യകക്ഷികളും 

ഡമാസ്‌കസ് :സിറിയന്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് അമേരിക്ക. ലക്ഷ്യം നേടും വരെ സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഐക്യരാഷ്ട്ര സഭയിലെ യുഎസ് പ്രതിനിധി നിക്കി ഹാലൈ വ്യക്തമാക്കി. ഫോക്സ് ന്യൂസ് സണ്‍ഡെ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഹാലെ നിലപാട് പരസ്യമാക്കിയത്.സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കണമെങ്കില്‍ അതിനു മുമ്പ് അവിടെ രാസായുധാക്രമണം നടക്കുകയില്ലെന്ന് ഉറപ്പ് ലഭിക്കണം.

ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) സമ്പൂര്‍ണ പതനമാണ് മറ്റൊരു ലക്ഷ്യമെന്നും യുഎസ് പ്രതിനിധി പറഞ്ഞു. റഷ്യക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഹാലെ കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ സഖ്യ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് അമേരിക്ക സിറിയയില്‍ വ്യോമാക്രമണം നടത്തുന്നത്. സിറിയയ്‌ക്കെതിരെ അമേരിക്കയും സഖ്യകക്ഷികളും 103 ക്രൂസ് മിസൈലുകള്‍ തൊടുത്തിട്ടും ഒരു തുള്ളി രക്തം പോലും വീണില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അമേരിക്ക ലക്ഷ്യമിട്ട സ്ഥലങ്ങളും കെട്ടിടങ്ങളും തകര്‍ക്കാനും സാധിച്ചു. സിറിയന്‍ ആക്രമണ പരീക്ഷണം വിജയിച്ചതോടെ മറ്റു ശത്രു രാജ്യങ്ങള്‍ക്കെതിരെയും അമേരിക്ക ഈ തന്ത്രം പുറത്തെടുക്കുമെന്നാണ് കരുതുന്നത്.
സിറിയക്കെതിരായ യുഎസ് ആക്രമണത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയില്‍ റഷ്യയ്ക്കു വന്‍ തിരിച്ചടി ലഭിക്കുകയുണ്ടായി. വിമത കേന്ദ്രമായ ദൗമയിലെ രാസായുധ പ്രയോഗത്തിന്റെ പശ്ചാത്തലത്തില്‍ സിറിയക്കെതിരേ അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് നടത്തിയ ആക്രമണത്തെ അപലപിക്കാന്‍ റഷ്യ കൊണ്ടുവന്ന പ്രമേയം രക്ഷാസമിതിയില്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. പതിനഞ്ചംഗ രക്ഷാസമിതിയില്‍ ചൈനയും ബൊളീവിയയും മാത്രമാണ് റഷ്യയെ പിന്തുണച്ചത്.

എട്ട് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ നാലുരാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. എത്യോപ്യ, കസാക്കിസ്താന്‍, പെറു, ഇക്വറ്റോറിയല്‍ ഗിനിയ എന്നീ രാജ്യങ്ങളാണ് വിട്ടുനിന്നത്. ലോകത്തിന് ഏറ്റവും ദുഖകരമായ ദിനമെന്നായിരുന്നു രക്ഷാസമിതി നടപടിയെ റഷ്യന്‍ പ്രതിനിധി വാസിലി നെബന്‍സിയ വിശേഷിപ്പിച്ചത്. രക്ഷാസമിതി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്നും റഷ്യ ആരോപിച്ചു. അസദ് രാസായുധം പ്രയോഗിച്ചെന്ന വാദം തളളിയ റഷ്യ പാശ്ചാത്യശക്തികളുടെ തെറ്റായ നിഗമനങ്ങളെ തെളിവുകള്‍ ഖണ്ഡിക്കുമെന്നും വ്യക്തമാക്കി. സിറിയയ്ക്കെതിരായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും സിറിയയിലെ ഭീകരവാദികളെ സഹായിക്കുന്ന നിലപാടില്‍ നിന്ന് അമേരിക്കയും സഖ്യകക്ഷികളും പിന്‍മാറണമെന്നും സിറിയന്‍ അംബാസഡര്‍ ബശ്ശാര്‍ ജാഫരി പറഞ്ഞു. അന്താരാഷ്ട്ര പരിശോധക സംഘം അടുത്ത ദിവസം സിറിയന്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണെന്നും അവര്‍ക്ക് വേണ്ട എല്ലാ സഹായവും സിറിയ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തെ അപലപിക്കാന്‍ റഷ്യന്‍ ആവശ്യപ്രകാരമായിരുന്നു രക്ഷാസമിതി അടിയന്തരയോഗം ചേര്‍ന്നത്. എന്നാല്‍ സിറിയയില്‍ ബശ്ശാറുല്‍ അസദ് രാസായുധം പ്രയോഗിച്ചതിനു തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്നും ഇനിയും രാസായുധ ആക്രമണത്തിന് അസദ് മുതിര്‍ന്നാല്‍ ആക്രമണം തുടരുമെന്നും അമേരിക്ക വ്യക്തമാക്കി

Scroll To Top