Monday February 27, 2017
Latest Updates

സിപിഎമ്മും സീരിയസാകുന്നു; ചാലക്കുടിയില്‍ ഇന്നസെന്റ്റ് ; മമ്മൂട്ടി ഇല്ലേയില്ല !

സിപിഎമ്മും സീരിയസാകുന്നു; ചാലക്കുടിയില്‍ ഇന്നസെന്റ്റ് ; മമ്മൂട്ടി ഇല്ലേയില്ല !

തിരുവനന്തപുരം: ഇടുക്കി സീറ്റും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും സംബന്ധിച്ച ചര്‍ച്ചകളില്‍ തട്ടി യുഡിഎഫ് സീറ്റ് വിഭജനം മുറുകിയും അയഞ്ഞും നീങ്ങുമ്പോള്‍ ഇടതുപക്ഷം ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ശക്തമായ തയ്യാറെടുപ്പുകള്‍ തുടങ്ങി.ഇന്നലെ നടന്ന സെക്രട്ടറിയേറ്റ് യോഗം അംഗീകരിച്ച പ്രാഥമിക പട്ടികയില്‍ നടന്‍ ഇന്നസെന്റും ഐഎഎസ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസുമാണ് സിപിഎമ്മുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന’ ഫ്രഷ് മുഖങ്ങള്‍.

പതിവ് മുഖങ്ങളില്‍ നിന്നും ഒട്ടേറെ മാറ്റങ്ങള്‍് വരുത്തി പുതിയ പ്രതിഛായകളുമായി പോര്‍ക്കളത്തില്‍ എത്താനാണ് ഇടതുകക്ഷികളുടെ ശ്രമം.ചാലക്കൂടി പിടിച്ചെടുക്കാനായിരിക്കും ഇന്നസെന്റിന് നിയോഗം. ഇറങ്ങിയാല്‍ ഇത് രണ്ടാം തവണയായിരിക്കും ഇന്നസെന്റ്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 1979 ല്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഇരിങ്ങാലക്കുട നഗരസഭയില്‍ ഇന്നസെന്‍്‌റ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മുന്നണി പറയുമ്പോഴേ സ്ഥാനാര്‍ഥിയാണെന്ന് താന്‍ പറയു എന്നായിരുന്നു ഇന്നസന്റിന്റെ പ്രതീകരണം.എന്നാല്‍ ഇന്നലെ തന്നെ പിണറായി വിജയന്‍ ഇന്നസന്റിനെ തീരുമാനം അറിയിച്ചുകഴിഞ്ഞു എന്നാണ് ഇന്നസന്റിന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്.ഇന്നസന്റ് ആകട്ടെ ഫോണ്‍ വഴിയുള്ള പ്രചരണം ആരംഭിച്ചുകഴിഞ്ഞു.

മത്സരരംഗത്ത് ഷംസീറും പി കെ സൈനബയും ഉണ്ടാകുമെന്നാണ് സൂചനകള്‍. കടുത്ത മത്സരം വരുന്ന വടകരയില്‍ യുവമുഖം ഷംസീറിനെ മത്സരിപ്പിച്ച് വിജയം കൊയ്യാന്‍ ശ്രമിക്കുമ്പോള്‍ മലപ്പുറത്ത് സൈനബയെ പരീക്ഷിക്കാനും നീക്കമുണ്ട്.സി.പി.എം. സംസ്ഥാന സമിതിയംഗവും പ്രമുഖ വനിതാനേതാവുമായ പി.കെ. സൈനബയെ മലപ്പുറത്തെ വനിതാ വോട്ടര്‍മാരുടെ കൂടി പിന്തുണ കണ്ടെത്താന്‍ നിയോഗിക്കാനാണ് നിര്‍ദേശം.ടി കെ ഹംസയുടെ പേരും പരിഗണനയില്‍ ഉണ്ട്.

കയര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ കൂടിയായ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ എറണാകുളത്ത് നിര്‍ത്തിയേക്കും. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും മുന്‍മന്ത്രിയുമായ എം.എ. ബേബി കൊല്ലത്തും സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ പി.കെ. ശ്രീമതി കണ്ണൂരിലും മത്സരിക്കും.സിറ്റിങ് എം.പിമാരായ പി.കരുണാകരന്‍ കാസര്‍കോട്ടും എം.ബി.രാജേഷ് പാലക്കാട്ടും പി.കെ. ബിജു ആലത്തൂരും എ. സമ്പത്ത് ആറ്റിങ്ങലിലും വീണ്ടും മത്സരത്തിനിറങ്ങും.കോഴിക്കോട്ട് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗവും മുന്‍ എം.പിയുമായ എ. വിജയരാഘവനാണ് സ്ഥാനാര്‍ഥി. സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറിയായ സി.ബി. ചന്ദ്രബാബു ആലപ്പുഴയില്‍ മത്സരിക്കും.സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ച ഏക പാര്‍ട്ടി ജില്ലാ സെക്രട്ടറിയും സി.ബി. ചന്ദ്രബാബുവാണ് .

പൊന്നാനി, ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായില്ല. പൊന്നാനി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ വ്യാഴാഴ്ച രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനം ഉണ്ടാകും.കോട്ടയത്ത് പി കെ ഹരികുമാറിന്‍െ്‌റ പേര് ഉയര്‍ന്ന് കേട്ടിരുന്നു. അനുയോജ്യനായ സ്ഥാനാര്‍ത്ഥികളെ കിട്ടാത്ത സാഹചര്യത്തില്‍ കോട്ടയത്ത് മമ്മൂട്ടിയെ സിപിഎം മത്സരിപ്പിക്കാന്‍ ഇറക്കുമെന്ന് അഭ്യുഹങ്ങള്‍ ഉണ്ടായിരുന്നെ്ങ്കിലും താരം അത് നിഷേധിച്ചിരുന്നു. സെക്രട്ടറിയേറ്റില്‍ അത്തരം ഒരു പരാമര്‍ശം പോലുമുണ്ടായില്ല.

ഇടുക്കിയിലും പത്തനംതിട്ടയിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യവും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ടുവരാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഈ സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് മത്സരിച്ചാലും തത്വത്തില്‍ പിന്തുണയ്ക്കാനും ധാരണയായിട്ടുണ്ട്.

പ്രാഥമിക ധാരണയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വരുംദിവസങ്ങളിലേ ഉണ്ടാകുകയുള്ളൂ. ഈ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടവരുടെ സ്ഥാനാര്‍ഥിത്വത്തിന് ബന്ധപ്പെട്ട ജില്ലാ കമ്മിറ്റികളുടേയും പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടേയും അംഗീകാരം ലഭിച്ചശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ. രണ്ടുദിവസം ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിന്റെ തുടര്‍ച്ചയായി വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാന സമിതിയും യോഗം ചേരും

Scroll To Top