Thursday November 23, 2017
Latest Updates

സഹപാഠികള്‍ (മൗന മന്ദഹാസം-ജോണ്‍ വര്‍ഗീസിന്റെ ആഴ്ച്ചകുറിപ്പുകള്‍) 

സഹപാഠികള്‍ (മൗന മന്ദഹാസം-ജോണ്‍ വര്‍ഗീസിന്റെ ആഴ്ച്ചകുറിപ്പുകള്‍) 

കുര്യാച്ചന്‍ പത്തില്‍ പഠിത്തം നിര്‍ത്തി, പള്ളിയില്‍ കൈക്കാരനായി, തിരുമേനിയുടെ വെയ്പ്പുകാരനായി, പരിണമിച്ച് സഭാ ട്രസ്റ്റിയുമായി ഹെഡ്മാസ്റ്റര്‍ ചാണ്ടി സാറിന്റെ മകള്‍ അന്ന ചാണ്ടിയുടെ ഭര്‍ത്താവ്,കേരളാ റബ്ബര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു.
ഒന്‍പതാം ക്ലാസ്സില്‍ മൂന്നാം വര്‍ഷ ഫൈനല്‍ ഇയര്‍ ആയിരുന്നപ്പോള്‍ സ്‌കൂള്‍വക തോട്ടത്തില്‍നിന്നും വരിക്കച്ചക്ക മോഷ്ടിച്ചതിന് കുര്യാച്ചനെ മൂന്നാഴ്ച പുറത്താക്കിയിരുന്നു. (ആ മൂന്നാഴ്ച്ചക്കാലമാണ് തന്റെ ജീവിതത്തിലെ സുവര്‍ണ കാലമായി ‘ഇടക്കാല പരീക്ഷണങ്ങള്‍’ എന്ന ആത്മകഥയില്‍ കുര്യാച്ചന്‍ അഭിമാനിക്കുന്നുണ്ട്).

അന്ന് സ്‌കൂള്‍ അസ്സെംബ്ലിയില്‍ ചാണ്ടിസാര്‍ ചെയ്ത പ്രസംഗത്തില്‍ ഗാന്ധിജിയുടെ സത്യസന്ധത എടുത്തു പറയുകയുണ്ടായി. കുര്യാച്ചനെ തൊണ്ടിയോടെ പിടിച്ച പത്താംക്ലാസ്സ് ‘ബി’ യിലെ എം.എം. പൗലോസ് എല്ലാവര്‍ക്കും മാതൃകയാണെന്നും തൊണ്ടിമുതലായ വരിക്കച്ചക്ക ഉയര്‍ത്തിക്കാട്ടി ചാണ്ടിസാര്‍ പറഞ്ഞു. പൌലോസിനെ അധ്യാപകരും കുട്ടികളും ചേര്‍ന്ന് കൈ അടിച്ച് അനുമോദിച്ചു.

പിന്നീട് കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന പൗലോസ് താനന്ന് കുര്യാച്ചനെ
ഒറ്റുകൊടുത്തത് ‘ചരിത്രപരമായ വിഡ്ഢിത്തരം’ ആയിരുന്നു എന്ന് ഏറ്റുപറഞ്ഞിട്ടുണ്ട്. ദാരിദ്ര്യം കൊണ്ട് കുര്യാച്ചന്‍ വലയുകയായിരുന്നെന്നും,വിശപ്പു സഹിക്കാന്‍ കഴിയാതെ വന്നപ്പോഴുണ്ടായ സ്വാഭാവിക മാനുഷീക
പ്രചോദനങ്ങള്‍ ആണെന്നും ആ മോഷണത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഇത്തരം
സാഹചര്യങ്ങളില്‍ വിശപ്പിനു കാരണമാകുന്ന ഇന്ദ്രീയങ്ങളെ ‘കറുപ്പ്’ കഴിച്ചു ശാന്തമാക്കാം എന്നും അദ്ദേഹം പ്രസ്താവന ഇറക്കി.

ഒരു നിരപരാധിയെ ക്രൂശില്‍ തറച്ച ദുഃഖം കറുപ്പ് കഴിച്ചിട്ടും മാറാത്തതിനാല്‍ പൗലോസ് വേര്‍തിരിക്കപ്പെട്ടു വിശുദ്ധ ജലസ്‌നാനം കൈക്കൊണ്ട് ലോകത്തിന്റെ അറ്റം തിരഞ്ഞു സുവിശേഷം എത്തിച്ചുകൊണ്ടിരിക്കുന്നു.

പത്തു ‘സീ’ യിലെ സുശീലന്‍ ദുര്‍ഗുണപരിഹാര പാഠശാലയിലെ പഠിത്തം പൂര്‍ത്തിയാക്കി പട്ടണത്തിലെ സബ്ജയിലില്‍ മുറി എടുത്തു താമസിക്കുന്നു. സൈഡ് ആയിട്ട് മൊബൈല്‍ ഫോണ്‍ വില്പ്പനയും വില്പനാനന്തര സേവനവും.

കവിത എഴുതിയിരുന്ന ശാരദയെ കണ്ണൂരുള്ള ഒരു പട്ടാളക്കാരന്‍ കെട്ടി കനലു കെടുത്തി ചാരം കുടത്തിലാക്കി കൂടെ കൊണ്ടുനടക്കുന്നു. അവള്‍ക്കു സുഖമാണ്, ഒന്നും അറിയേണ്ടല്ലോ?…

സുധാകരന് സോപ്പ് നിര്‍മ്മാണമാണ്. വിരല്‍ചുറ്റും പുണ്ണും പുഴുക്കടിയുമായി അവന്റെ തൊലിപ്പുറങ്ങളില്‍ ഊറക്കിട്ട പാടുകള്‍ കണ്ടു. വാസന സോപ്പിനു അലേര്‍ജി അകറ്റാനുള്ള സിദ്ധി ഉണ്ടെന്നാണ് കവറില്‍ പരസ്യം.

ജോര്‍ജ്ജിനെ കണ്ടത് ആരക്കുന്നം പഞ്ചായത്ത് ആപ്പീസിനു താഴെ മൂലക്കുള്ള മുറുക്കാന്‍ കടയുടെ സൈഡ് ചേര്‍ന്ന് നില്ക്കുമ്പോഴാണ്. പണ്ടുള്ള അതേ കള്ള ലക്ഷണം ആ മുഖത്ത് ഉണ്ടായിരുന്നു. പരിചയപ്പെട്ടു കഴിഞ്ഞ ഉടനെ ജോര്‍ജ് കരഞ്ഞു തുടങ്ങി. നന്നായി മദ്യപിച്ചിട്ടുണ്ട്. ബാറുകള്‍ മിക്കതും പൂട്ടിയ ഇക്കാലത്ത് ഇവനിതെവിടുന്നു സംഘടിപ്പിച്ചു?

‘നിനക്ക് വേണോ? ഞാന്‍ മേടിച്ചു തരാം…..നീ പൈസ കൊടുത്താല്‍ മതി…… ഫോര്‍സ്റ്റാര്‍ ഹോട്ടലാ…അത് പോട്ടെ….നിനക്കറിയുവോ ഞാന്‍ പത്തില്‍ തോറ്റതിന്റെ കാരണം…….തിരുവന്തപുരംകാരന്‍ ഒരു മലയാളി നായര് ആയിരുന്നെടാ അന്ന് എന്റെ പേപ്പര്‍ നോക്കിയത്. അയാളെന്നെ മനപൂര്‍വ്വം തോല്പ്പിച്ചതാ’…

‘അല്ല ജോര്‍ജ്…..നിന്നെ ആള്‍ക്കാര്‍ ‘ഷൈലോക്ക്’ എന്നോ മറ്റോ വിളിക്കാറുണ്ടെന്നു കേട്ടു. ശരിയാണോ?’
‘അല്ല….ശരിയല്ല….രണ്ടാഴ്ച അകത്താരുന്നു……..ഇപ്പൊ വിളിക്കുന്നത് ‘കുബേര ജോര്‍ജ്’ എന്നാണ്…ന്താ നെനക്ക് കാശുവല്ലതും വേണോ? ചെറിയ പലിശ തന്നാല്‍ മതി….എത്ര വേണം?’
‘എനിക്ക് കാശൊന്നും വേണ്ടാ…..നമ്മുടെ സുധാകരനില്ലേ’…. ജോര്‍ജ് എന്നെ തുടരാന്‍ അനുവദിച്ചില്ല.
‘യേത്…..സോപ്പ് സുധാകരനോ? അവന്റെ പേരുകേട്ടാല്‍ എനിക്ക് ചൊറിയും.’
‘അതെന്താ ജോര്‍ജ് അങ്ങിനെ?’
‘അവന് ഞാനൊരു പതിനായിരം രൂപ കടം കൊടുത്തു. പലിശേം ഇല്ല മൊതലും ഇല്ല. ഒരു വര്‍ഷമായി ഞാനും കുടുംബോം അവന്റെ വാസന ഇല്ലാത്ത സോപ്പ് ആണ് തേക്കുന്നത്. നീ കണ്ടോ കൈവിരലും തൊലിയും.’

hhiജോര്‍ജ് ഷര്‍ട്ട്‌ന്റെ കൈമടക്ക് പൊക്കി കാട്ടി വീണ്ടും കരഞ്ഞു തുടങ്ങി.

ഞങ്ങള്‍ ആരക്കുന്നം ബാറിലേക്ക് നടന്നു

ജോണ്‍ വര്‍ഗീസ്

 

Scroll To Top