Thursday February 23, 2017
Latest Updates

സലോമി (സലോമി ആന്റ്റപ്പന്‍ ,റിയാദ് ,സിംഗപ്പൂര്‍ വഴി അയര്‍ലണ്ട് )-നര്‍മ്മകഥ

സലോമി (സലോമി ആന്റ്റപ്പന്‍ ,റിയാദ് ,സിംഗപ്പൂര്‍ വഴി അയര്‍ലണ്ട് )-നര്‍മ്മകഥ

അസ്ഥിതുളക്കുന്ന ഹൈറേഞ്ചിലെ കാറ്റും തണുപ്പും വകവയ്ക്കാതെ പശുകറവയും കഴിഞ്ഞ് അമ്മിണിചേടത്തി നാട്ടുകാര്‍ക്ക് കൊടുക്കാനുള്ള പാലില്‍ അല്പം വെള്ളവും ഒഴിച്ചുഅടുക്കളയില്‍ തിരിച്ചെത്തിയപ്പോഴും സലോമി എഴുന്നേറ്റിരുന്നില്ല .

മുട്ടത്ത് വര്‍ക്കി നോവലുകളുടെ ആരാധികയായ , കുംങ്കുമ പൂവും അമ്മകിളിയും കണ്ട് പൊട്ടികരയുന്ന സലോമി ,കൂലിപണിക്കാരിയായ അമ്മിണിയുടെയും ദേഹമനങ്ങി ഒരു പണിയുംചെയ്യാത്ത(പിന്നെ എങ്ങനെ സലോമി..? , കഥയില്‍ ചോദ്യമില്ല) അവറാന്റെയും ഒറ്റസന്താനമാണ് .

മകളെ അല്‍ഫോന്‍സാമ്മയേപ്പോലെ ഒരു കന്യാസ്ത്രീ ആക്കണം എന്നുള്ള അമ്മിണിയുടെ സ്വപ്നവും, ഷാപ്പുകാരന്‍ കോരയുടെ മകനെകൊണ്ട് സലോമിയെ കെട്ടിക്കണം എന്ന അവറാന്റെ
ആഗ്രഹവും ഇന്ത്യാ പാക്കിസ്ഥാന്‍ യുദ്ധം പോലെ അക്രമാസക്തമായപ്പോള്‍ ഇതില്‍നിന്നും എങ്ങനെ രക്ഷപെടുമെന്നോര്‍ത്ത് സലോമി ഗുരുത്താകര്‍ഷണം കണ്ടുപിടിച്ച ന്യൂട്ടനെപോലെ തലപുകച്ചിരുന്നു . .
‘ചോറെടുക്കടീ ‘…., ഷാപ്പില്‍നിന്നും അടിച്ചുഫിറ്റായിവന്ന അവറാന്റെ വിളികേട്ടാണ് അമ്മിണി പറമ്പില്‍ നീന്നും കയറിവന്നത് .നല്ല കോഴിക്കറിയുടെ മണം നാസാരന്ധ്രങ്ങളെ ചുംബിച്ചപ്പോള്‍ സീമയെ കണ്ട ബാലന്‍ കെ നായരെപ്പോലെ വെള്ളമിറക്കികൊണ്ടിരിക്കുന്നതിനിടയിലാണ് ഷാപ്പില്‍നിന്നും കിട്ടിയ ആ ന്യൂസ് അവറാന്‍ അമ്മിണിയോടായി പറയുന്നത് , ഷാപ്പുകാരന്‍ കോരയുടെ മകള്‍ നഴ്‌സിംഗ് പഠനം കഴിഞ്ഞു അമേരിക്കക്ക് പോകുന്നു !

ഈ വിവരം കേട്ട സലോമിയുടെ മനസ്സില്‍ ലഡ്ഡുപൊട്ടി . അങ്ങനെ അയല്‍ക്കാരി മിനിമോളുമൊന്നിച്ച് സലോമി പഠനത്തിനായി ബോംബെയിലേക്ക് ട്രെയിന്‍ കയറി. മംഗളം വാരികയിലെ കഥകളിലെപോലെ എളുപ്പമല്ല ജീവിതം എന്ന് നഴ്‌സിംഗ് പഠനത്തിനിടയില്‍ മനസിലാക്കിയ സലോമി , മൂന്നു വര്‍ഷത്തെ നഴ്‌സിംഗ് പഠനം അഞ്ചു വര്‍ഷം കൊണ്ട് കഷ്ട്ടപെട്ടു പൂര്‍ത്തിയാക്കി. പഠനത്തില്‍ പുറകോട്ടായിരുന്നെങ്കിലും അഞ്ചു വര്‍ഷത്തെ ബോംബെ ജീവിതം സലോമിയെ നല്ലൊരു പിശുക്കിയാക്കിതീര്‍ത്തു .ബോണ്ട് ജീവിതം കൊണ്ട് കഷ്ട്ടപെട്ട് ഉണ്ടാക്കിയപൈസ അവള്‍ നാട്ടില്‍ അമ്മക്ക് അയച്ചുകൊടുത്തു
കഷ്ട്ടപ്പാടുകള്‍ നിറഞ്ഞ പഠന കാലശേഷം സലോമിക്ക് ഗള്‍ഫിലേക്ക് ഒരു വിസ റെഡിയായി . അങ്ങനെ ആറ്റുനോ റ്റു വളര്‍ത്തിയ നാല് എരുമകളേയും ഒരു മൂരിക്കുട്ടനെയും കശാപ്പുകാരന്‍ പാപ്പിക്ക് പിടിയാ വിലക്ക് വിറ്റ് അമ്മിണി സലോമിയെ ഗള്‍ഫിലേക്ക് അയച്ചു .നാല്‍കാലികളെ വിറ്റപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടത്തില്‍ ലാഭം കിട്ടിയ പുത്തന്‍ പണക്കാരനെപ്പോലെ അവറാന്‍ പൊട്ടിച്ചിരിച്ചു. ഇനിയെങ്കിലും അമ്മിണി നമ്മളെ ഒന്നു പരിഗണിക്കുമല്ലോ
ഗള്‍ഫിലെ ഹോസ്പിറ്റലില്‍ ജോലികിട്ടിയ സലോമി അറബികളുടെ സ്‌നേഹത്തെകുറിച്ചും , ഈന്തപ്പഴത്തിന്റെ രുചിയെകുറിച്ചും തുടങ്ങി വിശദമായ ഒരു കത്തെഴുതി നാട്ടിലേക്കയച്ചു . അമ്മിണി അവലോസുണ്ടയും കുഴലപ്പവും അയല്‍ പക്കകാര്‍ക്ക് കൊടുത്ത് സന്തോഷം പങ്കിട്ടു .

മൂന്നു വര്‍ഷം എത്ര പെട്ടെന്നാ പോയത് , അവധിക്കായി നാട്ടിലെത്തിയ സലോമിയുടെ മുടി കെട്ടികൊടുക്കുന്നതിനിടയില്‍ അമ്മിണി പറഞ്ഞു .അടുത്ത തവണ വരുമ്പോള്‍ ഒരു നല്ല വീട് പണിയണം…

ഷാപ്പുകാരന്‍ കോരയെപ്പോലെ (ഇപ്പോള്‍ വല്യ ബാ റ് മുതലാളിയാ കോര) ആ ,ഞാനും ഒരു മുതലാളിയാവും.. മത്തായി ദിവാസ്വപ്നത്തില്‍ മുഴുകി .

എടീ സലോമി നിനക്കൊരു ഫോണ്‍ , ഉറക്കത്തില്‍ നിന്നും ഞെട്ടിഉണര്‍ന്ന സലോമി അങ്ങേത്തലക്കല്‍ ഗള്‍ഫില്‍ നിന്ന് മിനിമോള്‍ പറഞ്ഞ വിവരം കേട്ട് ഇന്‍കംടാക്ക്‌സ് പിടിച്ച മോഹന്‍ലാലിനെപോലെ കണ്ണുംതള്ളി നിന്നു.മരുന്ന് മാറി കൊടുത്തതിന് ജോലി നഷ്ട്ടപെട്ടിരിക്കുന്നു……

‘അമ്മേ നമ്മുടെ നാരായണന്‍ ഡോക്ടറുടെ ഡിസ്‌പെന്‌സറിയില്‌ജോലിക്കുപോയാലോ , എത്രനാളാ ഇങ്ങനെ ചുമ്മാ ഇരിക്കുന്നെ’

..’ആ വീണ്ടും ഉണക്കകപ്പേം മുള്ളന്‍ വറുത്തതും തന്നെ’ , മത്തായി പിറുപിറുത്തു……….

കട്ടന്‍ കാപ്പിയും ചൊറിയന്‍ കുമാരന്റെ കടയില്‍നിന്നും മേടിച്ചുകൊണ്ടുവന്ന ബോണ്ടയും കഴിച്ച് ആകാശവാണിയിലെ ചലച്ചിത്രഗാനങ്ങള്‍ കേട്ടുകൊണ്ടിരിക്കുമ്പോഴാണ് സിംഗപ്പൂരില്‍ നഴ്‌സിംഗ് വേക്കന്‍സി എന്ന മനോരമയിലെ പരസ്യം മത്തായി സലോമിയെ കാണിക്കുന്നത് , ഇത് കണ്ടപാതി തിന്ന ബോണ്ടയുടെ പകുതി അമ്മിണിക്ക് കൊടുത്ത് കട്ടപ്പന പള്ളിയില്‍ ചെന്ന് തിരിയും കത്തിച്ചിട്ട് സലോമി കോട്ടയത്തെ ഏജന്‍സിയിലേക്ക് ……

എമരിറ്റ്‌സിന്റെ വിമാനത്തില്‍ സിംഗപ്പൂരില്‍ ചെന്നിറങ്ങിയ സലോമി മനോരമക്കും കട്ടപ്പനപള്ളിയിലെ പുണ്യാളനും നന്ദി പറഞ്ഞു . ഗള്‍ഫ് പോലെയല്ല സിംഗപ്പൂര്‍ , നല്ല അടിപൊളി ജീവിതം .’മാനത്തെ ചന്തിരനൊത്തൊരു മണിമാളികകെട്ടും ഞാന്‍ ….എന്ന പാട്ടും പാടി സലോമി സിംഗപൂറിലൂടെ പാറിനടന്നു.നല്ല വീട് , കാറ്.. സലോമി മോഹിച്ചതെല്ലാം പതിയെ നേടികൊണ്ടിരുന്നു. നാട്ടിലേക്കും സലോമി പണം അയച്ചുകൊണ്ടിരുന്നു .

ചാണകത്തിന്റെ മണമുള്ള ചട്ടയും മുണ്ടും ധരിച്ചിരുന്ന അമ്മിണി പളപളമിന്നുന്ന സാരിയില്‍ മിന്നിത്തിളങ്ങി. അമ്മിണിയുടെ മേനിയില്‍നിന്നും ബ്രുട്ടുസ്‌പ്രേയുടെ മണം ആദ്യമായി മത്തായി അറിഞ്ഞു .മത്തായിയുടെ ഫോറിന്‍ മുണ്ട് ഷാപ്പിന്റെ ഇടവഴികളില്‍ സ്ഥിരമായി തത്തികളിക്കാന്‍ തുടങ്ങി .

വൈകുന്നെരത്തെ കറിക്ക് ബീന്‍സ് അരിഞ്ഞു കൊണ്ടിരിക്കുംബോഴാണ് ഗള്‍ഫില്‍ നിന്ന് കൂട്ടുകാരിയായ മിനിമോള്‍ വിളിക്കുന്നത് ,എടി ഞാന്‍ അയര്‍ലന്‍ഡിനു പോകുവാ , എന്റെ കസിന്‍ അവിടുണ്ട് .അവള്‍ അവിടെ യുറോ വാരുകയാ. ഇപ്പോഴാണെങ്കില്‍ ILTS വേണ്ട ,നീയുംകൂടി ഉണ്ടെങ്കില്‍ ഒരു രസമായിരുന്നു ….’

‘എന്നാ എനിക്കുംഒരു രജിസ്ട്രറേഷ9 കിറ്റ് വരുത്തെടീ’, അങ്ങനെ യേശുവിനെ തള്ളിപറഞ്ഞ യുദാസിനെപോലെ തനിക്ക് എല്ലാം തന്ന സിംഗപ്പൂറിനെ ഉപേക്ഷിച് സലോമി അയര്‍ലന്‍ഡിലേക്ക്…….

അയര്‍ലന്‍ഡിലെ നഴ്‌സിംഗ് ഹോമില്‍ കെയററായി ജോലി കിട്ടിയ സലോമി ഇവിടെ വാരുന്നത് യുറോ അല്ലെന്നു തിരിച്ചറിഞ്ഞപ്പോള്‍ രതിനിര്‍വേദ ത്തിലെ ജയഭാരതിയേപ്പോലെ നെടുവീര്‍പ്പെട്ടു .ഇവിടുത്തെ മരം കോച്ചുന്ന തണുപ്പും, മഞ്ഞും ജോലിയിലെ അസ്വസ്ഥതകളും മനസിനെ മടുപ്പിച്ചപ്പോള്‍ സിംഗപൂരിലെ മധുര ഓര്‍മ്മകള്‍ സലോമിയിലേക്ക് ഓടിവന്നു .

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ ക്ഷീണത്താല്‍ ഒന്ന് മയങ്ങി വന്നപ്പോഴാണ് വാതില്‍ തള്ളി തുറന്ന്! മിനിമോള്‍ ഓടിവന്ന് സലോമിയെ കെട്ടിപിടിച്ചുകൊണ്ടുപറയുന്നത്, എടീ നമ്മള്‍ അഡാപ്‌റ്റേഷന്‍ പാസ്സായി .അങ്ങനെ സലോമി അടുത്തുള്ള ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സ് ആയി . രണ്ടാഴ്ച കൂടുമ്പോള്‍ കിട്ടുന്ന സാലറി സ്ലിപ്പിലെ യുറോ കണ്ട് ടോം ആന്‍ഡ് ജെറി കണ്ട കുട്ടിയെപ്പോലെ സലോമി സന്തോഷിച്ചുകൊണ്ടിരുന്നു .

മനോരമപത്രത്തില്‍ നല്ലയിനം ജഴ്‌സി പശുക്കളെ വില്‍ക്കാനുണ്ട് എന്ന പരസ്യം കണ്ടപ്പോഴാണ് മകള്‍ക്ക് കല്യാണ പ്രായം ആയെന്നു അവറാന് തോന്നിയത് . അങ്ങനെ നാട്ടിലെ കല്യാണബ്രോക്കറായ പരപ്പനാനി ഏലിയാമ്മ ചേടത്തി ഗള്‍ഫില്‍ ഫ്‌ലോര്‍ മാനേജറായ (തറപ്പണി എന്ന് അസുയാലുക്കള്‍)ആലോചനയുമായെത്തി ആന്റപ്പന്റെ ഫോട്ടോ കണ്ട സലോമി ചെറുക്കന്‍ കാണാനായി നാട്ടിലേക്കു പറന്നെത്തി .

ചായയുമായി വന്ന സലോമിയെ കണ്ടപ്പോള്‍ അവളുടെ രാവുകള്‍ കണ്ട കൗമാരക്കാരനെപ്പോലെ ആന്റപ്പന്‍ നോക്കിയിരുന്നു .നസീറിനെപോലെ വരയുള്ള മീശയും . ബെല്‍ബോട്ടം പാന്റുമിട്ട ആന്റപ്പനെ കണ്ടപ്പോള്‍ സലോമി ഉറപ്പിച്ചു ‘ഇതുതന്നെ എന്റെ കാന്തന്‍’….. . അങ്ങനെ സലോമി, സലോമി ആന്റപ്പനായി .

കല്യാണശേഷം പെട്ടെന്നുതന്നെ ആന്റപ്പന് അയര്‍ലണ്ട് വിസ റെഡിയായി .(സാരി വിസ എന്ന് ഓമനപ്പേര്‍) അങ്ങനെ ഓസ്‌കാര്‍ അവാര്‍ഡ് വാങ്ങാന്‍ പോയ റസുല്‍ പൂക്കുട്ടിയെപോലെ ആന്റപ്പന്‍ ഡബ്ലിന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങി . നാട്ടില്‍ OCR അടിക്കുമ്പോള്‍ മാത്രം ഇംഗ്ലീഷ് സംസാരിക്കുന്ന ആന്റപ്പന് സലോമി എയര്‍പോര്‍ട്ടില്‍ ഇംഗ്ലീഷ് സംസാരിക്കുന്നത് കേട്ട് വായുംപൊളിച്ചുനിന്നു .

അയര്‍ലണ്ടില്‍ ചെന്ന ആന്റപ്പന്‍ തന്റെ ഭാര്യ സ്ഥിരമായി നൈറ്റ് ഡ്യൂട്ടിക്ക് പോകുന്നവളും , നക്കിയും സര്‍വോപരി ഒരു നല്ല പിശുക്കിയുമാണെന്നുള്ള സത്യം മനസിലാക്കി .ചുംബനകാര്യത്തില്‍പ്പോലും ഈ പിശുക്ക്(FLYING KISS ONLY) ഉണ്ടെന്നു മനസിലാക്കിയ ആന്റപ്പന്‍ ആകെ തകര്‍ന്നുപോയി .

െ്രെഡവിംഗ് ടെസ്റ്റ് പതിനഞ്ചാമത്തെ പ്രാവശ്യം വിജയകരമായി പാസായ ആന്റപ്പന്‍ ഇരുപതു വര്‍ഷം മുന്‍പു മേടിച്ചപ്പോള്‍ പുതിയതായിരുന്ന നിസാന്‍ കാര്‍ സായിപ്പിന്റെ ഗാരേജില്‍നിന്നും മേടിച്ചു കൊണ്ടുവന്നപ്പോള്‍ കൂട്ടുകാരന്‍ ജോഷിയോടാ യി പറഞ്ഞു , ‘നല്ല കണ്ടീഷന്‍ കാറാ’ ,….സലോമിയെ ഹോസ്പിറ്റലില്‍ കൊണ്ടുവിടാന്‍ പോകുമ്പോള്‍ കാറില്‍നിന്നും പഴയ കല്‍ക്കരി ട്രെയിനിലേപോലെ പുക പുറത്തേക്കു തള്ളികൊണ്ടിരുന്നു .

നിങ്ങളിങ്ങനെ എന്നും കംബുട്ടറില്‍ സിനിമയും കണ്ടു നടന്നോ മനുഷ്യാ , ആ മിനിമോളുടെ കെട്ടിയോന്‍ ജോഷിയെ കണ്ടു പഠിക്ക് ., അവനാണെങ്കില്‍ നഴ്‌സിംഗ് ഹോമില്‍ ജോലി , അതുകൂടാതെ നേഴ്‌സ്മാരെ കൊണ്ടുവരുന്ന പണിയും ഉണ്ടെന്ന കേള്‍ക്ള്‍ന്നത്, എനിക്കും ഉണ്ട് ഒരെണ്ണം , ഒന്നിനും കൊള്ളില്ല സലോമിയുടെ ശാപവാക്കുകള്‍ കേട്ട് ആന്റപ്പന്‍ ചാരത്തില്‍ കിടക്കുന്ന പട്ടിയെപ്പോലെ കൂനികൂടികിടന്നുറങ്ങി .

പിറ്റെ ദിവസം മുതല്‍ ആന്റപ്പന്‍ ബയോഡേററയുമായി ജോലി തെണ്ടാനിറങ്ങി. ജോലി മാത്രം കിട്ടുന്നില്ല ,ആന്റപ്പന്റെ ഇംഗ്ലീഷ് കേട്ട് സായിപ്പന്മാര്‍ കമ്പനി പൂട്ടി തുടങ്ങി എന്ന്! പരദൂഷണപ്രിയരായ മലയാളികള്‍ അടക്കംപറഞ്ഞു .ഒരു ദിവസം ആന്റപ്പന്റെ ബയോഡേററ പരിശോധിച്ച സലോമി ലെഃ എന്നെഴുതിയ കോളത്തിനുനേരെ very very interested എന്നെഴുതിയിരിക്കുന്നതുകണ്ട് ചിരിക്കണോ കരയണോ എന്നറിയാതെ തലയില്‍ കൈവച്ചിരുന്നു

കൊളസ്‌ട്രോള്‍ കാരണം ഇപ്പോള്‍ പതിവായി ജിമ്മില്‍ പോകുന്ന ആന്റപ്പന്‍ വിയര്‍ത്തുകുളിച്ചുവന്ന്! നാട്ടില്‍നിന്നും കൊണ്ടുവന്ന ചമന്തിപൊടിയും അച്ചാറും കൂട്ടി കഞ്ഞി കുടിച്ച് സോഫയിലക്ക് ചാഞ്ഞ് ററീവിയുടെ റിമോട്ട് കൈയില്‍ എടുത്തു , ഫാഷന്‍ ചാനല്‍ കാണാം ,അതാകുമ്പോള്‍ ചോറ് പെട്ടെന്ന് ദഹിക്കും .ഫാഷന്‍ ചാനല്‍ കണ്ടു മടുത്ത ആന്റപ്പന്‍ ചാനല് മാറ്റിയപ്പോള്‍ കണ്ടത് റിമ കല്ലുങ്കലിന്റെ കല്യാണകാര്യം. . ഓ, സഹിക്കാന്‍ പറ്റുന്നില്ല .ആന്റപ്പന്‍ ചാനല്‍ മാറ്റി , ശ്വേതാമേനോന്റെ വിശേഷങ്ങള്‍ , ഇന്ത്യാവിഷനിലെ ബ്രേക്കിംഗ് ന്യൂസ് . ആ… ശ്വേതാമേനോന്‍ വരെ പ്രസവിച്ചു , . ഇവിടെയുമുണ്ട് ഒരെണ്ണം അതെങ്ങനെയാ ഒടുക്കത്തെ നൈറ്റ് ഡ്യൂട്ടി അല്ലേ…….

രാവിലെ നിര്‍ത്താതെയുള്ള ഫോണ്‍ വിളി കേട്ടാണ് ആന്റപ്പന്‍ ഉറക്കത്തില്‍നിന്നും ഞെട്ടിയുണര്‍ന്നത് , സലോമി ഡ്യൂട്ടി കഴിഞ്ഞു വന്നിരുന്നില്ല . നാട്ടില്‍നിന്നു അപ്പച്ചനാണ് , മോനേ നീയറിഞ്ഞോ എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തി നമ്മുടെ വീടിനടുത്ത് എന്തൊക്കെയോ പ ദ്ധതികള്‍ വരുന്നു എന്ന് പറഞ്ഞു കേള്‍ക്കുന്നു . ഇന്ന് പലരും സ്ഥലം വില്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചു വന്നിരുന്നു , എന്നാ ചെയ്യണ്ടത് ,,.. സലോമിയുടെ തെറി കേട്ട് ഊപ്പാടുതെറ്റിയ ആന്റപ്പന്‍ അങ്ങനെ നാട്ടിലേക്ക് വച്ചുപിടിച്ചു .

നാട്ടില്‍ ചെന്ന് റിയല്‍എസ്‌റ്റേറ്റ് കച്ചവടം തുടങ്ങിയ ആന്റപ്പന്റെ ശുക്രന്‍ തെളിഞ്ഞു .അകൗണ്ടില്‍ നിറയുന്ന പണം കണ്ട് ആന്റപ്പന്റെ കണ്ണുകള്‍ തിളങ്ങി .ഇക്കണോമി ക്ലാസില്‍ നാട്ടിലേക്ക് പോയ ആന്റപ്പന്‍ ബിസിനസ് ക്ലാസില്‍ ഭാര്യ യെ കാണാ നായി ഒരു മാസത്തേക്ക് അയര്‍ലന്‍ഡിലേക്ക് എത്തി .സ്ഥിരമായി സാമ്പാറും പച്ചരിചോറും വിളമ്പിയിരുന്ന സലോമി കരിമീന്‍ മപ്പാസും കൊണ്ട് സ്‌നേഹത്തോടെ ആന്റപ്പനെ ഊട്ടി . കരിമീന്റെ പള്ളയില്‍നിന്നും കുത്തിയെടുത്ത മാംസം വായിലേക്കു വച്ചുകൊണ്ട് ആന്റപ്പന്‍ ഓര്‍ത്തു , ദൈവമെ കാശിന്റെ ഒരു പവറേ ……..
കുളികഴിഞ്ഞ് ഈറന്മുടിയുമായി നാണത്തോടെ ആന്റപ്പന്റെ മാറില്‍ തലവച്ചുകിടന്നുകൊണ്ട് നാടോടികാറ്റില്‍ ശ്രീനിവാസന്‍ ചോദിക്കുമ്പോലെ സലോമി ചോദിച്ചു , നമുക്കെന്തേ ഈ ബുദ്ധി നേരത്തെ തോന്നാത്തേ …….jomi

(കില്‍ക്കനിയില്‍ താമസിക്കുന്ന ജോമി ജോസ് ഇടുക്കി ജില്ലയിലെ കമ്പിളികണ്ടം സ്വദേശിയാണ്)

like-and-share

Scroll To Top