Tuesday April 25, 2017
Latest Updates

സര്‍ക്കാര്‍ തീരുമാനത്തിന് മുന്‍പില്‍ ബാങ്കുകള്‍ ‘സുല്ലിട്ടു’:ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കുകയില്ല

സര്‍ക്കാര്‍ തീരുമാനത്തിന് മുന്‍പില്‍ ബാങ്കുകള്‍ ‘സുല്ലിട്ടു’:ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കുകയില്ല

ഡബ്ലിന്‍ :സര്‍ക്കാര്‍ അനുമതി കൂടാതെ ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കുകയില്ലെന്ന് ബാങ്കുകള്‍ ഉറപ്പു നല്‍കി. ഇതോടെ ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് അവസാനമായിരിക്കുകയാണ്. ഇത് ഉപഭോക്താക്കളുടെയും ബിസിനസ്സുകാരുടെയും ചെറിയ ഒരു വിജയമായാണ് കണക്കാക്കിയിരിക്കുന്നത്.

ബാങ്കിംഗ് സെക്ടറില്‍ വന്നിരിക്കുന്ന മറ്റൊരു പ്രധാന തീരുമാനം ബോണസുകള്‍ തിരികെ നല്‍കുന്നതിനായി എഐബി ഉദ്യോഗസ്ഥരുമായി ധനകാര്യ മന്ത്രി മൈക്കല്‍ നൂനന്‍ ചര്‍ച്ച നടത്തി എന്നതാണ് . എഐബി ചെയര്‍മാന്‍ ഡേവിഡ് ഹോഡ്ജ്കിന്‍സനുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി നൂനന്‍ ഇത് സംബന്ധിച്ച ചര്‍ച്ച നടത്തി.

സാമ്പത്തിക പ്രതിസന്ധി കാലത്ത് അല്‍പ്പമെങ്കിലും ആശ്വാസമായി നിന്നിരുന്നത് ഇത്തരത്തിലുള്ള ബോണസ് കള്‍ച്ചറായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പക്ഷേ 2009 മുതല്‍ ബാങ്കുകളുടെ രക്ഷയ്ക്കായി ബോണസുകള്‍ നിരോധിക്കുകയായിരുന്നു.

ഇത്തരം ബോണസുകള്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യം എഐബിക്കുനേരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ബാങ്കുകള്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കാനുള്ള അനുമതി വേണമെന്ന വാദവുമായി മുന്നോട്ടു വന്നത്.

എന്നാല്‍ ധനകാര്യ വകുപ്പ് തന്നെ ബാങ്കുകളുടെ ഈ ആവശ്യത്തിന് തടയിടുകയായിരുന്നു. ധനകാര്യ വകുപ്പ് പുറത്തുവിട്ട റിവ്യൂവില്‍ ഇപ്പോള്‍ തത്കാലത്തേക്ക് അത്തരത്തിലുള്ള അധികാരങ്ങള്‍ ഒന്നും തന്നെ ബാങ്കുകള്‍ക്ക് നല്‍കേണ്ട എന്നായിരുന്നു പറഞ്ഞിരുന്നത്.
ഇവിടെ പുതിയ ഫീസുകളും ചാര്‍ജുകളും അവതരിപ്പിക്കുകയും കഴിഞ്ഞ വര്‍ഷം തുടര്‍ന്നിരുന്ന ഫീ സിസ്റ്റത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുക വഴി ഒരു കുടുംബത്തിന് ശരാശരി ഒരു വര്‍ഷം 230 യൂറോയുടെ ചിലവ് വരുമെന്നായിരുന്നു കണക്കുകള്‍ വ്യക്തമാക്കിയത്.

ടാക്‌സ് അടക്കുന്ന ആളുകളില്‍ നിന്നും ബെയിലൗട്ട് കോസ്റ്റായി ഈടാക്കിയ 64 ബില്ല്യന്‍ യൂറോയെക്കാള്‍ കൂടുതലായിരിക്കും ഇത്തരത്തില്‍ ഈടാക്കുന്ന ചാര്‍ജുകള്‍
.
ബെയിലൗട്ട് സമയത്ത് ഇന്‍കം ടാക്‌സും പിആര്‍എസ്‌ഐയും യൂനിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജുകളും എല്ലാം കഴിഞ്ഞ് പല കുടുംബങ്ങള്‍ക്കും 35,000 യൂറോയില്‍ കുറഞ്ഞ വാര്‍ഷിക വരുമാനമായിരുന്നു ലഭിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബാങ്കുകള്‍ക്ക് സ്വന്തമായി ചാര്‍ജുകളും ഫീസുകളും തീരുമാനിക്കാനാവും തരത്തില്‍ നിയമമാറ്റം കൊണ്ടുവരില്ലെന്നാണ് ധനകാര്യ വകുപ്പ് അറിയിച്ചിട്ടുള്ളത്. എഐബിയുടെയും ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെയും ഐറിഷ് ബാങ്ക് ഫെഡറേഷന്റെയും പ്രതീക്ഷ അവിടെ അസ്തമിക്കുകയായിരുന്നു.

സെന്‍ട്രല്‍ ബാങ്ക് റഗുലേറ്റര്‍മാരുടെ അനുവാദമില്ലാതെ അത്തരത്തില്‍ ഒരു ചാര്‍ജു വര്‍ദ്ധനവ് നിയമവും അനുവദിക്കുന്നില്ല. കണ്‍സ്യൂമര്‍ ക്രഡിറ്റ് ആക്റ്റ് പ്രകാരം ഉപഭോക്താക്കളില്‍ നിന്നും ചാര്‍ജുകള്‍ കൂടുതല്‍ ഈടാക്കണമെങ്കില്‍ അതിന് സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി വേണമെന്നാണ് നിയമം. എന്നാല്‍ പലിശ നിരക്കുകളുമായി ബന്ധപ്പെട്ടകാര്യത്തെ നിയമം ബാധിക്കുന്നുമില്ല. ഏതായാലും ഇപ്പോള്‍ ബാങ്കുകളെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ സമ്മതിക്കാന്‍ സാധിക്കില്ലെന്നാണ് ധനകാര്യ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ധനകാര്യ വകുപ്പിന്റെ ഈ തീരുമാനം തങ്ങളുടെ ചെറിയ വിജയമായാണ് കണ്‌സ്യൂമര്‍സ് അസോസിയേഷന്‍ തലവനായ ഡെര്‍മറ്റ് ജ്വല്‍ പറയുന്നത്. ചെറുകിട സംരംഭങ്ങളുടെ പ്രതിനിധി സംഘടനയായ ഐഎസ്എംഇയും തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്.
ബോണസ് സംവിധാനം മടക്കിക്കൊണ്ടുവരുന്നതുമായി സംബന്ധിച്ച തീരുമാനത്തില്‍ എഐബിക്കും വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അത്തരത്തില്‍ ഒരു സംവിധാനം കൊണ്ടുവന്നാല്‍തന്നെ അത് നിയന്ത്രിക്കാന്‍ മികച്ച കഴിവുകളുള്ള മാനേജര്‍മാരെ നിയമിക്കേണ്ടിവരുമെന്നാണ് എഐബിയുടെ ഡേവിഡ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ ഒരു പുതിയ നിയമനം നടത്താന്‍ പറ്റിയ സാഹചര്യത്തിലല്ല ബാങ്ക് ഉള്ളതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Scroll To Top