Tuesday February 21, 2017
Latest Updates

സര്‍ക്കാരിന്റെ ടാക്‌സ് നയങ്ങള്‍ക്കെതിരെ ലിയോ വരദ്കര്‍ രംഗത്ത് ;ടാക്‌സ് കുറച്ചേക്കും

സര്‍ക്കാരിന്റെ ടാക്‌സ് നയങ്ങള്‍ക്കെതിരെ ലിയോ വരദ്കര്‍ രംഗത്ത് ;ടാക്‌സ് കുറച്ചേക്കും

ഡബ്ലിന്‍:സര്‍ക്കാരിന്റെ ടാക്‌സ് നയങ്ങള്‍ക്കെതിരെ ലിയോ വരദ്കര്‍ രംഗത്ത് അയര്‍ലണ്ടിലെ ഉയര്‍ന്ന ടാക്‌സ് നിരക്കുകളും ചാര്‍ജുകളും കഴിവും വിദ്യാഭ്യാസവുമുള്ള ജോലിക്കാരെ പുറം രാജ്യങ്ങളിലേക്ക് ജോലി തേടിപ്പോകാനുള്ള പ്രേരണയാകുന്നതായി ഗതാഗത മന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.
കൂടുതല്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ക്കും ഉയര്‍ന്ന ശമ്പളം ലഭിക്കുവാനും കുറഞ്ഞ അളവിലുള്ള ടാക്‌സിംഗ് സിസ്റ്റം കണക്കിലെടുത്തും ഭൂരിഭാഗം യുവാക്കളും കാനഡ, അമേരിക്ക, ആസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നതായാണ് വരദ്കര്‍ അഭിപ്രായപ്പെട്ടത്.
ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായ ടാക്‌സ് വര്‍ദ്ധനവിനെ എതിര്‍ത്താണ് സ്വന്തം സര്‍ക്കാരിനെതിരെ ഇപ്പോള്‍ വരദ്കറുടെ പ്രസ്താവന പുറത്തിറങ്ങിയിരിക്കുന്നത്.
ടാക്‌സ് വെട്ടിച്ചുരുക്കുന്നതുമായി ഉള്ള തീരുമാനവും അജന്‍ഡയിലുണ്ടെന്ന് വെസ്റ്റ് ഡബ്ലിന്‍ ടിഡി പറഞ്ഞു. ഇതിന്റെ കൂടെ ഇന്‍കം ടാക്‌സും യൂനിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ്ജും കൂടിക്കണക്കിലെടുക്കുമെന്നും ടിഡി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ടാക്‌സുകളുടെ വര്ദധനവ് നിയന്ത്രിക്കാനുള്ള തീരുമാനവും ഒക്ടോബര്‍ 15നു അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റില്‍ പരിഗണിച്ചിട്ടുണ്ടെന്ന് വരദ്കറിന്റെ ആരോപണത്തിന് മറുപടിയായി ജൂനിയര്‍ സാമ്പത്തിക കാര്യ മന്ത്രി ബ്രിയാന്‍ ഹയസ് പറഞ്ഞു.
സെപ്തംബര്‍ വരെയുള്ള എക്‌സ്‌ചെക്കര്‍ കണക്കുകള്‍ കൃത്യമായത് സര്‍ക്കാരിന് ലഭിച്ചതിന് ശേഷം ബജറ്റിനുള്ള അവസാന ജോലികളും പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൂടിയ നിരക്കിലുള്ള ടാക്‌സുകള്‍ ജനങ്ങളെ വിഷമിപ്പിക്കുകയാണ് ചെയ്യുന്നത്. കരിയര്‍ ഭദ്രത ഉറപ്പുവരുത്തുന്നതിനും തങ്ങളുടെ ശമ്പളത്തിന്റെ പകുതിയോളം അപഹരിക്കുന്ന ടാക്‌സുകളില്‍ നിന്നും രക്ഷ നേടുന്നതിനുമായി യുവാക്കളില്‍ ഭൂരിഭാഗം ആളുകളും വിദേശങ്ങളിലേക്ക് കുടിയേറുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റവതരണത്തില്‍ ഉണ്ടായതില്‍ കൂടുതല്‍ എതിര്‍പ്പുകളാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ട യുഎസ് സിയുടെ 3 ശതമാനം വര്‍ദ്ധനവ് തടഞ്ഞു കൊണ്ട് ഫൈന്‍ ഗീല്‍ 3 ശതമാനം വെല്‍ഫയര്‍ റേറ്റ് കട്ട് ആവശ്യപ്പെടുകയാണ് ചെയ്തത്.
ഈ ആഴ്ച്ചയോടെ തന്നെ അടുത്ത ബജറ്റവതരണത്തെ സംബന്ധിക്കുന്ന എല്ലാ ചര്‍ച്ചകളും അവസാനിക്കും. സര്‍ക്കാരിന് ടാക്‌സിന്റെയും കട്ടിന്റെയും അവസാനവട്ട കണക്കുകൂട്ടലുകള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. 3.1 ബില്ല്യണ്‍ യൂറോയ്ക്കും 2.5 ബില്ല്യണ്‍ യൂറോയ്ക്കും ഇടയിലാവാം അവസാന കണക്കുകള്‍ നില്‍ക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നിരുന്നാലും ടാക്‌സുകള്‍ വെട്ടിച്ചുരുക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചനകള്‍. ടാക്‌സിന്റെ വര്‍ദ്ധനവ് ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവതലമുറയെ വിദേശങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച്ച നടത്തിയ സര്‍വ്വേയില്‍ വ്യക്തമായിരുന്നു.
കണക്കുകള്‍ പറയുന്നത്, അയര്‍ലണ്ടില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് ജോലിക്കായി പോയവരില്‍ ബിരുദധാരികളാണെന്നാണ്. വിദേശങ്ങളില്‍ ജോലിചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും സ്ഥിര ജോലിക്കാരാണെന്നും വളരെ കുറച്ചുപേര്‍ മാത്രമാണ് ജോലി ഇല്ലാത്തവരായിട്ടുള്ളതെന്നും യുസിസി നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.
തൊഴിലില്ലായ്മ കാരണമാണ് പലരും വിദേശങ്ങളിലേക്ക് കുടിയേറുന്നതെന്നും വരദ്കര്‍ പറഞ്ഞു. ഇത്തരത്തില്‍ തങ്ങള്‍ മികച്ച ആളുകളെയും അവരുടെ കഴിവുകളുമാണ് മറ്റു രാജ്യങ്ങളിലേക്ക് തിരിച്ചുവിടുന്നതെന്നും വരദ്കര്‍ ആരോപിച്ചു.
ശമ്പളവര്‍ദ്ധനവുണ്ടായാല്‍ സാമ്പത്തിക പ്രതിസന്ധി ഒഴിവാവുകയില്ലെന്നും ജോലിക്കാരില്‍ പലരും തങ്ങളുടെ ശമ്പളത്തില്‍ പകുതിയോളവും ടാക്‌സുകളുടെ അടവിനായാണ് ഉപയോഗിക്കുന്നതെന്നും വരദ്കര്‍ പറഞ്ഞു.

Scroll To Top