Friday January 20, 2017
Latest Updates

സരിത വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തിയെന്ന് വിദേശ മലയാളിയുടെ പരാതി

സരിത വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തിയെന്ന് വിദേശ മലയാളിയുടെ പരാതി

കോട്ടയം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ തന്നെ വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തിയെന്ന് വിദേശ മലയാളിയുടെ പരാതി. സോളാര്‍ തട്ടിപ്പ് പ്രമേയമാക്കി നിര്‍മ്മിക്കുന്ന ഒരു സോളാര്‍ സ്വപ്നം എന്ന സിനിമയുടെ നിര്‍മ്മാതാവ് അമേരിക്കന്‍ മലയാളിയായ രാജു ജോസഫാണ് സരിതയ്‌ക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങള്‍ പ്രഖ്യാപിക്കാന്‍ വിളിച്ച പത്രസമ്മേളനത്തിലാണ് തന്നെ സരിത ഭീഷണിപ്പെടുത്തിയതായി രാജു ജോസഫ് പറഞ്ഞത്.

സരിത എസ് നായരും മറ്റൊരാളുംകൂടി നീണ്ടൂരിലെ വീട്ടിലെത്തുമ്പോള്‍ 85കാരിയായ അമ്മ മറിയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആസമയത്ത് താന്‍ അമേരിക്കയിലായിരുന്നു. ‘ഈ സിനിമ ഇറക്കുന്നത് കാണട്ടെ’ എന്നു പറഞ്ഞ് സരിത ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പിറ്റേന്ന് സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വീട്ടിലെത്തി. സോഷ്യല്‍ മീഡിയയില്‍ സരിതയുടെ പേര് ഉപയോഗിച്ചു എന്നായിരുന്നു പരാതി. ഡിവൈ.എസ്.പി. ആവശ്യപ്പെട്ടപ്രകാരം അത് ഡിലീറ്റ് ചെയ്തുവെന്നും രാജു ജോസഫ് പറഞ്ഞു.

സിനിമയ്‌ക്കെതിരെ ബിജു രാശാകൃഷ്ണനും പരാതി നല്‍കിയിട്ടുണ്ടെന്ന് രാജു ജോസഫ് പറഞ്ഞു. അതേസമയം ഒരു സോളാര്‍ സ്വപ്നം എന്ന സിനിമ സോളാര്‍ തട്ടിപ്പ് കേസിന്റെ മാത്രം കഥയല്ലെന്ന് രാജു ജോസഫ് പറഞ്ഞു. സിനിമയുടെ തിരക്കഥാകൃത്ത് കൂടെയാണ് രാജു ജോസഫ്.

Scroll To Top