Monday February 27, 2017
Latest Updates

സമയത്ത് ഭക്ഷണം കൊടുത്തില്ലെങ്കിലും എച്ച് എസ് ഇ യ്ക്ക് കുട്ടികളെ ഏറ്റെടുക്കാം !

സമയത്ത് ഭക്ഷണം കൊടുത്തില്ലെങ്കിലും എച്ച് എസ് ഇ യ്ക്ക് കുട്ടികളെ ഏറ്റെടുക്കാം !

ഡബ്ലിന്‍ :കുഞ്ഞുങ്ങളെ സാമൂഹ്യ ക്ഷേമ വകുപ്പ് ഏറ്റെടുത്ത സംഭവങ്ങള്‍ക്ക് പിന്നില്‍ കുടിയേറ്റക്കാരെ പേടിപ്പിച്ച് കൃത്യവഴിക്കു കൊണ്ട് പോകാനുള്ള വ്യഗ്രതയെന്നു റിപ്പോര്‍ട്ടുകള്‍.

അടുത്തകാലത്തായി ഗാര്‍ഡയും എച്ച്എസ്ഇയും ശിശു സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായാണ് കണ്ടുവരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു കുട്ടികളെയാണ് ഡബ്ലിനില്‍ വച്ച് തന്നെ ഗാര്‍ഡ ഏറ്റെടുത്ത് എച്ച്എസ്ഇയെ ഏല്‍പ്പിച്ചത്.ഈ രണ്ടു സംഭവങ്ങളും പൊതുവെ ദരിദ്ര വിഭാഗത്തില്‍ പെട്ട കുടിയേറ്റക്കാരുടെ വീടുകളില്‍ നിന്നുള്ളവയായിരുന്നു.

അതിനു മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞത് വെറും 1 ദിവസം മാത്രം പ്രായമായ ചോരക്കുഞ്ഞിനെ എച്ച്എസ്ഇ ഏറ്റെടുത്തതായിരുന്നു. അതും ഗാര്‍ഡയുടെ സഹായത്തോടെ വളരെ നാടകീയമായ രീതിയില്‍ വീട് വളഞ്ഞ് കുഞ്ഞിനെ സ്‌റ്റേഷനില്‍ ഹാജരാക്കണമെന്ന് രക്ഷിതാവിനോട് പറയുകയായിരുന്നു. പിന്നീട് സൂപ്പര്‍വിഷന്‍ ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ അമ്മയുടെ സംരക്ഷണത്തില്‍ തന്നെ കോടതി വിട്ടുനല്‍കുകയായിരുന്നു.

എന്തിനാണ് ഇത്തരത്തില്‍ ഗാര്‍ഡയും എച്ച്എസ്ഇയും കുട്ടികളെ ഏറ്റെടുക്കുന്നത്?മാതാപിതാക്കളുടെയോ ,സുരക്ഷാ ചുമതലയുള്ള മറ്റേതെങ്കിലും സാമൂഹ്യ ഘടകങ്ങളുടെയോ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ച്ച്ചയോ അവഗണനയോ ഉണ്ടെങ്കില്‍ കുട്ടികളെ എച്ച് എസ് ഇ യ്ക്ക് ഏറ്റെടുക്കാം. കുട്ടികള്‍ക്ക് സമയത്ത് ഭക്ഷണം നല്‍കാതിരിക്കുന്നത് മുതല്‍ പഠന കാര്യങ്ങളില്‍ ശ്രദ്ധിക്കാതിരിക്കുന്നത് വരെ ഇതിനു കാരണമായിട്ടുണ്ട്.എങ്കിലും ശാരീരികവും മാനസികവുമായ അക്രമണങ്ങളുടെ പേരിലാണ് ഏറ്റവും കൂടുതല്‍ ഏറ്റെടുക്കലുകള്‍ എല്ലാ വര്‍ഷവും എച്ച് എസ് ഇ നടത്താറുള്ളത്.

ആഴ്ച്ചയില്‍ എല്ലാ ദിവസവും ഇത്തരത്തില്‍ ഒരു കേസെങ്കിലും ഡബ്ലിന്‍ മെട്രോപൊളിത്തിന്‍ ജില്ലാ കോടതി പരിഗണിക്കുന്നുണ്ട്. ഡബ്ലിന് വെളിയിലുള്ള ജില്ലാ കോടതികളില്‍ ഇടവിട്ട ദിവസങ്ങളിലും ഇത്തരം കേസുകള്‍ വിചാരണ നടത്താറുണ്ട്.

കോടതി നടപടികളുടെ കണക്കുകള്‍ കാണിക്കുന്നത് 2012ല്‍ എച്ച്എസ്ഇ സൂപ്പര്‍വിഷന്‍ ഓര്‍ഡറുകള്‍ക്കായും എമര്‍ജന്‍സി കെയര്‍ ഓര്‍ഡറുകള്‍ക്കായും, ഇന്ററിം കെയര്‍ ഓര്‍ഡറുകള്‍ക്കായും കെയര്‍ ഓര്‍ഡറുകള്‍ക്കായും 9,315 അപേക്ഷകളാണ് സമര്‍പ്പിച്ചത് എന്നാണ്. ഇതില്‍ 7,744 എണ്ണം അനുവദിച്ചുകിട്ടുകയും ചെയ്തിരുന്നു.

ഇത്തരം കേസുകളില്‍ പലതും ഒരേകേസുമായി ബന്ധപ്പെട്ടതോ അല്ലെങ്കില്‍ ഒരേ കുടുംബത്തിലെ ഒന്നിലധികം കുട്ടികളുമായി ബന്ധപ്പെട്ടതോ ആയിരുന്നു. അതുകൊണ്ട് തന്നെ കേസുകളുടെ എണ്ണത്തിനനുസരിച്ച് കെയറിലുള്ള കുട്ടികളുടെ എണ്ണത്തെ കണക്കാക്കാന്‍ സാധിക്കില്ല. 2011ല്‍ 3,358 കുട്ടികളെയാണ് എച്ച്എസ്ഇയുടെ സംരക്ഷണത്തില്‍ കോടതി വിട്ടുകൊടുത്തത്.

ശിശു സംരക്ഷണം ഏറ്റെടുക്കുന്നതിനും പലതരം തടസങ്ങള്‍ ഉണ്ടാവാറുണ്ട്. കുടുംബത്തിനുള്ള അവകാശം, കുട്ടിയുടെ അവകാശങ്ങള്‍, ജീവിക്കാനുള്ള അവകാശം, കുടുംബത്തില്‍ നിന്നോ പുറത്തുനിന്നോ ആരില്‍ നിന്നെങ്കിലും ഭീഷണിയോ അപകടമോ നിലനില്‍ക്കുകയാണെങ്കില്‍ മാത്രമേ ശിശു സംരക്ഷണത്തില്‍ എച്ച്എസ്ഇക്കും ഗാര്‍ഡയ്ക്കും കാര്യമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുകയുള്ളു.

1991ലെ ചൈല്‍ഡ് കെയര്‍ ആക്റ്റ് പ്രകാരം ഇത്തരം കുട്ടികള്‍ സംരക്ഷണത്തിലെടുക്കപ്പെടുകയോ അതല്ലെങ്കില്‍ സ്‌റ്റേറ്റ് തന്നെ കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും വേണം. ഏതുതരത്തിലുള്ള കുട്ടികളായാലും സംരക്ഷണം ആവശ്യമുള്ളതാണെങ്കില്‍ എച്ച്എസ്ഇ അത് നല്‍കിയിരിക്കണം എന്നും ഈ നിയമം അനുശാസിക്കുന്നുണ്ട്.

സംരക്ഷണം ആവശ്യമുള്ള കുട്ടികളെ ഏറ്റെടുത്ത് എച്ച്എസ്ഇക്ക് കൈമാറാനുള്ള പ്രത്യേക അധികാരം സെക്ഷന്‍ 12 പ്രകാരം ഗാര്‍ഡയ്ക്ക് നല്‍കുന്നുമുണ്ട്.

എമര്‍ജന്‍സി കെയര്‍ ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞ് ഓരാഴ്ച്ചയ്ക്കകം തന്നെ എച്ച്എസ്ഇ ഇന്ററിം കെയര്‍ ഓര്‍ഡര്‍ കൂടി നേടിയെടുക്കുകയോ അതല്ലെങ്കില്‍ കുട്ടിക്ക് അപകടങ്ങള്‍ വരുത്തിവയ്ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയോ വേണം.

കുട്ടി ഏതെങ്കിലും തരത്തില്‍ അപകടാവസ്ഥയിലാണെന്ന് ബോധ്യപ്പെട്ടാല്‍ കോടതി ഇന്ററിം കെയര്‍ ഓര്‍ഡറിനോ കെയര്‍ ഓര്‍ഡറിനോ ഉത്തരവിടും.

18വയസ്സിന് താഴെയുള്ള കുട്ടികളുടെ സംരക്ഷണത്തിനു മാത്രമാണ് കെയര്‍ ഓര്‍ഡറുകള്‍ ബാധകമാവുകയുള്ളു. ഇന്ററിെ കെയര്‍ ഓര്‍ഡറുകള്‍ രക്ഷിതാക്കള്‍ പാലിക്കാതിരിക്കുകയോ അവഗണിക്കുകയോ ചെയ്താല്‍ 28 ദിവസം ഇടവിട്ട് അത് പുതുക്കി നല്‍കിക്കൊണ്ടിരിക്കും.

ഇത്തരത്തിലുള്ള സംരക്ഷണം കുട്ടികള്‍ക്ക് ഉറപ്പു വരുത്തുന്ന സാഹചര്യത്തിലും കഴിഞ്ഞ മാസങ്ങളിലായി സംരക്ഷണം ലഭിക്കാതെ രണ്ടു കുഞ്ഞുങ്ങളാണ് മരണത്തിന് ഇരയാക്കപ്പെട്ടത്. രണ്ടുപേരുടെയും മരണത്തില്‍ അവരുടെ അമ്മമാര്‍ക്കും വ്യക്തമായ പങ്കുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

നിയമം ഇതായിരിക്കേ ഗാര്‍ഡ ഇപ്പോള്‍ പരിശോധനകളും സംരക്ഷണം ഏറ്റെടുക്കലും തുടരുന്നത് സോഷ്യല്‍ വെല്‍ഫെയര്‍ രംഗത്തെ തട്ടിപ്പുകള്‍ നിയന്ത്രിക്കാനാണ്എന്നതാണ് പ്രശ്‌നം .
ശിശു സംരക്ഷണത്തിനായി രാജ്യവും ഗാര്‍ഡ ഉദ്യോഗസ്ഥരും സാമൂഹിക ക്ഷേമ വകുപ്പും കാണിക്കുന്ന വ്യഗ്രത കുടിയേറ്റക്കാര്‍ക്കു നേരെ ഉയരുന്ന അതിക്രമമായി മാറുന്നതായി ആരോപണം ഉയരുന്നുണ്ട് . കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് റോമന്‍ കുടുംബങ്ങളില്‍ നിന്നും ഗാര്‍ഡ കുട്ടികളെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

വംശീയ അധിക്ഷേപങ്ങളുടെ ഭാഗമായാണ് ഇത്തരം നടപടികള്‍ തങ്ങള്‍ക്കുനേരെ ഉണ്ടാവുന്നതെന്ന് റോമന്‍ കമ്മ്യൂണിറ്റി വക്താക്കള്‍ പറയുന്നത്. ഡബ്ലിനില്‍ വച്ചാണ് കഴിഞ്ഞ ദിവസങ്ങളിലായി രണ്ടു കുട്ടികളെ ഗാര്‍ഡ വീടുകളില്‍ പോയി കസ്റ്റഡിയിലെടുത്തത്. കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കളുമായി രൂപസാമ്യമില്ല എന്നായിരുന്നു ഗാര്‍ഡ വാദിച്ചത്. എന്നാല്‍ ഡിഎന്‍എ ടെസ്റ്റിലൂടെ തങ്ങള്‍ തന്നെയാണ് കുട്ടികളുടെ രക്ഷിതാക്കള്‍ എന്ന് തെളിയിക്കാന്‍ രണ്ട് കുടുംബങ്ങള്‍ക്കും സാധിച്ചു. ഇതിനു ശേഷം മാത്രമാണ് കുട്ടികളെ ഇവര്‍ക്ക് വിട്ടുനല്‍കിയത്.
കുട്ടികള്‍ക്കായുള്ള കേസുകള്‍ അന്വേഷിക്കാന്‍ നിയമിതയായ ഓംബുഡ്‌സ്മാന്‍ എമിലി ലോഗന്‍ കേസുകളെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ്.

ഇത് രാജ്യത്ത് അരങ്ങേറുന്ന വംശീയ അധിക്ഷേപത്തിന്റെ ഭാഗമാണെന്നാണ് ആരോപം ഉയരുന്നത്. ആയതിനാല്‍ തന്നെ എത്രയും പെട്ടെന്ന് ഈ രണ്ടു കേസുകളെക്കുറിച്ചുമുള്ള സത്യസന്ധമായ റിപ്പോര്‍ട്ട് തനിക്ക് ലഭിക്കണമെന്ന് നിയമമന്ത്രി അലന്‍ ഷാറ്റര്‍ ഗാര്‍ഡയോടും എച്ച്എസ്ഇയോടും ആവശ്യപ്പെടുകയും ചെയ്തു.

യാതൊരു വിധ പ്രലോഭനങ്ങളും തന്റെ അന്വേഷണത്തെ സ്വാധീനിക്കുകയില്ലെന്നും എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരങ്ങള്‍ ലഭിക്കും വരെ അന്വേഷണം തുടരുമെന്നും എമിലി ലോഗന്‍ അറിയിച്ചു. എച്ച്എസ്ഇയോടും ഗാര്‍ഡയോടും ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ശിശു സംരക്ഷണത്തിനായി രാജ്യം ഇത്രയധികം വ്യഗ്രത പുലര്‍ത്തുന്ന കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങളെയും തട്ടിപ്പുകളെയും ചെറുക്കാന്‍ തന്നെയാണ്. എച്ച്എസ്ഇയുടെ സംരക്ഷണയില്‍ ഈ വര്‍ഷം ഇതിനകം തന്നെ ആയിരത്തില്‍പരം കുട്ടികള്‍ കോടതി തന്നെ നിര്‍ദ്ദേശിച്ചയച്ചിട്ടുമുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് അപകടമില്ലാത്ത സാഹചര്യങ്ങളില്‍ ഗാര്‍ഡ ഇത്തരത്തില്‍ കടന്നു കയറുന്നത് നിയമത്തെ മുതലെടുക്കലാണെന്നും വിവിധസംഘടനകള്‍ ആരോപിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത് റോമന്‍ കമ്മ്യൂണിറ്റിയെ ലക്ഷ്യം വച്ച് നടത്തിയ വംശീയ ആക്രമണമല്ലെന്നും സംശയത്തിന്റെ പേരില്‍ കുട്ടികളുടെ സംരക്ഷണം കണക്കിലെടുത്ത് ഇത്തരത്തില്‍ കസ്റ്റഡിയില്‍ എടുക്കാന്‍ ഗാര്‍ഡയ്ക്ക് അധികാരമുണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്.

കഴിഞ വര്‍ഷങ്ങളില്‍ എച്ച് എസ് ഇ ഏറ്റെടുത്തതില്‍ വലിയൊരു ഭാഗം കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങളായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്.മിക്കവര്‍ക്കും ഇവിടുത്തെ നിയമത്തെ കുറിച്ചുള്ള ഗ്രാഹ്യമില്ലായ്മയാണ് കുടിയേറ്റക്കാര്‍ കുടുക്കിലാവാന്‍ കാരണം.പുതിയ പൗരന്മാര്‍ക്കെങ്കിലും ഇവിടുത്തെ നിയമ സംവിധാനത്തെയും ,ചട്ടവട്ടങ്ങളെയും പറ്റി കൂടുതല്‍ ബോധവത്കരണം നടത്തണമെന്ന ആവശ്യത്തിലാണ് വിവിധ പ്രവാസി സംഘടനകള്‍like-and-share

Scroll To Top