Sunday February 26, 2017
Latest Updates

സണ്‍ഗ്ലാസും സ്മാര്‍ട്ട് ഫോണും ഇനി ഒറ്റമുണ്ടിലൊതുങ്ങും; ടി പി വധ പ്രതികള്‍ക്ക് ഇനി പരീക്ഷണത്തിന്റെ നാളുകള്‍

സണ്‍ഗ്ലാസും സ്മാര്‍ട്ട് ഫോണും ഇനി ഒറ്റമുണ്ടിലൊതുങ്ങും; ടി പി വധ പ്രതികള്‍ക്ക് ഇനി പരീക്ഷണത്തിന്റെ നാളുകള്‍

കോഴിക്കോട്: ഉടുക്കാന്‍ വീട്ടില്‍ നിന്നെത്തിക്കുന്ന ബര്‍മുഡയും ടീ ഷര്‍ട്ടുമടക്കമുള്ള വര്‍ണവൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍, അകത്താണെങ്കിലും പുറത്തുള്ളവരോട് യഥേഷ്ടം ബന്ധപ്പെടാന്‍ അനധികൃതമാണെങ്കിലും അധികൃതരുടെ ഒത്താശയോടെ സ്മാര്‍ട്ട് ഫോണുകള്‍…. ടി പി വധക്കേസില്‍ ഇന്നലെ വരെ വിചാരണ തടവുകാരായി കോഴിക്കോട് ജില്ലാജയിലില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ക്ക് തന്നെ തോന്നിയിരുന്നില്ല ഞങ്ങള്‍ ജയിലിലാണെന്ന്. ഒരു പണിയുമില്ലാതെ കളിച്ചും മദിച്ചും ഫെയ്‌സ്ബുക്കിയുമൊക്കെ കഴിഞ്ഞു കൂടിയ ആ ‘സന്തോഷ ദിനങ്ങള്‍’അവസാനിക്കുകയാണെന്ന് ഞെട്ടലോടെയാണ് വിധി വന്നതോടെ പ്രതികള്‍ തിരിച്ചറിയുന്നത്.
അറിഞ്ഞിടത്തോളം ഏറ്റവും അടുത്ത സെന്‍ട്രല്‍ ജെയിലായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഇന്ന് ശിക്ഷ വിധിക്കുന്നതോടെ ഇവരെ കൊണ്ടു പോകാനാണ് സാധ്യത. ജില്ലാ ജയിലിന്റെ ‘ഊഷ്മളാന്തരീക്ഷ’ത്തില്‍ നിന്ന് സെന്‍ട്രല്‍ ജയിലിന്റെ ഊര്‍വ്വര ഭൂമികയിലേക്കുള്ള മാറ്റം പ്രതികള്‍ക്ക് അഗ്‌നി പരീക്ഷണമാകും. സെന്‍ട്രല്‍ ജയിലിലേക്കെത്തുന്നതോടെ ഓരോ പ്രതികള്‍ക്കും പ്രത്യേകം നമ്പര്‍ ലഭിക്കും. ഈ നമ്പറിലാണ് അവരിനി അറിയപ്പെടുക. വസ്ത്രം ഒറ്റമുണ്ടും പോക്കറ്റില്ലാത്ത അക്കയ്യന്‍ ഷര്‍ട്ടുമായി ചുരുങ്ങും. പോരാത്തതിന് തലമുടി പറ്റെ ചെറുതാക്കി വെട്ടുകയും വേണം. കഠിന ശിക്ഷയാകുന്ന പക്ഷം ജയിലില്‍ വല്ല ജോലി എടുക്കുകയും വേണം.
കൊലയാളി സംഘത്തിലുണ്ടായിരുന്ന എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സജിത്ത്, കെ. ഷിനോജ് എന്നിവരും സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്ദന്‍, കുന്നുമ്മ ലോക്കല്‍ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രന്‍,ട്രൗസര്‍ മനോജ്, മാഹി പുള്ളൂര്‍ പി.വി. റഫീഖ്, ചൊക്ലി മാരാംകുന്നുമ്മല്‍ എം.കെ. പ്രദീപന്‍ എന്നിവരെയാണു കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. മലയാള മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യത്തിന് പ്രതികള്‍ക്ക് അര്‍ഹിച്ച ശിക്ഷ തന്നെ കിട്ടണമെന്നാണ് പൊതുജനവികാരം. എന്നാല്‍ കോടതിയുടെ കര്‍ശന ഭാഷയെ മറികടന്ന് സെന്‍ട്രല്‍ ജയിലിലും പ്രതികളുടെ അഗാധ രാഷ്ട്രീയ സ്വാധീനത്തിന് മുമ്പില്‍ കീഴടങ്ങുന്ന ഉദ്യോഗസ്ഥരുണ്ടാകുമോ എന്നത് കണ്ടറിയേണ്ടതാണ്. കേരളത്തിന്റെ ഒരു പൊതു സ്വഭാവം വെച്ചു നോക്കുമ്പോള്‍ അങ്ങനെ സംശയിക്കുന്നതില്‍ തെറ്റില്ലെന്ന് നിരീക്ഷിക്കപ്പെടുന്നു.

Scroll To Top