Wednesday September 26, 2018
Latest Updates

സണ്ണി ഏബ്രാഹാമിന്റെ അപ്രതീക്ഷിത വിയോഗം:വിശ്വസിക്കാനാവാതെ ഡബ്ലിന്‍ മലയാളി സമൂഹം 

സണ്ണി ഏബ്രാഹാമിന്റെ അപ്രതീക്ഷിത വിയോഗം:വിശ്വസിക്കാനാവാതെ ഡബ്ലിന്‍ മലയാളി സമൂഹം 

ഡബ്ലിന്‍ :സണ്ണി എബ്രഹാമിന്റെ അപ്രതീക്ഷിതമായ വേര്‍പാടിന്റെ വേദനയിലാണ് ഡബ്ലിന്‍ മലയാളികള്‍. കഴിഞ്ഞ ഒരാഴ്ചയായി പ്രാര്‍ത്ഥനയും പ്രതീക്ഷയുമായി കാത്തിരിക്കുമ്പോള്‍ ഉണ്ടായിരുന്ന നേരിയ ആശകള്‍ വിധിയുടെ തീരുമാനത്തിന് മുമ്പില്‍ നിഷ്ഫലമാവുകയാണെന്ന വാര്‍ത്ത ഇന്നലെ(വ്യാഴാഴ്ച)വൈകിട്ടോടെയാണ് ഡബ്ലിനില്‍ എത്തിയത്.പരസ്പരം ആശ്വസിപ്പിച്ച് സമാശ്വാസം തേടാനല്ലാതെ മറ്റെന്ത് ചെയ്യാനാവും അവര്‍ക്കിനി?

ലൂക്കന്‍ കമ്യൂണിറ്റിയ്ക്ക് മാത്രമല്ല ഡബ്ലിന്‍ മലയാളി സമൂഹത്തിന് മുഴുവന്‍ ഏറെ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹമെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ വൈകുന്നേരം നടന്ന അനുസ്മരണപ്രാര്‍ഥനാ ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ എത്തിയ പുരുഷാരം.ഡബ്ലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ ലൂക്കനിലെ പരേതന്റെ ഭവനത്തിലെത്തിയിരുന്നു.

ഡബ്ലിനിലെ പ്രവാസികളില്‍ ഓരോരുത്തര്‍ക്കും സണ്ണി എബ്രഹാം ഇളംകുളത്ത് എന്ന മനുഷ്യന്‍ ‘സണ്ണിചേട്ടനാ’യിരുന്നു.ഒരു തവണ ഇടപെടുന്നവരാരും ,ഒരിക്കലും മറക്കാനാവാത്ത വിധം അവരുടെ മനസ്സില്‍ ഇടം പിടിച്ചാവും സണ്ണി ചേട്ടന്‍ അവരെ നേടിയിരിക്കുക.

ഒറ്റനോട്ടത്തില്‍ ഗൗരവകാരനാണെന്ന് ആരും വിലയിരുത്തുമെങ്കിലും പഞ്ഞി പോലെ മൃദുലമായിരുന്നു ആ മനസ് എന്ന് ഒന്ന് സംസാരിച്ചു തുടങ്ങിയാല്‍ അറിയാനാവും.

പ്രവാസി ദേശത്തെത്തി ആയിരത്തില്‍ അധികം പേരുടെ ഗുരുസ്ഥാനീയനാവുക എന്ന അപൂര്‍വ്വ ബഹുമതിയുമായാണ് സണ്ണി ചേട്ടന്‍ യാത്രയാവുന്നത്.സുഹൃത്തുക്കളെ സഹായിക്കുക എന്ന ദൗത്യത്തോടെയാണ് ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍  സ്ഥാനം ആദ്യം ഏറ്റെടുത്തെങ്കിലും,പിന്നീട് സഹായം തേടിയെത്തുന്നവരുറെ എണ്ണം കൂടിയപ്പോള്‍ അതൊരു തൊഴിലായി തന്നെ സണ്ണിചേട്ടന്‍ ഏറ്റെടുക്കുകയായിരുന്നു.ഓരോ ദിവസവും ചിലപ്പോള്‍ നാലോ അഞ്ചോ പേര്‍ക്ക് വരെ ഡ്രൈവിംഗ് പരിശീലനം നല്‍കിയിരുന്നു.

എത്ര തവണ തെറ്റിച്ചാലും ക്ഷോഭിക്കാത്ത , ക്ഷമാപൂര്‍വ്വമായ ആ സ്വഭാവവൈശിഷ്ട്യം സണ്ണിചേട്ടനെ സാധാരണക്കാരുടെ ആരാധ്യപുരുഷനാക്കുകയായിരുന്നു.എത്ര ദൂരത്തായാലും പറഞ്ഞുറപ്പിച്ച സമയത്ത് സണ്ണിചേട്ടന്‍ പഠിതാക്കളെ തേടിയെത്തുമായിരുന്നു.ഫുള്‍ ലൈസന്‍സ് എടുത്തു കൊടുക്കുന്നത് വരെ കൂടെ നിന്ന് സഹായിക്കാന്‍ സണ്ണിചേട്ടന്‍ ഉണ്ടാവുമായിരുന്നു.

അവസാനം നാട്ടില്‍ പോകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഓണത്തിന് തിരികെ വന്നു ലൂക്കനിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാനുള്ള ഉത്സാഹത്തിലായിരുന്നു അദ്ദേഹം.താനുള്‍പ്പെടുന്ന വിവിധ സംഘടനകളുടെ ആഘോഷങ്ങള്‍ ഒരുക്കുന്നതിനും,കമ്മ്യൂണിറ്റിയുടെ ഒരുമ ഊട്ടിയുറപ്പിക്കുന്നതിനും സണ്ണിചേട്ടന്‍ വഹിച്ച പങ്ക് അവസമരണീയമാണ്.

പ്രകൃതിയുമായും ഉറ്റ സഹവാസമുണ്ടാക്കിയിരുന്ന സണ്ണി ചേട്ടന്‍ അയര്‍ലണ്ടിലെ വിദൂരങ്ങളിലുള്ള കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുന്നത് പതിവാക്കിയിരുന്നു.അയര്‍ലണ്ടില്‍ നിന്നും അന്ത്യയാത്ര പോകുന്നതിന് ദിവസങ്ങള്‍ മുമ്പാണ് ടിപ്പററിയിലെ ആപ്പിള്‍ തോട്ടം സന്ദര്‍ശിക്കണമെന്ന ആശ നിറവേറ്റിയത്.

കാസില്‍ ഗ്രേഞ്ചിലെ ഫൈസര്‍ ലേക്കിലെ അരയന്നങ്ങളും താറാവുകളും സണ്ണി ചേട്ടന്റെ ഉറ്റ സുഹൃത്തുക്കളില്‍ ഉള്‍പ്പെട്ടിരുന്നു.അവയ്ക്ക് ഭക്ഷണമെത്തിക്കുകയെന്നത് ഒരു ദൗത്യമായി അദ്ദേഹം ഏറ്റെടുത്തിരുന്നു.ഡൈവിംഗ് പഠിപ്പിക്കുന്ന സമയത്ത് പോലും ആ വഴി കടന്നു പോവുകയാണെങ്കില്‍ പഠിതാക്കളുടെ അനുവാദം വാങ്ങി ഒരു മിനുട്ട് അവരെ സന്ദര്‍ശിക്കാന്‍ സണ്ണിചേട്ടന്‍ എത്തിയിരുന്നു.കൈ നിറയെ ബ്രെഡ് പൊതികള്‍ കാണും.ചിലപ്പോള്‍ മൂന്നോ നാലോ പാക്കറ്റുകള്‍ വരെ അദ്ദേഹത്തിന്റെ കൈയ്യില്‍ കാണും.അടയിരിക്കുന്ന പക്ഷികള്‍ക്കുള്ളതും,കുഞ്ഞുങ്ങള്‍ക്കുള്ളതും ഒക്കെയായി വേറെയും.സണ്ണി ചേട്ടന്റെ പാദചലനം കേള്‍ക്കുമ്പോള്‍ പക്ഷിക്കൂട്ടം തടാകത്തില്‍ നിന്നും കരയിലെത്തുന്ന കാഴ്ച തന്നെ പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ടെന്നു അയല്‍വാസിയും ഉറ്റസുഹൃത്തുക്കളില്‍ ഒരാളുമായ  രാജു കുന്നക്കാട്ട് ഓര്‍മ്മിച്ചു.

സൗദിയില്‍ നിന്നും അയര്‍ലണ്ടില്‍ എത്തിയ കാലം മുതല്‍ ഡബ്ലിനിലെ മലയാളികളുടെ എളിയ സേവകനായാണ് അദ്ദേഹം അറിയപ്പെട്ടിയിരുന്നത്.അയര്‍ലണ്ടില്‍ എവിടെ മലയാളികളുടെ ആവശ്യത്തിനും അദ്ദേഹം ഓടിയെത്താന്‍ സമയം കണ്ടെത്തിയിരുന്നു.

ഇരട്ടകളായ ആണ്‍മക്കളുടെ ലിവിംഗ് സെര്‍ട്ട് വിജയവാര്‍ത്ത അദ്ദേഹത്തെ ആഹ്‌ളാദത്തിലാഴ്ത്തിയിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.ഒരാള്‍ക്ക് മൈനൂത്തിലും,മറ്റേയാള്‍ക്ക് ഡബ്ലിന്‍ ഡി ഐ റ്റിയിലും അഡ്മിഷന്‍ ലഭിച്ച വിവരവും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷമാണ് അദ്ദേഹം അറിഞ്ഞത്.

വയറു വേദനയെ തുടര്‍ന്ന് കുടമാളൂര്‍ കിംസ് ഹോസ്പിറ്റലില്‍ പരിശോധനകള്‍ക്ക് ശേഷം സണ്ണിചേട്ടന്‍ വീട്ടിലേയ്ക്ക് മടങ്ങിയിരുന്നു.ഇതേ തുടര്‍ന്ന് നാട്ടിലായിരുന്ന അദ്ദേഹത്തിന്റെ ഭാര്യയും,മകളും തിരികെ ഡബ്ലിനില്‍ എത്തിയപ്പോഴേയ്ക്കും അസുഖം കൂടുതലായി വീണ്ടും അദ്ദേഹത്തെ കാരിത്താസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.സര്‍ജറിയ്ക്ക് ശേഷം സെപ്റ്റിസീമിയ ബാധിച്ചതോടെ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും അദ്ദേഹം മരണത്തിലേയ്ക്ക് നീങ്ങുകയുമായിരുന്നു.

കുടുംബാംഗങ്ങള്‍ക്ക് പുറമെ  അയര്‍ലണ്ടില്‍ നിന്നുള്ള ഒട്ടേറെ സുഹൃത്തുക്കളും,മരണസമയത്തും ആശുപത്രിയില്‍ ഉണ്ടായിരുന്നു.സണ്ണി എബ്രാഹാമിന്റെ ലൂക്കനിലെ അയല്‍വാസികളും സുഹൃത്തുക്കളുമായ ഉദയ് നൂറനാട്,ബിജു ഇടക്കുന്നത്ത്,റോയ് പേരയില്‍,ജയന്‍ കൊട്ടാരക്കര,പ്രിന്‍സി മുണ്ടാടന്‍,ജോര്‍ജ് അമ്പലംവിള,ടോമി പ്ലാത്തോട്ടം,ഷിജോ മാറാട്ടില്‍,ഡോണി പള്ളിക്കത്തോട് എന്നിവരുള്‍പ്പെടെ നിരവധി പേരാണ് ആശുപത്രിയില്‍ എത്തി ബ്ലഡ് ഡൊണേഷന് അടക്കമുള്ള ക്രമീകരണങ്ങള്‍ നടത്തിയത്.

സണ്ണി എബ്രഹാമിന്റെ സംസ്‌കാരം ഞായറാഴ്ച 3 മണിയ്ക്ക് കോട്ടയം മാതൃഭൂമിയ്ക്ക് തൊട്ടടുത്തുള്ള വീട്ടില്‍ നിന്നുമാരംഭിച്ച് ,എസ് എച്ച് മൗണ്ട് പള്ളിയില്‍ നടത്തപ്പെടും.

ഇന്ന്(വെള്ളി)വൈകിട്ട് താല പള്ളിയില്‍ ആദ്യവെള്ളിയാഴ്ച ആരാധനയോട് അനുബന്ധിച്ച് സണ്ണി എബ്രാഹാമിന്റെ ആത്മശാന്തിയ്ക്കുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തപ്പെടുമെന്ന് സീറോ മലബാര്‍ ചാപ്ല്യന്‍ ഫാ,ആന്റണി ചീരംവേലില്‍ അറിയിച്ചിട്ടുണ്ട്.നാളെ ശനിയാഴ്ച ലൂക്കന്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ രാത്രി 9 മുതല്‍ ലൂക്കന്‍ പള്ളിയിലും പരേതന്റെ ആത്മശാന്തിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയും അനുസ്മരണ ശുശ്രൂഷയും ഒരുക്കിയിട്ടുണ്ട്.

ജോസ് കെ മാണി അനുശോചനം രേഖപ്പെടുത്തി 
ഡബ്ലിന്‍:അയര്‍ലണ്ടിലെ പ്രമുഖ സംഘടനാ പ്രവര്‍ത്തകന്‍ കൂടിയായ സണ്ണി എബ്രാഹമിന്റെ നിര്യാണത്തില്‍ കോട്ടയം എംപിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ ജോസ് കെ മാണി അനുശോചനം രേഖപ്പെടുത്തി. സണ്ണിചേട്ടന്റെ ആകസ്മിക വേര്‍പാടില്‍ അഗാധമായ ദൂ:ഖം അനുഭവിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

ഐറിഷ് മലയാളി ന്യൂസ്

Scroll To Top