Wednesday January 17, 2018
Latest Updates

സംവിധായകന്‍ ശശികുമാറിന്റെ സംസ്‌കാരം ആലപ്പുഴയിലെ തത്തമ്പള്ളി പള്ളിയില്‍

സംവിധായകന്‍ ശശികുമാറിന്റെ സംസ്‌കാരം ആലപ്പുഴയിലെ തത്തമ്പള്ളി പള്ളിയില്‍

കൊച്ചി: ഇന്നലെ അന്തരിച്ച മുതിര്‍ന്ന സംവിധായകന്‍ ശശി കുമാറിന്റെ സംസ്‌കാരം അദ്ദേഹത്തിന്റെ ജന്മദേശമായ ആലപ്പുഴയിലെ തത്തമ്പള്ളി പള്ളിയില്‍. ഇപ്പോള്‍ എറണാകുളത്ത് ടിഡിഎം ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുന്ന മൃതദേഹം ഉച്ചതിരിഞ്ഞു അദ്ദേഹത്തിന്റെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

മരണസമയത്ത് മക്കളായ ഷീല, ഡോ. ഉഷ എന്നിവര്‍ സമീപത്തുണ്ടായിരുന്നു. വര്‍ക്കി ജോണ്‍ എന്നാണു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. സിനിമയില്‍ പ്രവേശിച്ചപ്പോള്‍ നടന തിക്കുറിശിയാണ് വര്‍ക്കി ജോണിന്റെ പേര് ശശികുമാര്‍ എന്നാക്കി മാറ്റിയത്. ത്രേസ്യാമ്മയാണ് ഭാര്യ. ഏക മകന്‍ ജോണ്‍ നാലു വര്‍ഷം മുമ്പ് മരിച്ചു. മരുമക്കള്‍: തോമസ് മാത്യു, റോബിന്‍.

141 സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ശശികുമാര്‍ മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകനാണ്. ഒരു വര്‍ഷം 15 സിനിമകള്‍ വരെ സംവിധാനം ചെയ്തതിന്റെ അപൂര്‍വ റിക്കോഡിന് ഉടമയാണ് ശശികുമാര്‍. ഒരു ദിവസം തന്നെ മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തു എന്ന റിക്കോഡും ശശികുമാറിന് മാത്രം അവകാശപ്പെട്ടതാണ്. പ്രേംനസീര്‍ , ഷീല ജോടികളെ നായിക നായകന്‍മാരാക്കി ഏറ്റവുമധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള സംവിധായകനാണ് ശശികുമാര്‍.

റസ്റ്റ്ഹൗസ്, ലങ്കാദഹനം, രക്തപുഷ്പം, സേതുബന്ധനം, പഞ്ചവടി, പത്മവ്യൂഹം, പിക്‌നിക്, ചട്ടമ്പി കല്യാണി, മിനിമോള്‍, ജയിക്കാനായി ജനിച്ചവന്‍, വിഷുക്കണി, യുദ്ധം, ആട്ടക്കലാശം, തീനാളങ്ങള്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 1993 ലാണ് അവസാന ചിത്രം പുറത്ത് വന്നത്. ശശികുമാറിന്റെ സംഭാവനകള്‍ പരിഗണിച്ച് 2012 ല്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിനു ജെസി ദാനിയല്‍ പുരസ്‌ക്കാരം സമ്മാനിച്ചിരുന്നു.

Scroll To Top