Tuesday September 19, 2017
Latest Updates

ഷെവലിയാര്‍ പട്ടം വേണോ,അതോ സത്യം പറയാതിരിക്കണോ ? (ബോളിവുഡ് ജല്‍വയുടെ ചില നേര്‍കാഴ്ച്ചകള്‍ )

ഷെവലിയാര്‍ പട്ടം വേണോ,അതോ സത്യം പറയാതിരിക്കണോ ? (ബോളിവുഡ് ജല്‍വയുടെ ചില നേര്‍കാഴ്ച്ചകള്‍ )

ചിത്രപ്പുഴ ഇന്ന് സ്റ്റാന്‍ഡാണ്… 

മൂന്നാം വര്‍ഷ ബിരുദ ക്ലാസിന്റെ അവസാന നിമിഷങ്ങള്‍.ജീവിത സ്പര്‍ശിയായ ഒരു വിഷയം മറ്റുള്ളവരുടെ മുന്‍പില്‍ അവതരിപ്പിക്കുക.വളരെ മനോഹരമായ ആശയം.പരീക്ഷ അതിന്റെ എല്ലാ രൗദ്രഭാവങ്ങളും ആവാഹിച്ചു പരീക്ഷ പടിവാതുക്കല്‍ തന്നെ നില്‍പ്പുണ്ടായിരുന്നു.

അവള്‍ പറഞ്ഞു തുടങ്ങി…. 

‘എന്റെ വീടിന് മുന്നിലൂടെയായിരുന്നു ചിത്രപ്പുഴ ഒഴുകിയിരുന്നത്.ഞാന്‍ വളര്‍ന്നതിനും എന്റെ സ്വപ്നങ്ങള്‍ വളര്‍ന്നതിനും ചിത്രപ്പുഴ സാക്ഷി.വര്‍ഷങ്ങള്‍ കടന്നുപോയി.ഞാന്‍ കണി കണ്ടുണര്‍ന്ന ചിത്രപ്പുഴ വരണ്ടില്ലാതെയായി.ഇന്ന് ലോറികളുടെ താവളമാണത്.ഇത്രയും പറഞ്ഞു നിര്‍ത്തിയപ്പോള്‍ അവളുടെ കണ്ണുകളില്‍ ഓര്‍മ്മകള്‍ സമ്മാനിച്ച തീരാനഷ്ട്ടം വായിച്ചെടുക്കാമായിരുന്നു…’

ബോളിവുഡ് ജാല്‍വ 2014 ,ഒരു സാധാരണ പ്രേക്ഷകനായി കലാപ്രകടനങ്ങള്‍ ആദ്യന്തം വീക്ഷിച്ച ഒരാളെന്ന നിലയില്‍ എന്റെ മനസിലൂടെ കടന്നുപോയ ചിന്തകളാണ് ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നത്.

തീരനഷ്ട്ടത്തിന്റെ കനല്‍ വഴികള്‍ താണ്ടുന്നവരാണ് മലയാളികളില്‍ പലരും.എത്രയെത്ര സംഘടനകള്‍….സംഘാടകര്‍..എല്ലാം വീണുടയുന്നതിനും തള്ളിതകര്‍ക്കപ്പെടുന്നതിനും നമ്മള്‍ സാക്ഷി.എന്നിട്ടും കുരുക്ഷേത്ര ഭൂമിയിലൂടെ നമ്മള്‍ യാത്ര തുടരുന്നു.

ഇന്നിവിടെയുള്ള പല സംഘടനകളെയും നോക്കിക്കാണേണ്ടത് നാട്ടുരാജ്യങ്ങളെ പ്പോലെയോ നാട്ടുക്കൂട്ടങ്ങള്‍ പോലെയോ ആണ്.അതിന്റെ അമരത്തിരിക്കുന്നവരോ ?നാട്ടുരാജാക്കന്‍മാരെപ്പോലെയോ അല്ലെങ്കില്‍ നാട്ടു പ്രമാണിമാരെ പോലെയോ തെങ്ങിന്‍പ്പൂക്കുലപോലെയോ നമ്മള്‍ ചിതറി നില്‍ക്കുമ്പോള്‍ നമുക്ക് നഷ്ട്ടമാവുന്നതെന്തെന്ന് ആത്മ പരിശോധന നടത്താന്‍ നാം തയ്യാറാണോ ?

അയര്‍ലണ്ടിലെ പ്രവാസി ഇന്ത്യക്കാരില്‍ നല്ലൊരു ശതമാനത്തെ പേറുന്നവരാണ് മലയാളി സമൂഹം.തനതു സംസ്‌കാരവും ക്രിയാശേഷിയും സമൃദ്ധമായുള്ളവര്‍.നമുക്ക് സ്വന്തമായി വേദികളൊരുക്കി അഭിമാനിക്കുന്നതിനു പകരം നമ്മുടെ ക്രിയാശേഷിയെ ബുദ്ധി പൂര്‍വ്വം ഉപയോഗിക്കുന്ന കച്ചവടതന്ത്രക്കാരുടെ അവാര്‍ഡ് പടിപ്പുരയ്ക്കല്‍ കാത്തുക്കെട്ടി കിടക്കേണ്ടി വന്നത് കഷ്ട്ടം തന്നെ (അവാര്‍ഡിനായി പേര് സംഘാടകര്‍ എഴുതി ചേര്‍ത്തിരുന്നവരില്‍ പലരും അവര്‍ പോലും അറിയാതെയാണ് ലിസ്റ്റില്‍ പേരുവന്നത് എന്ന് പറയുമ്പോള്‍ അവാര്‍ഡിന്റെ മഹനീയത മനസിലാക്കാം.)

അവാര്‍ഡ് നല്‍കാനെന്ന പേരില്‍ വിളിച്ച് വരുത്തിയവരെ പോലും അപമാനിക്കുന്ന വിധമായിരുന്നു വോട്ടെടുപ്പ് .ഓണ്‍ ലൈനില്‍ വോട്ടെടുപ്പ് നടത്തിയത് കൂടാതെ നേരിട്ട് നടത്തിയ വോട്ടെടുപ്പ് വെറും പ്രഹസനമായിരുന്നു എന്നാണ് കണ്ടത്.ഇരുനൂറോളം പേര്‍ നിരവധി സെക്ഷനിലേയ്ക്ക് നടത്തിയ നേരിട്ടുള്ള വോട്ടെണ്ണല്‍ നടത്താന്‍ ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും വേണമെന്നിരിക്കെ മിനിട്ടുകള്‍ക്കുള്ളില്‍ ഫല പ്രഖ്യാപനം നടത്തിയത് അവാര്‍ഡ് ലഭിച്ചവരെ പോലും അമ്പരപ്പെടുത്തിയിരിക്കണം.

ഇതേ കുബുദ്ധിതന്നെയാണ് മാധുരി ദീക്ഷിതിന്റെ പേര് പറഞ്ഞുണ്ടാക്കിയതും.ചലച്ചിത്ര നടിയുടെ പേരുപറഞ്ഞു വിറ്റ ടിക്കറ്റുകള്‍ ഇല്ലായിരുന്നെങ്കില്‍ ജല്‍വയുടെ ഗതി എന്തായേനെ?.അവസാന ദിവസം ചലച്ചിത്ര നടി വരില്ലെന്ന് പബ്ലിക്കിനോട്തുറന്നു പറഞ്ഞപ്പോള്‍ പരിപാടിയ്ക്ക് വരാനിരുന്നവര്‍ പോലും വരാതിരുന്നത് അവരുടെ ഭാഗ്യം! അവരുടെ വിലയേറിയ സമയം ഒരു രക്ഷപെട്ടു കിട്ടി..അത്ര കേമമായിരുന്നു പരിപാടികള്‍ !

വലിയൊരു ഹാളിന്റെ 60 % ഒഴിഞ്ഞു കിടന്ന കസേരകള്‍ക്ക് മുന്‍പില്‍ അരങ്ങേറിയ ബോളിവുഡ് ജ്വാല ഒരു വിജയമാവാതിരുന്നെങ്കില്‍ അതിന്റെ കാരണം മലയാളികളുടെ ബുദ്ധിയെ വിലയ്‌ക്കെടുക്കാമെന്ന ചിലരുടെ മൂഡവിചാരം തന്നെ !

ചില സത്യങ്ങള്‍ സത്യങ്ങള്‍ തന്നെയാണ്.കേരള ഹൗസിന്റെ കാര്‍ണിവല്‍ ഒരു വന്‍ വിജയമായിരുന്നു.അതിന്റെ സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍. നടത്തിയ കാര്‍ണിവലിന്റെ പകുതിയാള്‍ക്കാരെങ്കിലും പങ്കെടുപ്പിക്കാന്‍ ബോളി വുഡ് ജല്‍വയുടെ സംഘാടകര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അതിനുള്ള കാരണം എന്തെന്ന് ആത്മശോധന നടത്താന്‍ അതിന്റെ സംഘാടകര്‍ തയ്യാറാവണം.ഏകപക്ഷീയമായ അവഗണന മലയാളി സമൂഹത്തിനുണ്ടായി എന്ന് പലരും സദസില്‍ തന്നെ അഭിപ്രായം പറയുന്നത് കേള്‍ക്കാമായിരുന്നു.അവതാരക എന്ന് വിശേഷിപ്പിച്ചയാള്‍ ഓരോ സംസ്ഥാനക്കാരെയും പേരെടുത്ത് വിളിച്ചു സ്വാഗതം ചെയ്ത് ശബ്ദ സാന്നിധ്യം തേടുന്ന ചടങ്ങില്‍ പോലും ‘മലയാളിയെ സ്വാഗതം ചെയ്തില്ലെന്ന് കണ്ടപ്പോള്‍ സത്യത്തില്‍ പ്രോഗ്രാമില്‍ പങ്കെടുത്ത ഓരോ മലയാളിയ്ക്കും രക്തം തിളയ്ക്കുകതന്നെ ചെയ്തു.

കന്നഡക്കാരനെയും,തമിഴനെയും,തെലുങ്കനെയും മുതല്‍ ഉത്തരേന്ത്യയിലെ ഓരോ സംസ്ഥാനത്തിന്റെയും പേരെടുത്തു വിളിച്ച് സ്വാഗതം ചെയ്തപ്പോള്‍ മലയാളിയെ സ്വാഗതം ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു.അവസാനം സദസില്‍ നിന്നും ജനം വിളിച്ചു പറയേണ്ടി വന്നു തങ്ങളെയും സ്വാഗതം ചെയ്യണമെന്ന്.കേരളാ ഹൗസ് കാര്‍ണിവലില്‍ അടക്കം മലയാളി സമൂഹം നടത്തുന്ന ഒരു പരിപാടിയിലും ഉത്തരേന്ത്യക്കാരനെയോ അന്യ സംസ്ഥാനക്കാരെയോ അവഗണിക്കുന്നത് ഒരിക്കലും കാണാനാവില്ലെന്നു ഇക്കൂട്ടര്‍ ഓര്‍ക്കുന്നത് നല്ലത്.

ഇന്ത്യന്‍ അംബാസിഡര്‍ മുഖ്യാഥിതിയായി പങ്കെടുത്ത വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ‘മലയാളി മഹോത്സവം അക്ഷരാര്‍ഥത്തില്‍ ഒരു ഉത്സവം തന്നെയായിരുന്നു.എത്രയോ കുറഞ്ഞ സമയം കൊണ്ട് സംഘടിപ്പിച്ച ഒരു പരിപാടിയായിട്ടും സംഘാടക മികവില്‍ അത് മികച്ചയൊന്നായീരുന്നു.മാസങ്ങള്‍ മുന്‍പേ തയാറെടുപ്പുകള്‍ നടത്തിയിട്ടും ജല്‍വ പരാജയാമായെങ്കില്‍ അതില്‍ നിന്നും പഠിക്കാന്‍ അവര്‍ക്കായെങ്കില്‍ നന്ന്.

മൈന്‍ഡിന്റെ കിഡ്‌സ് ഫെസ്റ്റ് , നാട്ടരങ്ങ് നാടകസംഘത്തിന്റെ’ഇമ്മിണി ബല്യ ഒന്ന്,മലയാളത്തിന്റെ ‘കൊട്ടാരം വില്‍ക്കാനുണ്ട്’ തുടങ്ങിയ മികച്ച നിലവാരം പുലര്‍ത്തിയതും,ജനങ്ങളെ ഹഠാദാകര്‍ഷിച്ചതുമായ ഒട്ടേറെ പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ചപ്പോള്‍ അതാതു സംഘടനകള്‍ പുലര്‍ത്തിയ കലോന്മുഖതയോ ഹൃദയവിശാലതയോ നിസ്വാര്‍ഥതയോ ഡബ്ലിന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കണ്ടില്ല.

ലൂക്കന്‍ മലയാളി ക്ലബ്,റോയല്‍ ക്ലബ്,സ്വോര്‍ഡ്‌സിലെ ഡബ്ല്യൂ എം സി ,ഐറിഷ് ഫിലിം സൊസൈറ്റി,കേരള ക്‌നാനായ അസോസിയേഷന്‍,അയര്‍ലണ്ടിലെ മലയാളി ക്രിക്കറ്റ് സംഘടനകള്‍ തുടങ്ങി വ്യത്യസ്തതയ്ക്ക് വേണ്ടി നിരന്തരം പ്രവര്‍ത്തിക്കുന്ന സംഘടനകളൊക്കെ അവരുടെ ഒത്തൊരുമയും ആത്മാര്‍ഥതയും അവതരണശൈലിയും കൊണ്ട് വേറിട്ട് നില്‍ക്കുമ്പോഴും പക്ഷപാതിത്വം കാട്ടിയെന്നൊരു പരാതി കേള്‍പ്പിച്ചിട്ടില്ല.

ഇത്രയും താരതമ്യം ചെയ്‌തെഴുതിയത് നമ്മുടെ സംഘടനകള്‍ എങ്ങനെ നന്നായി പ്രവര്‍ത്തിക്കുന്നു എന്നൊന്ന് ഓര്‍ത്തെടുക്കാന്‍ കൂടിയാണ്.

ഇനി വ്യക്തിഗതമായി എടുക്കുകയാണെങ്കില്‍ മലയാളികള്‍ക്കിടയില്‍ സംഘടനാ നൈപുണ്ണ്യമുള്ള എത്രയോ പേരുണ്ട്?ഞൊടിയിടയില്‍ ആശയങ്ങളുടെ കൂമ്പാരം സൃഷ്ട്ടിക്കുന്ന അത്ഭുത പ്രതിഭകള്‍ ഇവിടെ വേണ്ടുവോളമുണ്ട്.ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുകയും,അവരുടെ ക്രിയാശേഷിയെ പ്രയോജനപ്പെടുത്താനും ഒരു സമൂഹമെന്ന നിലയില്‍ അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന് ആവുന്നുണ്ടോ ?

സംഗീതന്ജരുടെ ഒരു നിരതന്നെ ഇവിടെയുണ്ട്.സംഗീതത്തോടുള്ള ഇവരുടെ ആഭിമുഖ്യം നമ്മുടെ കുട്ടികള്‍ക്ക് കൂടി പ്രയോജനപ്പെടുത്തുന്നതില്‍ മലയാളികള്‍ ഇനിയും കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയിട്ടില്ല.

ശുദ്ധനൃത്തത്തിന്റെ ചുവടുകള്‍ പഠിക്കുന്നതിനു പകരം,ഹിന്ദി സിനിമയുടെ താളവട്ടങ്ങള്‍ക്കനുസരിച്ചു ചവിട്ടുന്നത് മാത്രമാണ് നൃത്തമെന്ന് ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് മാറ്റേണ്ട സമയമായി.അനുഭവ പാടവമുള്ള നിരവധി നൃത്താധ്യാപകര്‍ നമ്മുടെയിടയിലുണ്ട്.നമ്മുടെ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കാനാണ് നമ്മുടെ കുട്ടികള്‍ നൃത്തം പഠിക്കേണ്ടതെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വീഡിയോയില്‍ കണ്ടല്ല നൃത്തം പഠിക്കേണ്ടത്.അതൊരു ഗുരുവിനു മുന്‍പില്‍ തന്നെയാവണം.അതിനുള്ള ഗുരുക്കളെ തന്നെ തിരഞ്ഞെടുക്കണം 

നാടകം എഴുതുന്നവര്‍ നമ്മുടെയിടയില്‍ ധാരാളമുണ്ട്.അനായാസമായി കഥാപാത്രങ്ങളെ അവതരിക്കുന്നവരുണ്ട്.ഗാനരചയിതാക്കളുണ്ട്.സംഗീതം നല്‍കുന്നവരുണ്ട്.മികച്ച യഥേഷ്ട്ടം ഫോട്ടോഗ്രാഫെഴ്‌സുണ്ട്,അവതാരകരുണ്ട്.ചുരുക്കി പറഞ്ഞാല്‍ എല്ലാത്തരം കഴിവുകളാലും സമ്പന്നമാണ് നമ്മുടെ സമൂഹം. 

പ്രവാസ ജീവിതമെന്ന ഭാണ്ഡം പേറുന്നവരാണ് നാമെല്ലാവരും.അവഗണനയും വേദനയും നമ്മുക്കാവോളമുണ്ട്.ഇനിയത് അന്യ ഭാഷക്കാരില്‍ നിന്നും ഇരന്ന് വാങ്ങണോ?നമ്മുക്ക് നമ്മുടെ ശക്തി തിരിച്ചറിയാം.കൂട്ടായി നില്‍ക്കാം.തീര്‍ച്ചയായും നമ്മുക്ക് മുന്നേ നടക്കാനാവും.നമ്മെ പിന്തുടരട്ടെ മാലോകരെല്ലാം.അയര്‍ലണ്ടിലെ മലയാളി സംഘടനകളും ,ആര്‍ജവമുള്ള വ്യക്തികളും അത്തരമൊരു തീരുമാനത്തിലെത്തിയാല്‍ നമ്മുടെ തനിമയുള്ള സംസ്‌കാരം ഇവിടെയും നമ്മുക്ക് കാത്തുസൂക്ഷിക്കാനാവും എന്ന് ഉറപ്പാണ്..ഇനിയാരുടെ കണ്ണുകളിലും ഓര്‍മ്മകള്‍ സമ്മാനിക്കുന്ന തീരാനഷ്ട്ടം ഉണ്ടാകാതിരിക്കട്ടെ! 

nobilവിമര്‍ശനം എന്റെ തൊഴിലല്ല.പക്ഷേ നിരീക്ഷണം സാമൂഹിക പ്രതിബദ്ധതയാണ്.കാര്യങ്ങളെ നിരീക്ഷിക്കുക മാത്രമാണ് ഞാനിവിടെ ചെയ്തിരിക്കുന്നത്.എങ്കിലും സത്യം പറയുന്നവര്‍ക്ക് ‘ഷെവലിയാര്‍പട്ടം ‘കിട്ടിയ ചരിത്രമില്ലല്ലോ ?
-നോബിള്‍ മാത്യു ലൂക്കന്‍ 


Scroll To Top