Monday February 20, 2017
Latest Updates

ഷെംഗണ്‍ വിസ നടപടികള്‍ ലഘൂകരിക്കും; ഒരു വര്‍ഷത്തെ ടൂറിംഗ് വിസ ഏര്‍പ്പെടുത്തി

ഷെംഗണ്‍ വിസ നടപടികള്‍ ലഘൂകരിക്കും; ഒരു വര്‍ഷത്തെ ടൂറിംഗ് വിസ ഏര്‍പ്പെടുത്തി

ബ്രസ്സല്‍സ്: ഷെംഗണ്‍ പാസ്‌പോര്‍ട്ട് ഫ്രീ ഏരിയയായ മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കായുള്ള യൂറോപ്യന്‍ യൂണിയന്‍ വിസാ കോഡ് പരിഷ്‌ക്കരിക്കാനുള്ള നീക്കവുമായി യുറോപ്യന്‍ കമ്മീഷന്‍. ഹൃസ്വ കാല സന്ദര്‍ശനത്തിനായി യുറോപ്പിലേക്ക് എത്താന്‍ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികള്‍ക്കായുള്ള നടപടിക്രമങ്ങള്‍ ലളിതവും കാലവിളമ്പം വരാത്തതുമാക്കുക സമ്പദ് വ്യവസ്ഥയ്ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഊര്‍ജ്ജം പകരുക തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യമിട്ടാണ് നടപടി. ബിസ്സിനസുകാര്‍, കൂടുതല്‍ വിനോദസഞ്ചാരികള്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, കലാകാരന്മാര്‍, സാംസ്‌ക്കാരിക വിദഗ്ദ്ധര്‍ എന്നിവരെല്ലാം ധാരാളമായി തങ്ങളുടെ തീരത്ത് വന്നിറങ്ങട്ടെയെന്ന് യൂറോപ്യന്‍ കമ്മീഷണര്‍ സിസിലിക്കാ മാംസ്‌ട്രോംഗ് പറയുന്നു.

യൂറോപ്പിലേക്ക് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വന്നു കൊണ്ടിരിക്കുന്ന ചൈന, ഇന്ത്യ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ഉക്രെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതായി 2012 ല്‍ കമ്മീഷന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പഠനം പറയുന്നു. 6.6 ദശലക്ഷം പേര്‍ വന്നു കൊണ്ടിരുന്ന ഈ മേഖലയില്‍ നിന്നുള്ള സഞ്ചാരികളുടെ കാര്യത്തില്‍ കുറവ് വന്നെങ്കിലും വിസാ നടപടികള്‍ കുറേക്കുടി അയഞ്ഞതായ ഷെംഗണ്‍ വിസയുമായി ബന്ധപ്പെട്ട കാലയളവില്‍ സന്ദര്‍ശകരുടെ എണ്ണം 30 ശതമാനം മുതല്‍ 60 ശതമാനം വരെ കൂടിയതായും പറഞ്ഞിട്ടുണ്ട്. അതേസമയം യുഎസ്, ക്യാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഈ പ്രശ്‌നം കാര്യമായി ബാധിക്കുന്നില്ല.

വിസയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ പരിശോധനയും തീരുമാനമെടുക്കലുമെല്ലാം 15 ദിവസത്തില്‍ നിന്നും 10 ദിവസമായി ചുരുക്കിയിട്ടുണ്ട്. അംഗരാജ്യങ്ങളായ ഏത് രാജ്യങ്ങളിലേയും എംബസികളില്‍ വിസയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കാമെന്നുതും ആവശ്യമെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ നേടാനുമാകും. ഇതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാനുമാകും. ടൂറിംഗ് വിസ എന്നൊരു പരിഷ്‌ക്കരണമാണ് പ്രധാനമായും പരിഗണിക്കുന്നത്. ഷെംഗണ്‍ ഏരിയയില്‍ യാത്രചെയ്യുന്നതിന് ഒരു വര്‍ഷത്തേക്കുള്ള വിസയുമായി ഒരു അംഗരാജ്യത്തില്‍ 90 ദിവസം വരെ തങ്ങാവുന്ന രീതിയില്‍ വരുന്നതാകും ഈ വിസയുമായി ബന്ധപ്പെട്ട കാര്യം. 22 യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം സ്വിറ്റ്‌സര്‍ലണ്ട് , നോര്‍വേ, ഐസ് ലാന്‍ഡ്, ലിച്ചന്‍ സ്‌റ്റൈന്‍ എന്നീ രാജങ്ങളും ഷെംഗണ്‍വിസയില്‍ ഉള്‍പ്പെടുന്നു.

ഒരു വിനോദ സഞ്ചാരിക്ക് ഷെംഗണ്‍ ഏരിയയില്‍ പ്രവേശിക്കുന്നതിനായി ഒരു വിസ മതിയാകും. ബള്‍ഗേറിയ, റുമാനിയ, സൈപ്രസ്, ക്രൊയേഷ്യ എന്നിവരും ഷെംഗണിന്‍െ്‌റ പരിധിയില്‍ വരാനുള്ള ശ്രമത്തിലാണ്. യുകെ ഈ പരിധിയില്‍ വരാന്‍ വിസമ്മതിച്ചിരിക്കുകയാണ്. നീക്കത്തെ പല രാജ്യങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്. യൂറോപ്പില്‍ അവധിക്കാലം ചെലവഴിക്കാനായി മദ്ധ്യവര്‍ത്തി സമൂഹത്തിനിടയില്‍ കൂടുതല്‍ താല്‍പ്പര്യം എടുപ്പിക്കുക എന്നൊരു ലക്ഷ്യം കൂടി ഇതിന്‍െ്‌റ ഭാഗമായിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി അമേരിക്കയില്‍ നിന്നും അനേകം വിനോദസഞ്ചാരികളാണ് യൂറോപ്പില്‍ എത്തുന്നത്. യൂറോപ്യന്‍ പാര്‍ലമെന്‍ഡും മറ്റു പല അംഗ രാജ്യങ്ങളും നീക്കത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്.

Scroll To Top