Saturday February 25, 2017
Latest Updates

ശ്രേഷ്ഠ കാതോലിക്ക ബാവ ഉപവാസം തുടരുന്നു ,സഭയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ആഹ്വാനം

ശ്രേഷ്ഠ കാതോലിക്ക ബാവ ഉപവാസം തുടരുന്നു ,സഭയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ആഹ്വാനം

കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ യാക്കോബായ സഭക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ നടത്തുന്ന ഉപവാസ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാവ ഞായറാഴ്ചയാണ് കോലഞ്ചേരി പള്ളിക്ക് മുമ്പില്‍ ഉപവാസം ആരംഭിച്ചത്.

യാക്കോബായ സുറിയാനി സഭയിലെ എല്ലാ വിശ്വാസികളും ഇടവക പള്ളികളും ആഘോഷങ്ങള്‍ മാറ്റിവച്ച് സഭയ്ക്കും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയ്ക്കും വേണ്ടി മൂന്നുദിവസം പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന് ആഗോള സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ അന്തോഖ്യയുടെയും കിഴക്കിന്റെയും പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ ബാവാ ആഹ്വാനം ചെയ്തു.
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ സഭാ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പള്ളിയുടെ മുമ്പില്‍ പ്രാര്‍ഥനാ നിരതനായി കഴിയുകയാണ് ശ്രേഷ്ഠ കാതോലിക്ക ബാവ. ശ്രേഷ്ഠ ബാവയുടെ ആരോഗ്യനില വഷളായി വരികയാണെന്ന് സഭാവൃത്തങ്ങള്‍ അറിയിച്ചു.

എം.എല്‍.എമാരായ വി.പി. സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, സാജു പോള്‍, ടി.യു. കുരുവിള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ ഉപവാസ പന്തലിലെത്തി ബാവയുമായി ചര്‍ച്ച നടത്തി. പോലീസിന്റെ എതിര്‍പ്പ് മറികടന്ന് യാക്കോബായ വിഭാഗം ബാവ ഉപവാസമിരിക്കുന്ന ഗേറ്റിന് മുമ്പില്‍ പന്തല്‍കെട്ടി.
ഓര്‍ത്തഡോക്‌സ് വിഭാഗം ഇന്നലെ വൈകിട്ട് സന്ധ്യാ പ്രാര്‍ത്ഥനക്ക് ശേഷം പള്ളിപ്പരസരത്ത് നിന്നും ഒഴിഞ്ഞു പോയിരുന്നു.

സംഘര്‍ഷം നിലനില്‍ക്കുന്ന കോലഞ്ചേരി വലിയ പള്ളിയുടെ പൂട്ട് തുറക്കാത്തതിനെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിശ്വാസിയുടെ മൃതദേഹം പള്ളിയില്‍ കയ?റ്റാതെ സംസ്‌കരിച്ചു.
ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് നിരപ്പാമല സ്വദേശിയായ ഗൃഹനാഥന്റെ മൃതദേഹം സംസ്‌കാര ശുശ്രൂഷകള്‍ക്കായി പള്ളിയില്‍ എത്തിച്ചത്. പള്ളി തുറന്ന് ശുശ്രൂഷ നടത്താന്‍ യാക്കോബായ വിഭാഗം എതിര്‍ത്തതോടെ മൃതദേഹത്തിന്റെ കൂടെയുള്ള ആളുകളുടെ എണ്ണവും ശുശ്രൂഷാ സമയവും നിജപ്പെടുത്തിയ ശേഷം ശുശ്രൂഷകള്‍ക്ക് പൊലീസ് അനുമതി നല്‍കി.

കൈവശമുള്ള താക്കോല്‍ ഉപയോഗിച്ച് പള്ളിയുടെ പ്രധാന വാതില്‍ തുറക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിച്ചെങ്കിലും പൂട്ട് തുറന്നില്ല. മുക്കാല്‍ മണിക്കൂറോളം മൃതദേഹം പള്ളിയുടെ പൂമുഖത്ത് വച്ച് പൂട്ട് തുറക്കാന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ പൂമുഖത്ത് വച്ച് തന്നെ അന്ത്യ ശുശ്രൂഷ കര്‍മ്മങ്ങള്‍ നടത്തി മൃതദേഹം സംസ്‌കരക്കുകയായിരുന്നു.

പൂട്ടിനുള്ളില്‍ നാണയത്തുട്ടുകളും മ?റ്റും വച്ചിരുന്നതിനാലാണ് തുറക്കാതിരുന്നതെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിച്ചു. അതേസമയം, കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം സൂക്ഷിച്ചിരുന്ന താക്കോല്‍ മോഷണം പോയതായാണ് സൂചന. ഞായറാഴ്ച്ച സന്ധ്യാപ്രാര്‍ഥനയ്ക്ക് ശേഷം പള്ളി പൂട്ടി താക്കോല്‍ സൂക്ഷിച്ചിരുന്നത് ഓര്‍ത്തഡോക്‌സ് പക്ഷമായിരുന്നു.

മെത്രാപ്പോലീത്തമാരായ ഡോ. എബ്രാഹാം മോര്‍ സേവേറിയോസ്, ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ്, മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ്, കുര്യാക്കോസ് മോര്‍ യൗസേബിയോസ്, മാത്യൂസ് മോര്‍ അപ്രേം, ഏലിയാസ് മോര്‍ യൂലിയോസ് സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സെക്രട്ടറി ജോര്‍ജ് മാത്യു തെക്കേത്തലക്കല്‍ എന്നിവരടക്കം നൂറ് കണക്കിന് വൈദികരും വിശ്വാസികളും ശ്രേഷ്ഠ ബാവയോടൊപ്പമുണ്ട്.

Scroll To Top