Saturday February 25, 2017
Latest Updates

ശുദ്ധജല നിയന്ത്രണം: ജനങ്ങള്‍ വലയുന്നു,ഉപഭോഗം കുറയ്ക്കാന്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ആഹ്വാനം

ശുദ്ധജല നിയന്ത്രണം: ജനങ്ങള്‍ വലയുന്നു,ഉപഭോഗം കുറയ്ക്കാന്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ആഹ്വാനം

ഡബ്ലിന്‍: ശുദ്ധജല വിതരണത്തിനേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഡബ്ലിനിലെ ജനങ്ങളെ വലച്ചിരിക്കുകയാണ്. കഴിഞ്ഞ രാത്രി മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തിയ ശുദ്ധജല വിതരണത്തിലെ നിയന്ത്രണം അടുത്ത തിങ്കളാഴ്ച്ച വരെയെങ്കിലും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പല വ്യാപാരസ്ഥാപനങ്ങള്‍ക്കും വെള്ളം ശേഖരിച്ചിരുന്ന ടാങ്കുകള്‍ ഉണ്ടായിരുന്നതിനാല്‍ തന്നെ ദിവസങ്ങളോളം ജലദൗര്‍ലഭ്യത്തില്‍ നിന്നും പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കു സാധിച്ചേക്കാം. എന്നാല്‍ മറ്റ് ഹോട്ടലുകളും റസ്‌റ്റോറന്റുകളും വെള്ളത്തിന്റെ നിയന്ത്രണം ഏതുവിധത്തില്‍ പരിഹരിക്കാം എന്നറിയാത്ത അവസ്ഥയിലാണ്.
വെബ്‌സമ്മിറ്റ് പരിപാടിയുടെ ഭാഗമായി ആയിരക്കണക്കിനാളുകളാണ് ഇപ്പോള്‍ കൂടുതലായി ഇവിടങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഹോട്ടലുകളില്‍ തിരക്കു വര്‍ദ്ധിക്കുകയും ചെയ്യും. എന്നാല്‍ ഇവര്‍ക്ക് ആവശ്യത്തിന് വെള്ളം സംഭരിക്കാനുള്ള ശേഷിയും ഇല്ല.
ഇത്തരം പരിപാടികളും മറ്റും നടക്കുമ്പോള്‍ വെള്ളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് തങ്ങളെ കൂടുതല്‍ വലയ്ക്കുകയാണെന്ന് പ്രദേശവാസികള്‍ ഒന്നടങ്കം പറയുകയാണ്.മിക്കയിടങ്ങളിലും വെള്ളത്തിന്റെ ഫോഴ്‌സ് കുറഞ്ഞ അളവിലാണ് ഉള്ളത്

ഡബ്ലിനില്‍ മാത്രമായി ഒരു ദിവസത്തിന് 600,000 യൂറോയാണ് വെള്ളത്തിന്റെ ക്ഷാമം കാരണം ഇപ്പോള്‍ റസ്‌റ്റോറന്റുകള്‍ക്ക് ചിലവാകുന്നതെന്നാണ് റസ്റ്ററന്റ്റ് വ്യാപാര മേഖലയിലെ പ്രമുഖര്‍ പ്രതീകരിച്ചു.

350 മില്ല്യന്‍ ലിറ്റര്‍ വെള്ളം ദിവസേന ഷാനണ്‍ നദിയില്‍ നിന്നും സ്വീകരിച്ചാല്‍ അടുത്ത 70 വര്‍ഷത്തേക്ക് തലസ്ഥാനത്ത് മാത്രമുള്ള ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണാന്‍ സാധിച്ചേക്കാം എന്ന ധാരണയില്‍ ഇതിനായി 500 മില്ല്യണ്‍ യൂറോയുടെ പദ്ധതിയാണ് തയ്യാറാക്കാന്‍ ഒരുങ്ങുന്നത്.
2006ലെ റിപ്പോര്‍ട്ടുകളനുസരിച്ച് ആര്‍പിഎസ് എന്‍ജിനീയര്‍മാര്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന് മുന്നില്‍ വച്ച പദ്ധതികളില്‍ ഒന്നായിരുന്നു ഇത്.
2020ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലായില്‍ പരിസ്ഥിതി വകുപ്പ് മന്ത്രി ഫേര്‍ജസ് ഒ’ദൗഡ് പദ്ധതി നടപ്പിലാക്കേണ്ട ആവശ്യകതയെപ്പറ്റിയും വൈകിപ്പിച്ചാലുണ്ടാവുന്ന ദോഷഫലങ്ങളെപ്പറ്റിയും സഭയില്‍ വിവരിച്ചിരുന്നു.
കൗണ്‍സിലിന്റെ എക്‌സിക്യുട്ടിവ് മാനേജര്‍ അഡ്രിന്‍ കണ്‍വേ പറഞ്ഞത് ഷാനണ്‍ റിവറിലെ പദ്ധതി പൂര്‍ത്തിയായാല്‍ പിന്നീട് ശുദ്ധജലവിതരണത്തിന് ബല്ലിമോര്‍ യൂറോസ്‌റ്റേസിലെ പ്രശ്‌നം ഒരു തടസമാവില്ലെന്നാണ്. ഡബ്ലിന്‍ മേഖലയിലേയും കില്‍ഡെയറിലേയും വിക്ലോവിലെയും ജനങ്ങള്‍ ദിവസം 540 മില്ല്യന്‍ ലിറ്ററോളം വെള്ളമാണ് ഉപയോഗിക്കുന്നത്.
മികച്ചരീതിയിലുള്ള ഒരു സേവനം ഇല്ലാതിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വെള്ളത്തിന് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത് ആക്ഷേപാര്‍ഹമായ കാര്യമായിപ്പോയെന്ന് ഫിന്‍ഗീല്‍ പ്രതിനിധിയു സെനേറ്ററുമായ ദാരാ ഒ’ബ്രിയന്‍ പറഞ്ഞു.
കുടിവെള്ളത്തിന് ക്ഷാമം നേരിടുന്ന സന്ദര്‍ഭത്തില്‍ മീറ്റര്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനെ ലേബര്‍ റ്റി ഡി ടോമി ബ്രോഗനും കുറ്റപ്പെടുത്തി. ഡബ്ലിനിലെ കുടിവെള്ളക്ഷാമം ശ്രദ്ധിക്കപ്പെടേണ്ട രൂക്ഷമായ പ്രശ്‌നമാണെന്നും ബ്രോഗന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ബെല്ലിമോര്‍ യൂറോസ്‌റ്റേസില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിട്ട് ദിവസങ്ങള്‍ ആയതേയുള്ളുവെന്നാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അറിയിച്ചത്.
വെള്ളത്തിന്റെ നിറവ്യത്യാസം കണ്ടതും ചെറിയ രീതിയിലുള്ള അഴുക്കുകള്‍ വെള്ളത്തില്‍ കണ്ടതും വെളളത്തിന്റെ ഉത്പാദനം കുറയ്ക്കാനുള്ള കാരണമായി. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുകെയില്‍ നിന്നും സ്‌പെഷലിസ്റ്റുകളെ വിളിച്ചിരിക്കുകയാണ്.
പ്രൊഡക്ഷന്‍ കുറച്ചതിനാല്‍ തന്നെ കൗണ്‍സില്‍ വെള്ളത്തിന്റെ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ജനങ്ങളോട് കുറഞ്ഞ അളവില്‍ ജലം ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയുമാണ്.

Scroll To Top