Saturday November 18, 2017
Latest Updates

ശരവണന്‍ സ്വര്‍ണ്ണമണിയ്ക്ക് ഡബ്ലിനിലെ ഇന്ത്യന്‍ സമൂഹം യാത്രാമൊഴിയേകി 

ശരവണന്‍ സ്വര്‍ണ്ണമണിയ്ക്ക് ഡബ്ലിനിലെ ഇന്ത്യന്‍ സമൂഹം യാത്രാമൊഴിയേകി 

ഡബ്ലിന്‍:ഡബ്ലിന്‍ മലയാളികള്‍ക്ക് പ്രിയങ്കരനായിരുന്ന ശരവണന്‍ സ്വര്‍ണ്ണമണിക്ക് അന്ത്യാഞ്ജലി.തിങ്കളാഴ്ച നിര്യാതനായ ശരവണന്റെ ഭൗതീകദേഹം ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം ഇന്നലെ ക്രിമിറ്റോറിയത്തിലേക്ക് നീക്കി.

ഇന്നലെ രാവിലെയും നിരവധി പേരാണ് ശരവണന് ബാഷ്പാഞ്ജലിയര്‍പ്പിക്കാനായി താലയിലെ ഫ്യുണറല്‍ ഹോമിലെത്തിയത്.ഒരു മണിയോടെ സംസ്‌കാര കര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.2 മണിയോടെ ഭൗതിക ദേഹം വിലാപയാത്രയായി ബാലിമൗണ്ട് റോഡിലുള്ള ന്യൂ ലാന്‍ഡ്‌സ് റോഡ് ക്രിമിറ്റേറിയത്തില്‍ എത്തിച്ചു.പ്രാര്‍ത്ഥനപരമായ ആചാര ശുശ്രൂഷകള്‍ക്ക് ഇടശ്ശേരി രാമന്‍ നമ്പൂതിരി നേതൃത്വം നല്‍കി.

ശരവണന്റെ നാല് വയസുകാരന്‍ പൊന്നോമന മകന്‍ അഭിനന്ദായിരുന്നു അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് നിയുക്തനായത്.ഇന്ത്യയില്‍ നിന്നെത്തിയ ശരവണന്റെ സഹോദരന്‍ പ്രസാദും, അഭിനന്ദിനൊപ്പം ചേര്‍ന്ന് കര്‍മ്മങ്ങള്‍ക്ക് തുണയായി.

വാഴയില പാകിയ മൃതപേടകത്തിലുറങ്ങിയ അച്ഛന് വായ്ക്കരിയിട്ട് കൊച്ചച്ഛനൊപ്പം പ്രദക്ഷിണം വെച്ചു നീങ്ങിയ കുരുന്ന് കര്‍മ്മങ്ങള്‍ക്കെത്തിയവരുടെ കണ്ണുകളെ ഈറനണിച്ചു.പിന്നെ ജലം നിറച്ച കുടവുമായി പിന്നോട്ടേക്ക്.,,നിലവിളക്കില്‍ നിന്നും ചന്ദനതിരിയിലേക്ക് പടര്‍ത്തിയ അഗ്‌നിയാല്‍ അച്ഛന് വിട നല്‍കി അമ്മയോടും സഹോദരങ്ങളോടുമൊപ്പം വീണ്ടും അച്ഛന് യാത്രാമൊഴി ചൊല്ലി.

അയര്‍ലണ്ടിലെ സാംസ്‌കാരിക മത നേതാക്കളും,ലൂക്കനിലെ അയല്‍ക്കാരും.ആശാ ശരവണന്‍ ജോലി ചെയ്യുന്ന സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സഹപ്രവര്‍ത്തകരുമടക്കമുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

വീഡിയോ:അജിത് കേശവന്‍/ഫോട്ടോ:രാജു കുന്നക്കാട്ട്

Scroll To Top