Thursday October 18, 2018
Latest Updates

ശബരിമല സ്ത്രീ പ്രവേശ വിഷയത്തില്‍ പുതിയ ആരോപണം ,ഏകീകൃത സിവില്‍ കോഡ് നടപ്പാക്കി ന്യൂനപക്ഷ അവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമമെന്ന് രാഹുല്‍ ഈശ്വര്‍

ശബരിമല സ്ത്രീ പ്രവേശ വിഷയത്തില്‍ പുതിയ ആരോപണം ,ഏകീകൃത സിവില്‍ കോഡ് നടപ്പാക്കി ന്യൂനപക്ഷ അവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമമെന്ന് രാഹുല്‍ ഈശ്വര്‍

ന്യൂ ഡല്‍ഹി:ഏകീകൃത സിവില്‍ കോഡ് നടപ്പാക്കി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ഇന്ത്യന്‍ ഭരണപക്ഷത്തിന്റെ ഗൂഡാലോചനയാണ് ശബരിമല സ്ത്രീ പ്രവേശ വിധിയിലൂടെ പുറത്തു വരുന്നതെന്ന് ആരോപണം ഉയരുന്നു.രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ള നിരവധി ഹൈന്ദവ നേതാക്കള്‍ ഇതേ വാദവുമായി മുന്നോട്ടു വന്നു കഴിഞ്ഞു.

ഇന്ത്യയിലെ വ്യക്തി നിയമങ്ങള്‍ എന്നറിയപ്പെടുന്ന നിയമമൊഴികെ ബാക്കി എല്ലാ സിവില്‍ നിയമങ്ങളും എല്ലാ പൗരന്മാര്‍ക്കും തുല്യമാണ്. അതേസമയം വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ച അവകാശം, ദത്തെടുക്കല്‍, ജീവനാംശം തുടങ്ങിയ കാര്യങ്ങളില്‍ വ്യത്യസ്ത മതങ്ങള്‍ക്ക് അവരുടെ വിശ്വാസങ്ങളില്‍ നിന്നും രൂപപ്പെട്ടതായ നിയമങ്ങള്‍ പിന്തുടരുവാന്‍ അനുവദിക്കുന്നതാണ് വ്യക്തി നിയമങ്ങള്‍.

സ്വാഭാവികമായും വിവിധ മതവിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് ഇത്തരം കാര്യങ്ങളില്‍ വമ്പിച്ച വൈവിധ്യം നിലനില്‍ക്കുന്നുണ്ട്. അതിനു പകരമായി രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ബാധകമാകുന്ന വിധത്തില്‍, ആചാരപരവും മതപരവുമായ ശാസനകള്‍ ഒഴിവാക്കിക്കൊണ്ട്, വ്യക്തി നിയമങ്ങള്‍ രൂപീകരിക്കുക എന്നതാണ് ഏകീകൃത സിവില്‍ കോഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്

പക്ഷെ ഇക്കാര്യത്തില്‍ സംഘപരിവാറിന്റെ താല്പര്യം ഏതെങ്കിലും വിധത്തില്‍ രാജ്യത്തെ ജനങ്ങളെ ഏകീകരിക്കുക എന്നതൊന്നുമല്ല. ഒന്നാമതായി സംഘപരിവാര്‍ ഉയര്‍ത്തുന്ന വാദം, ഹിന്ദുക്കളുടെ വ്യക്തിനിയമങ്ങളില്‍ ഭരണകൂടം ഇടപെട്ടു പരിഷ്‌കരിച്ചു; എന്നാല്‍ അത്തരമൊരു നിലപാട് മുസ്ലിങ്ങളുടെയും ക്രൈസ്തവരുടെയും മറ്റു മതസ്ഥരുടെയും കാര്യത്തില്‍ സ്വീകരിച്ചില്ല എന്നതാണ്.

ഹിന്ദുക്കളുടെ വ്യക്തിനിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കുന്നതിനായി നെഹ്രുവിന്റെ ആദ്യ മന്ത്രിസഭയുടെ കാലത്ത് കൊണ്ടു വന്ന ഹിന്ദു കോഡ് ബില്ല് കോണ്‍ഗ്രസുകാരുടെ തന്നെ എതിര്‍പ്പു മൂലം പിന്‍വലിക്കേണ്ടി വന്നിരുന്നു. അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് ആയിരുന്ന ഡോ. രാജേന്ദ്രപ്രസാദ് പോലും ബില്ലിന് എതിരായിരുന്നു. ഇതിന്റെ പേരിലാണ് ഡോ. ബി. ആര്‍. അംബേദ്കര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു പുറത്തു പോയത്.

പിന്നീട് ഈ ബില്ലില്‍ വലിയ തോതില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ഹിന്ദുവിവാഹ നിയമവും മറ്റും നെഹ്റു ഗവണ്മെന്റ് പാസ്സാക്കിയെടുക്കുന്നത്. മറ്റൊരു വസ്തുത. ഈ വിധത്തില്‍ ഭൂരിപക്ഷ മതത്തിന്റെ ആചാരങ്ങളിലും പാരമ്പര്യങ്ങളിലും ഭരണകൂടം ഇടപെടുന്നത് ഇന്ത്യന്‍ മതനിരപേക്ഷതയുടെ ഒരു സ്വഭാവം കൂടിയാണ്. തീവ്രമായ ജാതീയതയില്‍ അടിസ്ഥാനമായിരിക്കുന്ന ഭൂരിപക്ഷ മതത്തെ സമൂഹിക നീതിയിലേക്കും സമത്വത്തിലേക്കും അടുപ്പിക്കുക എന്നതാണ് ആ സമീപനത്തിന്റെ കാതല്‍.

അതോടൊപ്പം ഈ മതേതര സമീപനം ന്യൂനപക്ഷ അവകാശങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ അയവുള്ളതായ സമീപനം സ്വീകരിക്കുന്ന ഒന്നു കൂടിയാണ്. ഇതിനെ വിവേചനമായി കണക്കാക്കുവാന്‍ ആവില്ല.വ്യക്തി നിയമങ്ങള്‍ ഓരോ മതത്തിന്റെയും ആന്തരികപ്രശ്‌നങ്ങളാണ്. അതില്‍ അന്യമതസ്ഥര്‍ സീമാതീതമായ താല്പര്യം കാണിക്കുന്നത് സംശയ ദൃഷ്ടിയോടെ കാണേണ്ടതാണ്.

ബാബ്റി മസ്ജിദ്, കാശ്മീരിന്റെ പ്രത്യേക പദവി, യൂണിഫോം സിവില്‍ കോഡ്, എന്നിവയൊക്കെയാണ് 1980-കള്‍ക്ക് ശേഷം ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം മുഖ്യ പ്രചരണ ആയുധങ്ങളാക്കിയ വിഷയങ്ങള്‍. ഒരു ദരിദ്ര രാജ്യത്ത് അധികാരം നേടിയെടുത്ത പാര്‍ട്ടിയെന്ന നിലയില്‍ ആ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്ര ജനവിഭാഗങ്ങളുടെ സാമൂഹിക – സാമ്പത്തിക സ്ഥിതിക്ക് മാറ്റം വരുത്തുന്ന മുദ്രാവാക്യങ്ങള്‍ക്ക് പകരം രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗങ്ങളുടെ ഇക്കിളിപ്പെടുത്തുന്ന രാഷ്ട്രീയമാണ് ഇതിലൂടെ സംഘപരിവാര്‍ മുന്നോട്ടു വെയ്ക്കുന്നത് എങ്കിലും ശബരിമല പോലെയുള്ള വിഷയങ്ങളില്‍ യൂണിഫോം സിവില്‍ കോഡ് ലക്ഷ്യമിട്ട് ഇടപെടുമ്പോള്‍ ഹൈന്ദവ സമൂഹം പോലും രോഷാകുലരാവുകയാണ്.
ഏകീകൃത സിവില്‍ കോഡ് ഉണ്ടാക്കേണ്ടത് എല്ലാ വ്യക്തിനിയമങ്ങളിലെയും നന്മകള്‍ സ്വീകരിച്ചുകൊണ്ടാകണം എന്ന് വാദിച്ചിരുന്ന ജസ്റ്റിസ് കൃഷ്ണയ്യരെ പോലുള്ളവരുടെ വാദങ്ങള്‍ക്കാണ് പ്രസക്തി ഏറുന്നത്. എല്ലാ ലിംഗനീതിവിരുദ്ധ നിയമങ്ങളും പരിഷ്‌കരിക്കപ്പെടേണ്ടതാണ്

ഇതിനെല്ലാം പരിഹാരം ഒരു മതേതര, ലിംഗനീതിയുക്തമായ സിവില്‍ കോഡ് തന്നെയാണ്.അതേസമയം കാലാനുസൃതമായ, മതപരമായ ഭിന്നതകളില്ലാത്ത, എന്നാല്‍, സാംസ്‌കാരികവൈവിധ്യം അനുവദിക്കുന്ന, ലിംഗനീതി ഉറപ്പുവരുത്തുന്ന, മതേതരമായ ഒരു നിയമത്തിനേ ഇന്ന് നിലനില്‍ക്കാനാകൂ എന്നതാണ് യാഥാര്‍ഥ്യം.

ഏകീകൃത സിവില്‍ കോഡ് ഹിന്ദുത്വവാദികള്‍ തങ്ങളുടെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയതിന് പ്രത്യേക ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കും. അവര്‍ ഇപ്പോള്‍ ലിംഗസമത്വം പറയുന്നതിലെ കാപട്യവും ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു.. അവരെ അവരുടെ ചരിത്രവും വര്‍ത്തമാനവും തുറന്നുകാട്ടി നേരിടുക തന്നെ വേണമെന്നാണ് ദേശീയ ചരിത്രവും പാരമ്പര്യവും പഠിച്ചവര്‍ പറയുക.അവരെ ശരിയായ രീതിയില്‍ നേരിടേണ്ടുന്നതിനു പകരം അവരെപ്പേടിച്ച് ലിംഗനീതി ഉറപ്പുവരുത്തുന്നതിനുള്ള മതേതര സിവില്‍ കോഡിനെ എതിര്‍ക്കുന്നത് എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതുപോലെയാണ് എന്നും പറയേണ്ടി വരും.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top