Thursday November 15, 2018
Latest Updates

ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പരക്കെ ആക്രമണം,ന്യൂ യോര്‍ക്ക് ടൈംസ് ലേഖികയും സമരക്കാരുടെ ചൂടറിഞ്ഞു 

ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പരക്കെ ആക്രമണം,ന്യൂ യോര്‍ക്ക് ടൈംസ് ലേഖികയും സമരക്കാരുടെ ചൂടറിഞ്ഞു 

പമ്പ:പമ്പ : ശബരിമല വിഷയത്തില്‍ നടന്ന പ്രതിഷേധത്തിനിടെ നിലയ്ക്കലിലും,പമ്പയിലും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പരക്കെ ആക്രമണം.വനിതാ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവരെ ഉടന്‍ പിടികൂടുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയും അറിയിച്ചു.

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച റിപ്പോര്‍ട്ടിംഗിനായി എത്തിയ വനിതാ റിപ്പോര്‍ട്ടര്‍ക്കും സഹപ്രവര്‍ത്തകനും നേരെ പ്രതിഷേധക്കാര്‍ അസഭ്യവര്‍ഷം നടത്തുകയും കൈയേറ്റം ചെയ്യാനും ശ്രമിച്ചു. അമേരിക്കയിലെ പത്രമായ ന്യൂയോര്‍ക്ക് ടൈംസിന്റെ ഡല്‍ഹി ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജാണ് പ്രതിഷേധക്കാരുടെ അധിക്ഷേപത്തിന് ഇരയായത്.

ഇന്ന് രാവിലെ 7.30ഓടെയാണ് അമ്പതോളം വരുന്ന പൊലീസുകാരുടെ സംരക്ഷണയില്‍ സുഹാസിനിയും സഹപ്രവര്‍ത്തകന്‍ കാള്‍ ഷ്വാസും പമ്പയില്‍ നിന്ന് കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോയത്. എന്നാല്‍, സ്വാമി അയ്യപ്പന്‍ റോഡില്‍ മരക്കൂട്ടത്ത് വച്ച് ശരണം വിളിച്ചെത്തിയ പ്രതിഷേധക്കാര്‍ സുഹാസിനിയെ വളയുകയായിരുന്നു. സുഹാസിനിയുടെ പ്രായം എത്രയാണെന്ന് ചോദിച്ചു കൊണ്ട് പ്രതിഷേധക്കാര്‍ ക്ഷുഭിതരായി. താന്‍ ദര്‍ശനത്തിന് എത്തിയതല്ലെന്നും റിപ്പോര്‍ട്ടിംഗിനായി പോകുകയാണെന്ന് പറഞ്ഞിട്ടും പ്രവര്‍ത്തകര്‍ വഴങ്ങിയില്ല. തിരിച്ചറിയല്‍ കാര്‍ഡും സുഹാസിനി കാണിച്ചെങ്കിലും തിരിച്ചു പോകണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പിന്നാലെ മോശം ഭാഷ ഉപയോഗിച്ച് സുഹാസിനിയെ അധിക്ഷേപിക്കാനും തുടങ്ങി. കേട്ടാലറയ്ക്കുന്ന തെറിയും വിളിച്ചു. ഇതിനിടെ പ്രതിഷേധക്കാരില്‍ ചിലര്‍ സുഹാസിനിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. പൊലീസ് ഇടപെട്ടാണ് സുഹാസിനിയെ രക്ഷിച്ചത്. അധിക്ഷേപവും അസഭ്യവര്‍ഷവും തുടര്‍ന്നതോടെ സുഹാസിനി തിരിച്ചു പോകാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ അകമ്പടിയോടെ തന്നെ സുഹാസിനിയും സഹപ്രവര്‍ത്തകനും പമ്പയിലേക്ക് മടങ്ങി.

ലക്നൗ സ്വദേശിനിയായ സുഹാസിനി നേരത്തെ കോബ്രാ പോസ്റ്റില്‍ ജോലി ചെയ്തിരുന്നു. 2005ല്‍ ആജ് തക്കില്‍ സംപ്രേഷണം ചെയ്ത ഓപ്പറേഷന്‍ ദുരിയോധന സുഹാസിനി രാജിന്റെ പ്രധാനപ്പെട്ട റിപ്പോര്‍ട്ടുകളിലൊന്നാണ്.

വികാരം വ്രണപ്പെടുത്തി മല കയറാനില്ല: സുഹാസിനി

താന്‍ റിപ്പോര്‍ട്ടിംഗിനായാണ് എത്തിയതെന്നും ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താനില്ലെന്നും സുഹാസിനിമാദ്ധ്യമങ്ങളോട് പറഞ്ഞു. അനാവശ്യ പ്രശ്‌നങ്ങള്‍ക്കില്ലെന്നും അവര്‍ പറഞ്ഞു.

സുരക്ഷ ഒരുക്കിയിരുന്നു: ഐ.ജി മനോജ് എബ്രഹാം

അതേസമയം, സുഹാസിനി രാജിന് സന്നിധാനത്ത് എത്താന്‍ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നുവെന്ന് ഐ.ജി.മനോജ് എബ്രഹാം പറഞ്ഞു. മുന്നോട്ട് പോയാല്‍ സുരക്ഷ കൊടുക്കാനും പൊലീസ് തയ്യാറായിരുന്നു. പ്രതിഷേധക്കാരുടെ തെറിവിളി അവരെ മാനസികമായി തളര്‍ത്തിയിട്ടുണ്ടാകും. പൊലീസ് ഇക്കാര്യം ഗൗരവമായി പരിഗണിക്കും. സന്നിധാനത്തേക്കുള്ള വഴി മുഴുവന്‍ സുരക്ഷ ഒരുക്കും. സ്ത്രീകളടക്കമുള്ള ഭക്തരെ സുരക്ഷിതമായി സന്നിധാനത്ത് എത്തിക്കുമെന്നും ഐ.ജി പറഞ്ഞു

Scroll To Top