Saturday October 20, 2018
Latest Updates

വ്യാജവും നിസ്സാരവുമായ കാരണങ്ങളാല്‍ എങ്ങനെ വീടൊഴിഞ്ഞു കൊടുക്കണം ?

വ്യാജവും നിസ്സാരവുമായ കാരണങ്ങളാല്‍ എങ്ങനെ വീടൊഴിഞ്ഞു കൊടുക്കണം ?

ഡണ്‍ലേരി :ഡബ്ലിനടക്കം അയര്‍ലണ്ടിന്റെ പലഭാഗങ്ങളിലും 2009-2013 കാലഘട്ടത്തില്‍ വീട് വാങ്ങിയവരെ യഥാര്‍ഥത്തില്‍ ഭാഗ്യവാന്മാര്‍ എന്നാണ് വിളിക്കപ്പെടേണ്ടത്. ഇപ്പോഴത്തെ വാടകയിലും വളരെ കുറവാണ് അവരില്‍ ഭൂരിപക്ഷം പേരും അടയ്ക്കുന്ന മോര്‍ട്ട്‌ഗേജ് എന്നത് തന്നെ കാരണം.വീടിന്റെ വിലയില്‍ വന്ന വര്‍ദ്ധനവ് നല്‍കുന്ന ലാഭം വേറെയും.ഡബ്ലിനിലെ കുടിയേറ്റക്കാര്‍ക്കും വീട് വാങ്ങാനുള്ള ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.പക്ഷേ അവര്‍ അക്കാലത്ത് ഈ രാജ്യത്തിന്റെ ഭാവി സുസ്ഥിരമായി കണ്ടില്ല എന്നത് തന്നെ.

ശമ്പളം വെട്ടിച്ചുരുക്കിയും,ജോലി സമയം കൂട്ടിയും ത്യാഗം സഹിക്കാന്‍ സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെടുന്ന കാഴ്ച മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് പുതുമയായിരുന്നു.ഒട്ടും സമയം കളയാതെ ഓസ്ട്രേലിയയിലേയ്ക്കും,കാനഡയിലേയ്ക്കും കടല്‍ കടന്നവര്‍ കൂടുതല്‍ ബുദ്ധിമാന്‍മാരാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നിത്തുടങ്ങി.

90’കളുടെ അവസാനം മുതല്‍ 2008 വരെ അയര്‍ലണ്ട് ലോകത്തിന് മുമ്പില്‍ നേടിയ യശഃസെല്ലാം കടലാസ് കൊട്ടാരം പോലെ തകര്‍ന്നടിയുന്നത് ഈ കാനാന്‍ ദേശത്തേക്ക് വന്ന കുടിയേറ്റക്കാര്‍ അമ്പരപ്പോടെയാണ് കണ്ടത്.

യഥാര്‍ഥ തകര്‍ച്ച ആരും മുന്‍കൂട്ടി കാണാഞ്ഞിട്ടൊന്നുമല്ല.പ്രോപ്പര്‍ട്ടിയുടെ വില ഇരുപത് ശതമാനം മുതല്‍ 60%വരെ കൂടുതലാണെന്ന് 2005 നവംബര്‍ മാസത്തില്‍ തന്നെ സെന്‍ട്രല്‍ ബാങ്ക് സമ്മതിച്ചിരുന്നു.എന്നിട്ടും നൂറു ശതമാനം ബാങ്ക് ലോണിന്റെ ബലത്തില്‍ വീടുകള്‍ വാങ്ങിയവരും മോര്‍ട്ട് ഗേജ് കൊടുത്തവരും വരാനിരിക്കുന്ന ദുരന്തത്തെ കണ്ടതില്ല എന്നതാണ് സത്യം.

2008 -2013 കാലത്തെ തകര്‍ച്ചയുടെ കാലത്ത് അയര്‍ലണ്ടില്‍ പണമിറക്കി നാമയില്‍ നിന്നും,ബാങ്കുകളില്‍ നിന്നും വീടുകള്‍ വാങ്ങിക്കൂട്ടിയ കുത്തക വള്‍ച്ചര്‍ ഫണ്ടുകളാണ് തങ്ങളുടെ മുടക്ക് മുതല്‍ മൂന്നിരട്ടി വരെ ലാഭം കൂട്ടി മുതലാക്കിയെടുക്കാന്‍ 2015 മുതല്‍ രംഗത്തെത്തിയത്.മൂന്നോ നാലോ കൊല്ലം ഭവനവിപണിയെ തൊടാതെ നിന്നപ്പോള്‍ രാജ്യത്ത് വീടുകള്‍ക്ക് ക്ഷാമമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.മറ്റൊരു സംഭവവും കൂടി നടന്നു.മാര്‍ക്കറ്റില്‍ എവിടെയെങ്കിലും വീടെത്തിയാല്‍ ഏത് വിലകൊടുത്തും കൈവശപ്പെടുത്താനും അവര്‍ക്ക് കഴിഞ്ഞു.ചുരുക്കത്തില്‍ വീടുകള്‍ക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ച വള്‍ച്ചര്‍ ഫണ്ടുകള്‍ക്ക് അവര്‍ക്ക് ഇഷ്ട്ടം പോലെയുള്ള നിരക്കില്‍ വാടകയ്ക്ക് കൊടുക്കാനും വീടുകള്‍ ലഭിച്ചു.

2015 മുതല്‍ മോര്‍ട്ട്‌ഗേജ് വീണ്ടും ലഭ്യമാവും എന്നായപ്പോള്‍,വിപണിയില്‍ എത്തുന്ന ആവശ്യക്കാര്‍ക്ക് വീടുകള്‍ വാങ്ങണമെങ്കില്‍ വള്‍ച്ചര്‍ ഫണ്ടുകളുടെ സ്വാധീനം അനുഭവിക്കാതെ പറ്റില്ല എന്ന അവസ്ഥയായി.

ഡണ്‍ലേരിയിലെ രാജേഷ് തന്നെ പറയട്ടെ …’ഇവിടെയുള്ള പല വീടുകളും 2014 ന് ശേഷം ഓരോ വര്‍ഷവും വില്‍ക്കുന്നതായി പറയപ്പെടുന്നുണ്ട്.എന്നാല്‍ അവിടെയൊന്നും പുതിയ താമസക്കാര്‍ വരുന്നില്ല എന്നതാണ് സത്യം.ഓരോ വര്‍ഷവും കൈമാറപ്പെടുന്നത് പുതിയ വള്‍ച്ചര്‍ ഫണ്ടുകള്‍ക്കോ അവരുടെ ബിനാമികള്‍ക്കോ തന്നെയാണ്.നികുതി പോയാലും ആദ്യ മുടക്കു മുതലില്‍ നിന്നും ഗണ്യമായ ലാഭം നേടിയാണ് ഓരോ തവണയും ഇവര്‍ വില്‍പ്പന നടത്തുന്നത്.ആവശ്യക്കാര്‍ക്ക് വീട് ലഭിക്കുന്നില്ലെന്ന് മാത്രമല്ല,ആ പ്രദേശത്തെ മറ്റു വീടുകള്‍ വില്‍പ്പന നടത്താനുള്ള അടിസ്ഥാനവിലയായി അത് നിജപ്പെടുത്തപ്പെടുകയും ചെയ്യും.

ഒരു വീട് വാങ്ങാനായി തേടുമ്പോള്‍ ഈ വില നിങ്ങള്‍ക്ക് ഡാഫ്റ്റിലോ മറ്റു ഹൗസിങ് സൈറ്റുകളിലോ കാണാനാവും.ആ പ്രദേശത്ത് അടുത്ത കാലത്ത് നടന്ന വില്‍പ്പന വില !വള്‍ച്ചര്‍ ഫണ്ടുകള്‍ തന്ത്രപൂര്‍വം കയറ്റിവെച്ച തുകയാണ് ഇതെന്നതാണ് യാഥാര്‍ഥ്യം.നടക്കുന്നത് കബളിപ്പിക്കല്‍ തന്നെ!

കൈവശപ്പെടുത്തി വെച്ച വീടുകള്‍ വാടകക്കാരില്‍ നിന്നും മാറ്റി വില്‍പ്പനയ്ക്ക് എത്തിക്കാനുള്ള ശ്രമമാണ് സെന്റ് ഹെലന്‍സ് കോര്‍ട്ടിലും നടക്കുന്നത്.

വാടക കൂട്ടാനുള്ള കാരണം പറഞ്ഞത് സമീപ പ്രദേശങ്ങളില്‍ പി ആര്‍ ടി ബി നിര്‍ണ്ണയിച്ച ഇന്‍ഡക്‌സ് വിലയുടെ അടിസ്ഥാനത്തില്‍ തന്നെയാവണം.ഡണ്‍ലേരി ടൗണിന്റെ മധ്യത്തിലുള്ള ഒരു ബില്‍ഡിംഗിന് ടൗണിലെ വീടിന്റെ വില അടിസ്ഥാനപ്പെടുത്താന്‍ റിസീവര്‍ക്ക് മടിക്കേണ്ടി വന്നില്ല.

1050 യൂറോയില്‍ നിന്നും 1650 യൂറോയിലേയ്ക്ക് ഒറ്റയടിക്ക് കൂട്ടാനുള്ള റിസീവറുടെ ‘ധൈര്യം’ ചോദ്യം ചെയ്യാന്‍ പക്ഷേ രാജേഷിനും കൂട്ടര്‍ക്കും ന്യായങ്ങള്‍ ഉണ്ടായിരുന്നു.യുദ്ധഭൂമിയില്‍ ശത്രുവിനെതിരെ പൊരുതാന്‍ പഠിപ്പിച്ച പട്ടാളതന്ത്രങ്ങള്‍ രാജേഷിന് ഇവിടെ തുണയായി.നഴ്സിംഗ് ഹോമിലെ ജോലിയ്ക്കിടയിലും നേടിയെടുത്ത സോഷ്യല്‍ സയന്‍സ് ബിരുദം ശാസ്ത്രീയമായി സംഭവത്തെ പി ആര്‍ ടി ബിയ്ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ രാജേഷ് മാടായിലിനെ സഹായിച്ചു.

അയര്‍ലണ്ടില്‍ ഏറ്റവും കൂടിയ ഭവനവില നിലനിന്ന 2008 ലെ വിലയും വാടകയും കമ്പനി അടിസ്ഥാനമാക്കിയപ്പോള്‍ ,അന്നത്തെയത്ര ഡിസ്‌പോസബിള്‍ ഇന്‍കം ഇപ്പോള്‍ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന വാദം ഉന്നയിച്ച് രാജേഷും സംഘവും അതിനെ നേരിട്ടു.2008 ആകെ വരുമാനത്തില്‍ നിന്നും ഇളവ് ചെയ്യേണ്ട ടാക്സിന്റെ പരിധി താരതമ്യേന കുറവായിരുന്നു.ഭക്ഷണമുള്‍പ്പെടെയുള്ള അനുദിന ചിലവുകളും കൂടിയാവുമ്പോള്‍ 2008ലെയോ,വീട് വാടകയ്ക്ക് എടുത്തപ്പോഴത്തെയോ വരുമാനം തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് കണക്കുകള്‍ സഹിതം എഴുതി സമര്‍പ്പിച്ചതോടെയാണ് കമ്പനി വാടക വര്‍ദ്ധനവ് പിന്‍വലിച്ചത്.

മറ്റാരും ചെയ്യാനും അവതരിപ്പിക്കാനും തയാറാവാത്ത ഈ ‘കണക്ക് വശം’ പി ആര്‍ ടി ബിയ്ക്ക് മുമ്പില്‍ എത്തിയപ്പോള്‍ തന്നെ കമ്പനി അപകടം മണത്തറിഞ്ഞു.വാര്‍ത്താ മാധ്യമങ്ങള്‍ക്കും,പൊതുസമൂഹത്തിന് മുമ്പിലേക്കും വേണ്ടി വന്നാല്‍ നീതി പീഠത്തിനും മുമ്പിലേക്ക് തങ്ങളെ വലിച്ചിഴയ്ക്കരുതെന്ന വാടകക്കാരുടെ മുന്നറിയിപ്പിനെ നിസാരമാക്കാന്‍ റിസീവര്‍ കമ്പനി തയാറല്ലായിരുന്നു.ഡണ്‍ലേരിയിലെ 17 വീടുകള്‍ക്ക് വാടക വര്‍ദ്ധനവ് പിന്‍വലിച്ച് അങ്ങനെയാണ് റിസീവര്‍ കമ്പനി തലയൂരിയത്.

എല്ലാവര്‍ക്കും എപ്പോഴും അറിയാവുന്ന കണക്കുകള്‍ തന്നെയായിരുന്നു അത്.ആരും നേരിട്ട് പറയാന്‍ തയാറാവാത്ത കണക്കുകള്‍.പി ആര്‍ ടി ബി എന്ന മധ്യസ്ഥകേന്ദ്രം ഉള്ളതിനാല്‍ സെന്റ് ഹെലന്‍സ് കോര്‍ട്ടിലെ വാടകക്കാരുടെ ആവലാതിക്ക് അങ്ങനെ താത്കാലിക പരിഹാരം നേടിയെടുക്കാന്‍ അവര്‍ക്കായി.

പക്ഷേ വള്‍ച്ചര്‍ കമ്പനി അവിടം കൊണ്ട് പ്രശ്നം അവസാനിപ്പിക്കുന്നില്ല എന്നതാണ് വീട് വിട്ടു കൊടുക്കാനുള്ള ആജ്ഞ പുറപ്പെടുവിച്ചതോടെ വ്യക്തമാകുന്നത്.

‘എങ്ങോട്ടു പോകണം എന്ന് ഞങ്ങള്‍ക്കറിയില്ല,ഇത് ഞങ്ങളുടെ സ്വന്തം വീട് പോലെയാണ് ഞങ്ങള്‍ കരുതുന്നത്.അത്രയ്ക്ക് സുരക്ഷിതത്വമുള്ള ഒരു സ്ഥലമാണിത്.അത് കൊണ്ട് തന്നെ ഇവിടെ തുടരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.സെന്റ് ഹെലന്‍സ് കോര്‍ട്ടിലെ മറ്റൊരു മലയാളി പാലക്കാട് നിന്നുള്ള എ കെ അരവിന്ദാക്ഷന്റെ ഭാര്യ സുപ്രിയ അരവിന്ദ് പറയുന്നു.

കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെ ജനകീയ അഭിപ്രായ രൂപീകരണവും പ്രതിഷേധ കൂട്ടായ്മയും ദിനം തോറും ശക്തമാകുകയാണ്.ഇതിനെതിരെയുള്ള പരാതിയില്‍ 4500പേരാണ് ഒപ്പ് വെച്ചിരിക്കുന്നത്.

‘ഈ പ്രശ്നം റസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കണം.ടെനന്‍സി പ്രൊട്ടക്ഷന്‍ ലെജിസ്ലേഷന്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. യഥാര്‍ഥത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുണ്ടോയെന്നും അവ അത്യാവശ്യമാണോയെന്നും ഗൗരവമായി പരിശോധിക്കണം എന്നതാണ് മറ്റൊരാവശ്യം.കമ്പനി ഞങ്ങളെ കബളിപ്പിച്ച് കെണിയിലാക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് സംശയിക്കേണ്ടത്.നിവേദനത്തില്‍ പറയുന്നു.

.ഈ കോംപ്ലക്സിലെ ആറ് യൂണിറ്റുകള്‍ കുത്തക കമ്പനികളുടേതല്ല. അതിന്റെ ഉടമസ്ഥര്‍ അവിടെ ജോലികളൊന്നും നടത്തുന്നില്ല.അനുകൂല തീരുമാനം സര്‍ക്കാരില്‍ നിന്നും ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കി സെന്റ് ഹെലന്‍സിലെ വാടകക്കാര്‍ക്ക് ഒപ്പം ചേരാനാണ് നാട്ടുകാരുടെ തീരുമാനം.കെട്ടിട ഉടമസ്ഥരായ കമ്പനികളുമായി ചര്‍ച്ച നടത്തുന്നതിനും ശ്രമം നടക്കുന്നുണ്ട്.

ഇത് ഈ 17 കുടുംബങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും ഈ ‘ബോട്ടില്‍’ ഒട്ടേറെ കുടുംബങ്ങള്‍ വേറെയുണ്ടെന്നും ഡണ്‍ലേരിയിലെ ടിഡി റിച്ചാര്‍ഡ് ബോയ്ഡ് ബാരറ്റ് (പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്) പറഞ്ഞു.

കടുത്ത വാടക വര്‍ധനയും വ്യാജവും നിസ്സാരവുമായ കാരണങ്ങളുടെ പേരില്‍ കുടിയൊഴിപ്പിക്കല്‍ അനുവദിക്കില്ലെന്നുമുള്ള സന്ദേശമാണ് മന്ത്രിയില്‍ നിന്നും ഉണ്ടാകേണ്ടതെന്ന് ടി ഡി പറഞ്ഞു.

ഈ കുത്തക കമ്പനികളുടെ പ്രോപ്പര്‍ട്ടി വിലയ്ക്കു വാങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എന്നിട്ട് താങ്ങാവുന്ന നിരക്കിന്മേല്‍ വാടകയ്ക്ക് നല്‍കണം. ഇത്തരത്തിലുള്ളൊരു നിയമത്തിക്കെുറിച്ച് വളരെ വര്‍ഷങ്ങളായി പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇതുവരെയും നിയമനിര്‍മ്മാണം മാത്രം ഉണ്ടായിട്ടില്ല-ടിഡി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം,വാടകനിയന്ത്രണ നിയമം പ്രാബല്യത്തില്‍ വരുന്നതിന് രണ്ടു ദിവസം മാത്രം മുമ്പ് വാടക ഗണ്യമായി വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നീക്കം നടത്തിയത്.അത് നടന്നില്ല. അതിനെ മറികടക്കാനാണ് നവീകരണത്തിന്റെ പേരിലുള്ള ഈ നീക്കമെന്നാണ് പൊതുവില്‍ കരുതുന്നത്.സെന്റ് ഹെലന്‌സ് കോര്‍ട്ടിലെ കുടിയൊഴിപ്പിക്കല്‍ ശ്രമങ്ങളില്‍ നിന്നും ഉടമകള്‍ പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ഡണ്‍ലേരിയിലെ ജനസമൂഹം.(തുടരും)

റെജി സി ജേക്കബ് 

Scroll To Top