Tuesday October 16, 2018
Latest Updates

വ്യാജവിവാഹം കഴിച്ച് അയര്‍ലണ്ടില്‍ താമസിച്ച  ഇന്ത്യക്കാരന്‍ പിടിയിലായി,തകര്‍ന്നടിയുന്നത് വന്‍ ബിസിനസ് സ്വപ്നങ്ങള്‍

വ്യാജവിവാഹം കഴിച്ച് അയര്‍ലണ്ടില്‍ താമസിച്ച  ഇന്ത്യക്കാരന്‍ പിടിയിലായി,തകര്‍ന്നടിയുന്നത് വന്‍ ബിസിനസ് സ്വപ്നങ്ങള്‍

ഡബ്ലിന്‍:അയര്‍ലണ്ടില്‍ താമസിക്കുന്നതിനുള്ള വിസ തരപ്പെടുത്താന്‍ ലാത്വിയന്‍ വംശജയുമായി ‘വ്യാജ വിവാഹം’ നടത്തിയ ഇന്ത്യന്‍ യുവാവ് പിടിയിലായി.

അയര്‍ലണ്ടില്‍ പഠനത്തിന് എത്തിയ ഇയാള്‍ സ്റ്റഡി വിസയുടെ കാലാവധി അവസാനിച്ചതോടെയാണ് അയര്‍ലണ്ടില്‍ തുടര്‍ന്നും താമസിക്കാനുള്ള തന്ത്രം മെനഞ്ഞത്.യൂറോപ്യന്‍ യൂണിയനില്‍ പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിയ്ക്ക് യൂറോപ്പില്‍ താമസിക്കാനുള്ള അനുമതി നല്‍കുമെന്ന നിയമം ഉപയോഗപ്പെടുത്തി ലാത്വിയന്‍ യുവതിയെ ‘വാടകയ്ക്കെടുത്ത്’ വിവാഹം കഴിക്കുകയാനായിരുന്നു.

വിവാഹം പണം കൊടുത്ത് കൃത്രിമമായി നടത്തിയതാണെന്ന് അന്വേഷണസംഘം കണ്ടെത്തിയതോടെയാണ് ലീമെറിക്കിലെ താമസക്കാരനായ പങ്കജ് പാണ്ഡെയെയും,വ്യാജ വധുവായ ലാത്വിയകാരിയും അറസ്റ്റിലായത്.

2006 ല്‍ അയര്‍ലണ്ടില്‍ പഠിക്കാനെത്തിയ ഇയാള്‍ ഏഴായിരം യൂറോ പ്രതിഫലം നല്‍കിയാണ് വ്യാജവധുവിനെ സംഘടിപ്പിച്ച് 2012 ല്‍ ‘വിവാഹിതനായത്’.വിവാഹ ശേഷം പാണ്ഡെയ്ക്ക് വിസ ലഭിച്ചതോടെ വധു പ്രതിഫലവും വാങ്ങി താമസസ്ഥലമായ യൂകെയിലേക്ക് തിരികെ പോകുകയും ചെയ്തു.

യൂറോപ്യന്‍ വംശജരെ വ്യാജ വിവാഹം കഴിച്ച് പൗരത്വം നേടുന്ന തട്ടിപ്പിനെ കുറിച്ച് അന്വേഷണം നടത്തുന്ന ഗാര്‍ഡയുടെ പ്രത്യേക സംഘമാണ് പാണ്ഡെയുടെ തട്ടിപ്പും കണ്ടെത്തിയത്.ഇതിനിടെ ലാത്വിയക്കാരിയായ ‘വധുവിനെ’ ഡബ്ലിനില്‍ എത്തിച്ച് അവര്‍ ഇപ്പോഴും തന്റെ ഭാര്യയാണെന്ന് തെളിയിക്കാനുള്ള പാണ്ഡെയുടെ ശ്രമവും തെളിവില്ലാതെ വിജയിക്കാതെ വന്നതോടെയാണ് അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.

അയര്‍ലണ്ടില്‍ താമസിക്കാനുള്ള അനുമതി നേടിയിരുന്ന ലുധിയാന സ്വദേശിയായ പാണ്ഡേ ഇതിനകം ലീമെറിക്കില്‍ നല്ലൊരു ബിസിനസ് സാമ്രാജ്യം തന്നെ കെട്ടിപ്പൊക്കിയിട്ടുണ്ട്..മുപ്പതോളം പേര്‍ ജോലി ചെയ്യുന്ന അഞ്ച്   സബ്ബ്  വേ സ്റ്റോറുകളും,ഒരു ഫോര്‍ സ്റ്റാര്‍ പിസ സ്റ്റോറും ഇയാള്‍ക്ക് സ്വന്തമായി ഉണ്ട്.

ഐറിഷ് സിറ്റിസണ്‍ഷിപ്പിന് അപേക്ഷിച്ചു കാത്തിരിക്കുന്നതിനിടയിലാണ് പാണ്ഡേയെ ഗാര്‍ഡ പിടി കൂടിയത്.ഇതോടെ ഇയാളുടെ പൗരത്വ അപേക്ഷയുടെ തീരുമാനവും നീട്ടിവെയ്ക്കപ്പെട്ടിരിക്കുകയാണ്.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top