Saturday July 22, 2017
Latest Updates

വേറിട്ട സമരമാര്‍ഗവുമായി ഐറീഷ് കര്‍ഷകര്‍: വിളനാശത്തിന് നഷ്ടപരിഹാരമില്ല; കര്‍ഷകര്‍ ഊണും ഉറക്കവും കൃഷിമന്ത്രാലയത്തിലാക്കി

വേറിട്ട സമരമാര്‍ഗവുമായി ഐറീഷ് കര്‍ഷകര്‍: വിളനാശത്തിന് നഷ്ടപരിഹാരമില്ല; കര്‍ഷകര്‍ ഊണും ഉറക്കവും കൃഷിമന്ത്രാലയത്തിലാക്കി

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വിളനാശത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡബ്ലിനിലെ കൃഷി മന്ത്രാലയത്തില്‍ സമരം തുടരുന്നു.പ്രധാനമായും ടില്ലേജ് കര്‍ഷകരാണ് സമരം നടത്തുന്നതെങ്കിലും മറ്റു കര്‍ഷകരും പിന്തുണയുമായുണ്ട്.അതേ സമയം സമരക്കാരെ കണ്ടു സമരം പരിഹരിക്കാന്‍ കൃഷി മന്ത്രി ശ്രമിക്കാത്തതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

മാറുന്ന കാലാവസ്ഥ മൂലം തകിടം മറിഞ്ഞ ജീവിതവും വന്‍ വിളനാശവും എങ്ങുമെത്താത്ത നഷ്ടപരിഹാരവും ജീവിതത്തെ ദുരിതത്തിലാക്കിയതോടെയാണ് വേറിട്ട സമരമാര്‍ഗവുമായി കര്‍ഷകര്‍ രംഗത്തുവന്നത്.പ്രശ്നത്തിന് അടിയന്തിര പരിഹാരം തേടി ഒരു വിഭാഗം കര്‍ഷകര്‍ ഊണും ഉറക്കവും കില്‍ഡയര്‍ സ്ട്രീറ്റിലെ കൃഷിമന്ത്രാലയത്തിലേക്ക് ‘മാറ്റുകയായിരുന്നു’.

കാര്‍ഷിക ഉല്‍പ്പന്നങ്ങളുമായാണ് ഇവര്‍ കൃഷി ഓഫിസിലെത്തിയത് .ഇത് നാടകീയരംഗങ്ങള്‍ക്കു സാക്ഷ്യംവഹിച്ചു. ഇവരെ ഇവിടെ നിന്നും നീക്കാനായി ഗാര്‍ഡയെത്തിയത് നേരിയ സംഘര്‍ഷത്തിനും കര്‍ഷകരുടെ കോപപ്രകടങ്ങള്‍ക്കും കാരണമായി. ഇന്നലെ ഇവിടെയുറങ്ങിയ കര്‍ഷകര്‍ ഇന്നും ഇവിടെത്തന്നെ തങ്ങുമെന്നാണ് സൂചന. അതേസമയം, പ്രശ്നത്തില്‍ അടിയന്തിര ഇടപെടലുണ്ടാകുമെന്ന സൂചന സര്‍ക്കാര്‍ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്.

കോര്‍ക്കിലെയും കില്‍ഡയറിലെയുമൊക്കെ കര്‍ഷകര്‍ക്കാണ് ഏറ്റവും കൂടുതല്‍ വിളനാശം സംഭവിച്ചത്.ഇതുസംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ 15000യൂറോ വരെ നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പുലഭിച്ചിരുന്നതായി ഐറീഷ് ഫാര്‍മേഴ്സ് അസോസിയേഷന്‍ (ഐഎഫ്എ) പ്രസിഡണ്ട് ജോ ഹീലി പറയുന്നു. ഇ.യു. നിയമപ്രകാരമുള്ള പരമാവധി തുകയാണ് ഇത്.എന്നാല്‍ ഇക്കാര്യം വകുപ്പധികൃതര്‍ നിഷേധിക്കുന്നു. അത്തരത്തിലുള്ള ഒറു ഒത്തുതീര്‍പ്പും കര്‍ഷകരുമായുണ്ടാക്കിയിട്ടില്ലെന്നാണ് അവരുടെ വാദം.

കര്‍ഷകന് 5000യൂറോ വീതം നഷ്ടപരിഹാരം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അത്ഭുതപ്പെടുത്തുന്നതായി ഹീലി പറഞ്ഞു.കൃഷി മന്ത്രിമൈക്കിള്‍ ക്രീഡുമായി അടിയന്തിര ചര്‍ച്ച നടത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.250ഓളം ടില്ലേജ് കര്‍ഷകര്‍ക്ക് വന്‍ വിളനാശമാണ് ഉണ്ടായിട്ടുള്ളത്.മന്ത്രിയെ കണ്ട് പ്രശ്നത്തിന് പരിഹാരമുണ്ടാവാതെ കൃഷി മന്ത്രാലയം വിടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.

600000യൂറോയുടെ കൃഷിനാശമുണ്ടായ ആള്‍ക്ക് 5000യൂറോ ലഭിച്ചിട്ടെന്താണ് കാര്യമെന്ന് കര്‍ഷകര്‍ ചോദിക്കുന്നു.അധികം കര്‍ഷര്‍ക്കൊന്നും കൃഷി നശിച്ചിട്ടില്ല. എന്നാല്‍ സംഭവിച്ചവര്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.സാമ്പത്തിക പ്രശ്നം മൂലം മക്കളുടെ കോളജ് പഠനം അവസാനിപ്പിച്ച കര്‍ഷകര്‍ ഇക്കൂട്ടത്തിലുണ്ട്.കന്നുകാലികളെ വില്‍ക്കേണ്ടിവന്നവരുമുണ്ട്’ കില്‍ഡയറിലെ കര്‍ഷകനായ ലിയാം ഡ്യൂനേ ചൂണ്ടിക്കാട്ടി.

ഐഎഫ്എയുടെ നിവേദനം കിട്ടിയെന്നു സ്ഥിരീകരിച്ച കൃഷി മന്ത്രാലയം എത്രയും വേഗം തന്നെ ഇതുസംബന്ധിച്ച ചര്‍ച്ചയുണ്ടാകുമെന്നും അറിയിച്ചു..കാര്‍ഷിക വിളനാശം സംബന്ധിച്ച നഷ്ടപരിഹാര പദ്ധതി ഇതുവരേയും അന്തിമമാക്കിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Scroll To Top