Friday November 16, 2018
Latest Updates

വീണ്ടുമൊരു നഴ്സസ് ഡേ: ‘അയര്‍ലണ്ടിലെ മലയാളി നഴ്സുമാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സമയമാണിത്’ …ബിനില കുര്യന് പറയാനുള്ളത് 

വീണ്ടുമൊരു നഴ്സസ് ഡേ: ‘അയര്‍ലണ്ടിലെ മലയാളി നഴ്സുമാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സമയമാണിത്’ …ബിനില കുര്യന് പറയാനുള്ളത് 

ന്ന് ഇന്റര്‍ നാഷണല്‍ നഴ്സസ് ഡേ…ആധുനിക നഴ്‌സിങിന് അടിത്തറ പാകിയ ഫ്‌ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനമാണ് ലോക നഴ്‌സസ് ദിനമായി ആചരിക്കുന്നത്. 1820 മേയ് 12 നായിരുന്നു ‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്ന ഫ്‌ലോറന്‍സിന്റെ ജനനം.

ഡോക്ടര്‍മാര്‍ ദൈവത്തിന്റെ കരങ്ങളാണെങ്കില്‍, രാത്രിയും പകലുമെന്നില്ലാതെ നമുക്കൊപ്പം ഓരോ നിമിഷവും ചിലവഴിക്കുകയും നമുക്കരികില്‍ തുണയിരിക്കുകയും ചെയ്യുന്ന നേഴ്സുമാര്‍.രോഗികളെ പൊതിഞ്ഞു സംരക്ഷിക്കുന്ന ദൈവത്തിന്റെ സംരക്ഷണ കവചമാണവര്‍

സഹാനുഭൂതി, സഹിഷ്ണുത, ക്ഷമ, ആത്മാര്‍ഥത എന്നിവയുടെയൊക്കെ പര്യായമാണ് നേഴ്സുമാര്‍ എന്ന് ബാക്കിയുള്ളവര്‍ പറയുമ്പോള്‍ ആ വിശേഷങ്ങള്‍ക്ക് തികച്ചും അര്‍ഹരാണവര്‍.

‘Nurses A Voice to Lead – Health is a Human right’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് 2018 ലെ അന്താരാഷ്ട്ര ദിനം നേഴ്‌സിംഗ് സമൂഹം ആഘോഷിക്കുന്നത്. നേഴ്‌സിംഗ് മേഖലയില്‍ സേവനം നടത്തുന്ന കേരളത്തില്‍ നിന്നുള്ള നേഴ്‌സുമാരെ സംബന്ധിച്ച് ഈ മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ ശരിയും അവരുടെ സേവനത്തിനുള്ള അംഗീകാരവും കൂടിയാണ്. ഏറ്റവും വലിയ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് നേഴ്സുമാര്‍. ലോകമെമ്പാടുമുള്ള അശരണര്‍ക്കും രോഗികള്‍ക്കും ആശ്വാസമേകുന്നവരാണ് കേരളത്തിലെ നേഴ്സുമാര്‍.എല്ലാ ഭൂഖണ്ഡങ്ങളിലും തന്നെ കേരളത്തില്‍ നിന്നുള്ള നേഴ്സുമാരുടെ പരിചരണത്തിന്റെ സ്‌നേഹം പറന്നു കിടക്കുന്നു.

ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 20 ലക്ഷം നഴ്സുമാരില്‍ 18 ലക്ഷവും മലയാളികളാണ്.അയര്‍ലണ്ടിലാവട്ടെ ആറായിരത്തോളം ഇന്ത്യന്‍ നഴ്സുമാര്‍ ഉണ്ടെന്നാണ് പുതിയ കണക്കുകള്‍.

ഇന്ത്യയിലെ ആകെ നേഴ്‌സുമാരില്‍ 60 ശതമാനം നേഴ്‌സുമാരും കേരളീയരാണ്.ഗള്‍ഫ് രാജ്യങ്ങളില്‍ 50 ശതമാനത്തിലധികം നേഴ്‌സുമാരും ഇന്ത്യക്കാരാണ്.ഇതില്‍ 70 ശതമാനം നേഴ്സുമാര്‍ കേരളത്തില്‍ നിന്നുള്ളവരാണ് .ലോകം മുഴുവന്‍ ഉള്ള മലയാളി നേഴ്സുമാര്‍ക്ക് ഈ കണക്കുകള്‍ അഭിമാനം നല്‍കുന്നതാണ്.

2016 ലെ കണക്കുകള്‍ പ്രകാരം കേരള നേഴ്‌സിംഗ് കൗണ്‍സിലിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത നേഴ്‌സുമാരില്‍ 38 ശതമാനം പേരും ഇന്ത്യക്ക് പുറത്ത് ജോലിചെയ്യുന്നവരാണ്.

15 % പേര്‍ ആസ്ത്രേലിയായിലും , 12 % നേഴ്സുമാര്‍ മിഡില്‍ ഈസ്റ്റിലും ജോലി ചെയ്യുമ്പോള്‍ ലോകത്തിലെ എല്ലാ പ്രമുഖ രാജ്യങ്ങളിലും നമ്മുടെ കൊച്ചു സംസ്ഥാനത്തുനിന്നുള്ള നഴ്സുമാര്‍ സേവനത്തിനെത്തുന്നു.ലളിതമായി പറഞ്ഞാല്‍ ഓരോ വര്‍ഷവും കേരളത്തിലെ ധനകാര്യനിക്ഷേപങ്ങളില്‍ 15 ലക്ഷം കോടി രൂപ ലോകമെമ്പാടുമുള്ള മലയാളി നേഴ്സുമാരുടെ വിയര്‍പ്പില്‍ നിന്നും ഉയരുന്നതാണ്

അയര്‍ലണ്ടിലെന്നല്ല ദുബായ്, മെല്‍ബണ്‍, വിയന്ന, ഫ്‌ലോറിഡ, നോര്‍വേ, ആസ്ത്രേലിയ, തുടങ്ങി യുദ്ധമേഖലയായ ഇറാഖ് ,ലിബിയ, സിറിയ, തുടങ്ങിയ രാജ്യങ്ങളിലൊക്കെയും മലയാളി നേഴ്സുമാര്‍ സേവനം അനുഷ്ഠിക്കുന്നു.രണ്ടായിരാമാണ്ടിലാണ് അയര്‍ലണ്ടില്‍ ആദ്യമായി മലയാളി നഴ്സുമാര്‍ സേവനത്തിന് സംഘടിതമായി കുടിയേറിയത്.

കൃത്യനിഷ്ഠയോടെ കഠിനാധ്വാനം ചെയ്യുന്നവരാണ് ഈ മാലാഖമാര്‍.എന്നിട്ടും,അര്‍ഹിക്കുന്ന പരിഗണന ഇവര്‍ക്ക് ലോകത്തില്‍ നിന്ന് ലഭിക്കുന്നില്ല എന്നത് ഒരു പരാതിയായി ഉയര്‍ത്തുന്നില്ലെങ്കിലും അതൊരു യാഥാര്‍ഥ്യമാണ്.വേതനം ലഭിക്കാത്ത അവസ്ഥയില്‍ പോലും ആത്മാര്‍ഥതയോടെ ജോലിചെയ്യാന്‍ ഇവര്‍ തയ്യാറാവുന്നു.അതാണ് ഇവരുടെ മഹത്വവും.
ജോലിയില്‍ ഈ ആവേശവും സന്തോഷവും സ്വയമായി അനുഭവിക്കാന്‍ സാധിക്കാതെ ഒരു നേഴ്സിന് മികച്ച സംരക്ഷണവും പിന്തുണയും രോഗിക്ക് നല്‍കാന്‍ സാധിക്കില്ലെന്നും അവര്‍ പറയുന്നു.എന്നാല്‍ നേഴ്സുമാര്‍ക്ക് അര്‍ഹമായ പരിഗണനയോ , സാമ്പത്തിക പിന്തുണയോ ലഭിക്കുന്നില്ല എന്ന വസ്തുത ദുഃഖകരമാണ്. ലോകത്തിലെവിടെയും ഈ പ്രതിഭാസത്തിന് മാറ്റമൊന്നുമില്ല.കേരളത്തിലെ നേഴ്സുമാര്‍ മിനിമം വേതനത്തിനായി പൊരുതേണ്ട അവസ്ഥ പൂര്‍ണ്ണമായും തീര്‍ന്നിലിട്ടില്ല.

അയര്‍ലണ്ടിലാവട്ടെ ഈ അവസ്ഥ കുറച്ചെങ്കിലും വ്യത്യസ്തമാണെന്നാണ് ഡബ്ലിന്‍ താല ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ നഴ്‌സ് ഫെസിലിറ്റേറ്ററും,ലക്ച്ചററുമായ ബിനില കുര്യന്‍ പറയുന്നത്. കുറച്ചെങ്കിലും പ്രയത്‌നമെടുക്കാന്‍ താത്പര്യപ്പെടുന്നവരൊക്കെ അംഗീകാരത്തിന്റെ നിറവിലെത്തുന്നത് മലയാളി നഴ്സുമാര്‍ക്ക് അഭിമാനം നല്‍കുന്നുണ്ട്.

കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ അംഗീകാരം തേടിയെത്തി ഉന്നത സ്ഥാനത്തെത്തിയവര്‍ നിരവധിയാണ്.ഡോ.ഷേര്‍ളി ജോര്‍ജും,ഡോ.സുജ സോമനാഥും,ഡോ.ടോണി തോമസും,പ്രിയ ദേവനും,ബിനി സന്തോഷുമടക്കം അടക്കമുള്ള നിരവധി നഴ്സുമാരാണ് മികവ് തെളിയിച്ചവരായി അയര്‍ലണ്ടിലെ വിവിധ സ്ഥാപനങ്ങളിലായി മലയാളി നഴ്സുമാരുടെ അഭിമാനമായി തിളങ്ങുന്നത്.’അയര്‍ലണ്ടിലെത്തി പിറ്റേ വര്‍ഷം,2002 ല്‍ തന്നെ ഡബ്ലിനിലെ റോയല്‍ കോളജ് നഴ്സസില്‍ നിന്നും ഉന്നത പഠനത്തിന് ചേര്‍ന്ന ബിനില പറഞ്ഞു.

ആദ്യമായി അവിടെ പഠിക്കാനെത്തിയ മൂന്ന് മലയാളികളില്‍ ഒരാളായിരുന്നു അന്ന് ഞാന്‍…ഇന്നാവട്ടെ അയര്‍ലണ്ടിലെ മലയാളി നഴ്സുമാരില്‍ മിക്കവരും ഏതെങ്കിലും ഉപരി പഠനത്തിന് ചേരുന്നുണ്ട്.അതും പ്രശസ്തമായ സ്ഥാപനങ്ങളില്‍ തന്നെ.പഠനത്തിലൂടെ നേടിയെടുക്കുന്ന അറിവും അനുഭവസമ്പത്തും കൂട്ടി ചേര്‍ത്താല്‍ മലയാളി നഴ്സുമാര്‍ അയര്‍ലണ്ടിനെ മാത്രമല്ല,യൂറോപ്പിനെ മുഴുവന്‍ ആനയിക്കാനുള്ള ശേഷിയുള്ളവരാണ് മലയാളി നഴ്സുമാര്‍… എന്‍എം ബി ഐ യോ ,ഐ എന്‍ എം ഓ പോലുള്ള നയരൂപീകരണ നേതൃനിരകളിലുള്ള ഉത്തരവാദിത്വങ്ങളിലൊക്കെ പ്രവേശിക്കാനുള്ള സമയമാണ് നമുക്ക് ഇപ്പോള്‍.അത് നാം പ്രയോജനപ്പെടുത്തണം.ബിനില അഭിപ്രായപ്പെട്ടു.

എങ്കിലും അയര്‍ലണ്ടിലെ പുതിയ സാഹചര്യത്തില്‍ 90 ശതമാനം പേരും നിരാശരാണെന്നാണ് ബിനില കുര്യന്‍ പറയുന്നത്.കടുത്ത സമ്മര്‍ദമാണ് ജോലി സ്ഥലത്ത് അയര്‍ലണ്ടിലെ നഴ്സുമാര്‍ അനുഭവിക്കേണ്ടി വരുന്നതെന്ന പഠനങ്ങള്‍ ഒരു പരിധി വരെ ശരിയാണ്.നിലവിലുള്ള ഒഴിവുകള്‍ നികത്തിയാല്‍ മാത്രം മതി 2009 ന് മുമ്പ് അയര്‍ലണ്ടിലെ നഴ്സുമാര്‍ അനുഭവിച്ച തൊഴില്‍ സംതൃപ്തിയിലേയ്ക്ക് തിരിച്ചുപോകാന്‍. ബിനില പറയുന്നു.സര്‍ക്കാര്‍ ,ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ നടപ്പാക്കാനെടുക്കുന്ന താമസം ആരുടേയും മനസ് മടുപ്പിക്കുന്നതാണ്.

നഴ്സുമാര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം രോഗികളുടെ സംതൃപ്തിയാണ്. നേഴ്സുമാര്‍ രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും അവരുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.വ്യത്യസ്തരും പലതരം ആവശ്യങ്ങളുമായി എത്തുന്ന രോഗികളെ ദിവസവും പരിചരിക്കുക എന്നത് ഒരിക്കലും ഒരു എളുപ്പ ജോലിയല്ല.

” രോഗിയുടെ സംതൃപ്തിയാണ് ഞങ്ങളുടെ ഏറ്റവും വലിയ പ്രതിഫലം. ഹോസ്പിറ്റലില്‍ നിന്നും ഒരു രോഗി സുഖം പ്രാപിച്ചു സന്തോഷത്തോടെ പുറത്തിറങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നത് വലിയ സംതൃപ്തിയാണ്.”

നേഴ്‌സിംഗ് ഒരു ലളിതമായ പ്രവര്‍ത്തിയല്ല. ഡോക്ടര്‍മാര്‍ക്ക് നല്‍കാനാകാത്ത ഒരു ബന്ധമാണ് നേഴ്സും രോഗിയും തമ്മില്‍ ഉണ്ടാകുന്നത്. അവരാണ് ആദ്യം മുതല്‍ അവസാനം വരെ നമുക്കൊപ്പം നില്‍ക്കുകയും നമ്മെ പരിചരിക്കുകയും ചെയ്യുന്നത്.

” ഒരു നേഴ്‌സ് ആകാന്‍ സാധിച്ചു എന്നതില്‍ ഏറെ അഭിമാനമാണ് എനിക്കുള്ളത്..”ബിനില പറഞ്ഞു നിര്‍ത്തി.

ഏത് വേദനയിലും രോഗദുരിതത്തിലും നമുക്ക് സാന്ത്വനമാകുന്ന മാലാഖമാരുടെ പുഞ്ചിരിക്ക് പിന്നില്‍ കണ്ണീരിന്റെ നനവുണ്ടെങ്കിലും,അവര്‍ അത് നാം കാണാറില്ല.ദൈവസ്പര്‍ശമുള്ള കാരുണ്യത്തിന്റെ തിളങ്ങുന്ന കണ്ണുകള്‍ മരുന്നിനേക്കാള്‍ ഫലം ചെയ്യുമെന്ന് അവര്‍ക്കറിയാം,ആ തിരിച്ചറിവാണ് ഏത് പ്രതിസന്ധികളെയും അതിജീവിക്കാന്‍ അവരെ സഹായിക്കുന്നതും.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top