Saturday January 20, 2018
Latest Updates

വീണ്ടും വിമാന ദുരന്തം; മലേഷ്യന്‍ വിമാനം തകര്‍ന്ന് വീണ് 295 പേര്‍ കൊല്ലപ്പെട്ടു

വീണ്ടും വിമാന ദുരന്തം; മലേഷ്യന്‍ വിമാനം തകര്‍ന്ന് വീണ് 295 പേര്‍ കൊല്ലപ്പെട്ടു

മോസ്‌കോ: വീണ്ടും മലേഷ്യന്‍ വിമാന ദുരന്തം. ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പോകുകയായിരുന്ന മലേഷ്യന്‍ വിമാനം ഉക്രൈനില്‍ തകര്‍ന്നു വീണു. റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് 81 കിലോമീറ്റര്‍ മാറി ഉക്രൈന്‍ അതിര്‍ത്തിയിലാണ് വിമാനം തകര്‍ന്നു വീണത്. ബോയിംഗ് 777 വിമാനമാണ് തകര്‍ന്നു വീണത്. ആഭ്യന്തര സംഘര്‍ഷം നടക്കുന്ന റഷ്യന്‍, ഉക്രൈന്‍ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങള്‍ക്കിടയില്‍ നടന്ന മിസൈല്‍ ആക്രമണത്തിലാണ് വിമാനം തകര്‍ന്നു വീണത്. ഉക്രൈന്‍ ആക്രമണത്തിലാണ് വിമാനം തകര്‍ന്നതെന്ന് റഷ്യയും റഷ്യന്‍ മിസൈലാണ് വിമാനം തകര്‍ത്തതെന്ന് ഉക്രൈനും ആരോപിച്ചു.

15 ജീവനക്കാര്‍ അടക്കം വിമാനത്തില്‍ ഉണ്ടായിരുന്ന 295 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഉക്രൈന്‍ വ്യോമാതിര്‍ത്തിയില്‍ 10 കിലോമീറ്റര്‍ ഉയരത്തില്‍നിന്നാണു വിമാനം നിലംപതിച്ചതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരന്തത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറിയിച്ചു. ഈ വര്‍ഷം തന്നെ ഇത് രണ്ടാമത്തെ വിമാന ദുരന്തമാണ് മലേഷ്യ നേരിടുന്നത്.

കഴിഞ്ഞ മാര്‍ച്ച് 8 ന് ജീവനക്കാര്‍ ഉള്‍പ്പെടെ 239 പേരുമായി ബീജിങ്ങിലേക്ക് പോയ മലേഷ്യന്‍ വിമാനം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അഞ്ചു ഇന്ത്യക്കാരുള്‍പ്പെടെ 239 പേരുമായി പോയ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണു എന്ന നിഗമനത്തിലാണ് അധികൃതര്‍. എന്നാല്‍ ഇതുവരെയും അത് തെളിയിക്കുന്നതിനുള്ള അവശിഷ്ടങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.

Scroll To Top