Wednesday February 22, 2017
Latest Updates

വീട് വേണോ വീട് ? അയര്‍ലണ്ടില്‍ ഒരു വീട് …

വീട് വേണോ വീട് ? അയര്‍ലണ്ടില്‍ ഒരു വീട് …

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഭവന മേഖലയെ കേന്ദ്രീകരിച്ചു ദിവസം തോറും വ്യത്യസ്തമായ നിരീക്ഷണങ്ങള്‍ പുറത്തുവരുന്നത് ജനങ്ങളെ ആശയകുഴപ്പത്തില്‍ ആഴ്ത്തുന്നു.

വാടകയ്ക്ക് വീടുകള്‍ ലഭ്യമാവാതിരിക്കുകയും ,ഉള്ള വീടുകള്‍ക്ക് വര്‍ദ്ധിച്ച വാടക നല്‌കേണ്ടി വരുകയും ചെയ്തതോടെ കുടിയേറ്റക്കാരുള്‍പ്പെടെ ഒട്ടേറെ പേര്‍ ഇത് വീട് വാങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയമെന്ന് കരുതുന്നതായി സര്‍വേ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.അതേ സമയം സര്‍ക്കാര്‍ ഭവനമേഖലയില്‍ നടപ്പാക്കാനുദ്ധേശിക്കുന്ന പുതിയ പദ്ധതിയ്‌ക്കെതിരെ പ്രതിപക്ഷവും,ഒരു വിഭാഗം സാമ്പത്തിക വിദഗ്ദരും കടുത്ത വിമര്‍ശനവുമായി രംഗത്തുണ്ട്.

സര്‍ക്കാരും ,ബാങ്കുകളും,കണ്‍സ്ട്രക്ഷന്‍ കമ്പനികളും, റിയല്‍ എസ്‌റ്റേറ്റ് ദല്ലാള്‍മാരും ചേര്‍ന്ന് നിര്‍മ്മാണ മേഖലയില്‍ പുതിയ മുന്നേറ്റം ഉണ്ടാക്കുന്നതിനായി ശ്രമിക്കുമ്പോള്‍ പുതിയ തൊഴിലവസരങ്ങളും,ഭവനങ്ങളും ഉണ്ടാകുമെന്ന് ഉറപ്പാണ്.അതെ സമയം കൂടിയ പലിശനിരക്ക്,വര്‍ദ്ധിച്ച തിരിച്ചടവ്,എന്നിവ വഴി മൊര്‍ട്ട്‌ഗേജ് സ്വന്തമാക്കുന്നവര്‍ക്ക് നിലവിലുള്ള വേതന സാഹചര്യങ്ങളില്‍ തന്നെ കൂടുതല്‍ തിരിച്ചടവ് അനിവാര്യമാവുന്നതോടെ ജനജീവിതം കൂടുതല്‍ സംഘര്‍ഷ മുഖരിതമാവുമെന്നാണ് പ്രതിപക്ഷ നിരീക്ഷണം.

ഇടത്തരക്കാരായ യുവദമ്പതികള്‍ അടക്കമുള്ളവര്‍ക്ക് സര്‍ക്കാരിന്റെ കണ്‍സ്ട്രക്ഷന്‍ 2020 സ്‌കീം വലിയ പ്രയോജനമാവുമെന്നാണ് പ്രധാനമന്ത്രി എന്‍ടാ കെന്നിയും ധനമന്ത്രിയും കരുതുന്നത്.ചില ബാങ്കുകള്‍ മോര്‍ട്ട്‌ഗേജിന്റെ 20 %വരേ ഡിപ്പോസിറ്റ് മണിയായി ആവശ്യപെടുന്ന സാഹചര്യത്തില്‍ അതിന്റെ പകുതിയെങ്കിലും സര്‍ക്കാര്‍ വിഹിതമായി നല്‍കാനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.

രാജ്യത്ത് പ്രത്യേകിച്ചും ഡബ്ലിനില്‍ വീടുകളുടെ ദൗര്‍ലഭ്യത സാധാരണക്കാരില്‍ ‘ഒരുതരം’ഭീതി തന്നെ ഉളവക്കിയിട്ടുണ്ട്.മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാരില്‍ ബഹുഭൂരിപക്ഷവും വര്‍ഷങ്ങളായി വാടക വീടുകളിലാണ് താമസിക്കുന്നത്.വീട്ടുവാടക വര്‍ദ്ധിക്കുകയും ,വീടുകള്‍ വാടകയ്ക്ക് ലഭ്യമല്ലാതാവുകയും ചെയ്യുന്നതോടെ വരുമാനത്തിന്റെ സിംഹഭാഗവും വാടകഇനത്തില്‍ മാത്രം ചിലവഴിക്കേണ്ടി വന്നിരിക്കുകയാണ്.

ഇവരും പുതിയ വീടുകള്‍ വാങ്ങാനുള്ള ആലോചനകള്‍ ആരംഭിക്കവെയാണ് വീട് വില വീണ്ടും കൂടിയത്. എങ്കിലും വീട് വില മുകളിലേക്ക് കുതിച്ച് ഉയരുമ്പോഴും ആവശ്യത്തിന്
ആനുപാതികമായി വീടുകളുടെ എണ്ണം വര്‍ദ്ധിക്കാത്ത സാഹചര്യത്തില്‍ വീട് വാങ്ങാന്‍
ഇത് അനുകൂല സമയമാണെന്ന ധാരണയിലാണ് ഇവരില്‍ ഭൂരിപക്ഷം പേരുമെന്ന് പഠനങ്ങള്‍ പറയുന്നു..

അയര്‍ലണ്ടിലെ വീടുകളുടെ വില ഇനിയും വര്‍ദ്ധിക്കുമെന്ന് കരുതുന്നവരുടെ അനുപാതം
45 ശതമാനമായി വര്‍ദ്ധിച്ചുവെന്നാണ് പഠനങ്ങള്‍ . ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസം കൊണ്ടാണ് ഈ വര്‍ദ്ധനഉണ്ടായിരിക്കുന്നത്. 2013 അവസാനം വരെ വില വര്‍ദ്ധന ഉണ്ടാകുമെന്ന്
ചിന്തിക്കുന്നവരുടെ അനുപാതം 42.1 ശതമാനമായിരുന്നു. ഡബ്ലിനില്‍ മാത്രം
വീടുകള്‍ക്ക് 4.3 ശതമാനം വില വര്‍ദ്ധിക്കുമെന്ന് സര്‍വെയില്‍ പങ്കെടുത്തവര്‍
ചിന്തിക്കുന്നു. അതേസമയം രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ 1.5 ശതമാനം
ശതമാനം മാത്രമാണ് വിലക്കയറ്റം പ്രതീക്ഷിക്കുന്നത്.

സര്‍വെയില്‍ പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ട് പേരും ഇപ്പോള്‍ വീട് വാങ്ങാന്‍
അനുയോജ്യമായ സമയമാണെന്ന് കരുതുന്നവരാണെന്ന് എഐബിയിലെ മോര്‍ട്ട്‌ഗേജ് വിഭാഗം
മേധാവി ജിം ഓ കെഫെ പറഞ്ഞു. ഭാവിയില്‍ വിലക്കയറ്റം എത്രമാത്രം
രൂക്ഷമാകുമെന്നതിനെക്കുറിച്ച് 62 ശതമാനം ആളുകള്‍ക്ക് ആശങ്കയുന്‌ടെന്നും
സര്‍വെയില്‍ വ്യക്തമായി. 

ഇത് ഭാവിയില്‍ ഭാവിയില്‍ കൂടുതല്‍ പേര്‍ക്ക് മോര്‍ട്ട്‌ഗേജ്
ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നുവെന്നും ജിം
കൂട്ടിച്ചേര്‍ത്തു. അയര്‍ലണ്ടിലെ സുപ്രധാന മേഖലകളില്‍ ആവശ്യത്തിന് അനുസരിച്ച്
വീടുകള്‍ ലഭ്യമല്ലാത്തതാണ്ഏറ്റവും വലിയ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.

വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവരെ ആശങ്കപ്പെടുത്തുന്ന
ഘടകങ്ങള്‍ എന്തൊക്കെയെന്ന ചോദ്യത്തിന് വിലക്കയറ്റവും മോര്‍ട്ട്‌ഗേജ് പലിശ
നിരക്കും പ്രധാന ഘടകങ്ങളായി സര്‍വെയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടുന്നു.

മോര്‍ട്ട്‌ഗേജ് സംബന്ധമായ പ്രശ്‌നങ്ങളാണ് ഒരു വിഭാഗം ആളുകളെ വീട്
വാങ്ങുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്. 5.5 ശതമാനം പേരാണ് മോര്‍ട്ട്‌ഗേജ്
ലഭിക്കാത്തത് മൂലം വീട് വാങ്ങാന്‍ കഴിയാതെ നില്ക്കുന്നത്. മറ്റൊരു 5.5
പേര്‍ക്ക് ജോലി സ്ഥിരതയും വരുമാന സ്ഥിരതയും ഇല്ലാത്തതാണ് പ്രശ്‌നം.
തങ്ങളെക്കൊണ്ട് ഈ ഭാരിച്ച ചെലവുകള്‍ താങ്ങാനാകുമോ എന്ന് ചിന്തിക്കുന്നവര്‍ 11
ശതമാനമാണ്.

എന്തായാലും പുതിയതായി വീടുകള്‍ വാങ്ങാന്‍ ഉദ്ധേശിക്കുന്നവരും,വന്‍ വാടക നല്‍കി ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ താമസിക്കുന്നവരുമായ മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ ഭവന മേഖലയിലെ ലക്കും ലഗാനുമില്ലാത്ത കുതിപ്പ് കണ്ട് അന്തിച്ചുനില്‍ക്കുകയാണ്.ഭവന മേഖലയിലെ വ്യത്യസ്തമായ ദിശാ ചിത്രങ്ങള്‍ വെളിവാക്കുന്ന ഒരു പുതിയ പരമ്പര ‘വീട് വേണോ വീട് ,അയര്‍ലണ്ടില്‍ വീട് ‘ നാളെ മുതല്‍’ഐറിഷ് മലയാളിയില്‍ ആരംഭിക്കുന്നു.

ഭവന രംഗത്തെ പ്രമുഖര്‍ ,ബാങ്കിംഗ് പ്രതിനിധികള്‍ മോര്‍റ്റ് ഗേജ് വിദഗ്ദര്‍ ,അയര്‍ലണ്ടില്‍ വര്‍ഷങ്ങളായി വീടുവാങ്ങി താമസിക്കുന്നവര്‍,തുടങ്ങി ഒട്ടേറെ പേരെ പങ്കെടുപ്പിച്ചുകൊണ്ട് ‘ഐറിഷ് മലയാളി’ എഡിറ്റര്‍ റെജി സി ജേക്കബ് തയാറാക്കുന്ന പരമ്പര നാളെ മുതല്‍ ഐറിഷ് മലയാളിയില്‍ പ്രസിദ്ധീകരിക്കും.ഭവന മേഖലയെ ഉറ്റു നോക്കുന്ന ഏവര്‍ക്കും ഏറെ പ്രയോജനകരമാവും ഈ പരമ്പര.

നാളെ മുതല്‍ വായിക്കുക

‘വീടു വേണോ വീട്? അയര്‍ലണ്ടില്‍ ഒരു വീട്…’ 

Scroll To Top