Wednesday March 01, 2017
Latest Updates

വീട് വിട്ടാല്‍ മറ്റൊരു വീട്…(വീട് വേണോ വീട് ?അയര്‍ലണ്ടില്‍ ഒരു വീട്- ഭാഗം 1 )

വീട് വിട്ടാല്‍ മറ്റൊരു വീട്…(വീട് വേണോ വീട് ?അയര്‍ലണ്ടില്‍ ഒരു വീട്- ഭാഗം 1 )

യര്‍ലണ്ടിലെ ഒരു പ്രവാസിയുടെ ആകസ്മിക മരണത്തെ തുടര്‍ന്ന് ഒരു പ്രമുഖ സാമുദായിക സംഘടനയുടെ നേതൃത്വത്തില്‍ പരേതന്റെ കുടുംബത്തെ സഹായിക്കാനുള്ള ധനസമാഹരണം നടക്കുന്ന സമയം. ഡബ്ലിനില്‍ നിന്നും ദൂരെയുള്ള ഒരു കൌണ്ടിയിലെ ഏതാനം കുടുംബങ്ങള്‍ സംഭവം അറിഞ്ഞ് ഒരു യോഗം ചേരുകയാണ്.സാമുദായിക സംഘടനയുടെ മരണാനന്തര ഫണ്ടിലേയ്ക്ക് സംഭാവന സമാഹരിക്കുകയാണ് ലക്ഷ്യം.

പ്രധാന ഭാരവാഹി ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഒക്കെ വിവരിച്ചു.

‘മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതടക്കമുള്ള ചിലവുകള്‍ക്കുള്ള പണം കണ്ടെത്തണം,പരേതന്റെ വീട്ടുകാര്‍ക്കും അത്യാവശ്യ സഹായം എത്തിക്കേണം.’ ഭാരവാഹി ഊര്‍ജ്വസ്വലനായി വിവരണം തുടരവേ,കേട്ട് കൊണ്ടിരുന്ന കൗമാരക്കാരന്‍, കുസൃതി ഉറക്കെ പറഞ്ഞു.

‘എന്റ്റപ്പന്‍ മരിച്ചാല്‍ പിരിക്കേണ്ട കേട്ടോ ..ഞങ്ങക്കിവിടെ അടക്കിയാ മതി …

അപ്പനെ ഇവിടെ അടക്കാനാണ് മക്കടെ ആഗ്രഹം ! നമ്മള്‍ പണ്ട് ഗ്രാമങ്ങളില്‍ കളിച്ചു വളര്‍ന്നത് പോലെ കുടിയേറ്റക്കാരായ പുതുതലമുറയ്ക്കും അവര്‍ ജീവിക്കുന്നിടം സ്വന്തമാവുകയാണ്. അവരുടെ സുഹൃത്തുക്കള്‍, അവരുടെ വിദ്യാലയം, അവരുടെ കാഴ്ച്ചവട്ടം, അവരുടെ ബാല്യം, അവരുടെ കൗമാരം … അയര്‍ലണ്ടില്‍ എത്തിയ കുടിയേറ്റക്കാരില്‍ പലരും അംഗീകരിക്കാന്‍ സമ്മതിക്കാത്ത ഒന്നാണ് അടുത്ത തലമുറയുടെ ഇത്തരം അവകാശങ്ങള്‍ !.

ഗള്‍ഫിലെയോ ,ഉത്തരെന്ത്യയിലെയോ ഒരു കുടിയേറ്റക്കാരന്റെ സ്വഭാവമാണ് അയര്‍ലണ്ടിലെ പ്രവാസിയ്ക്ക് ഇപ്പോഴുമുള്ളത്.നാട്ടിലേക്കു തിരിച്ചു പോകാനുള്ള കൃത്യമായ സമയപദ്ധതികളുമായാണ് മിക്കവരും ഇങ്ങോട്ട് തിരിച്ചത് തന്നെ.ഇവിടെ കാലാവസ്ഥയും,സാമ്പത്തികാവസ്ഥയും ശരിയാകാതെ വന്നിട്ടും പക്ഷെ അവരില്‍ ചിലര്‍ നാട്ടിലേയ്ക്ക് തിരിച്ചു പോയില്ല.പകരം ആസ്‌ട്രേലിയയ്ക്കും ,കാനഡയ്ക്കും വിമാനം കയറുകയാണുണ്ടായത്.(അടുത്ത മൂന്ന് മാസങ്ങള്‍ക്കുള്ളിലും അയര്‍ലണ്ടില്‍ നിന്നും ഇരുനൂറോളം മലയാളി കുടുംബങ്ങളാണത്രെ ആസ്‌ട്രേലിയയ്ക്ക് യാത്രയാവുന്നത്!) 

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് ‘എന്നൊരു ഗൃഹാതിരത്വ ഗാനവും പാടി മലബാറിലേക്കോ ഹൈറേഞ്ചിലേക്കോ തിരിച്ചു ചെന്ന് രാപാര്‍ക്കാനോ,മീനിച്ചിലാറിന്റെയോ ,പെരിയാറിന്റെയോ തീരത്തൊരു കൊച്ചുവീട് വെച്ച് താമസിക്കാനോ,ഇപ്പോഴേ കൊച്ചി നഗരത്തിലൊരു ഫ്‌ലാറ്റ് വാങ്ങിയിടാനോ ഒക്കെ ആശിച്ചാലും അത് കൊണ്ടൊന്നും ഒരു ഫലവുമില്ലെന്ന് മെല്ലെ തിരിച്ചറിയുകയാണ് യൂറോപ്പിലെ പ്രവാസി.അപ്പന്‍ മരിച്ചാല്‍ ഇവിടെ അടക്കിയാല്‍ മതിയെന്ന് പറഞ്ഞ കൌമാരക്കാരനും അതറിയാം.’ആണ്ടിന്’ അപ്പന്റെ ശവക്കല്ലറയില്‍ ഒപ്പീസ് ചൊല്ലാന്‍ കേരളത്തിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന സൗകര്യമാണ് അവന്‍ തിരിച്ചറിഞ്ഞത്.

ഇവിടെ പഠനം പൂര്‍ത്തിയായാല്‍ ഇവിടെ തന്നെയാവും അവന്‍ ജീവിതം കരുപ്പിടിപ്പിക്കേണ്ടത്. ഭാരതം എന്ന മഹാദേശത്ത് ജനസംഖ്യ വര്‍ദ്ധിച്ചു വരികയും ദക്ഷിണേന്ത്യയെക്കാള്‍ വലിപ്പവും,താരതമ്മ്യേന ജനസംഖ്യ കുറഞ്ഞതുമായ അയര്‍ലണ്ടിന്റെ ഭൂമിക നമുക്ക് അനുകൂലമാവുകയും ചെയ്താല്‍ ഇവിടെ തന്നെ തുടരാനാവും രണ്ടാം തലമുറയിലെ ബഹുഭൂരിപക്ഷം പേരും തീരുമാനിക്കുകയെന്ന് ഉറപ്പാണ്.അമേരിക്കന്‍ പൗരത്വം എടുത്തെങ്കിലും അയര്‍ലണ്ടിനെ ജന്മനാടായി ഇപ്പോഴും കരുതുകയും,അയര്‍ലണ്ടിന്റെ വികസനത്തിനായി യത്‌നിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് ഐറിഷ് വംശജരാണ് അമേരിക്കയില്‍ ഉള്ളതെന്നോര്‍ക്കുക.

ലോകോത്തര നിലവാരമുള്ള പഠനസൗകര്യങ്ങളും,കാര്‍ഷികവ്യാവസായിക സൗകര്യങ്ങളും ഇവിടുത്തെ പ്രവാസിയ്ക്ക്, ഭാരതത്തിന്റെ നന്മയ്ക്കായും പ്രയോജനപ്പെടുത്താവുന്നതെയുള്ളൂ.മില്‍മയടക്കം കേരളത്തിലെ പോലും ഒട്ടേറെ കമ്പനികള്‍ ഇപ്പോഴേ ഐറിഷ് ഉത്പന്നങ്ങളുടെ പ്രായോജകരാണെന്നറിയുക.

അയര്‍ലണ്ടിലെ മലയാളി കുടിയേറ്റത്തിന് കുറഞ്ഞത് പതിനഞ്ചു വയസാവുകയാണ്.ഒരു വലിയ വിഭാഗം പേരും ഐറിഷ് പൗരത്വം സ്വീകരിച്ചു കഴിഞ്ഞു.ഒറ്റ നോട്ടത്തില്‍ കേരളീയ സമൂഹത്തിന് അയര്‍ലണ്ടിലെ ജീവിതം യാതൊരു പ്രതിസന്ധിയും ഉളവാക്കുന്നില്ല.45 ലക്ഷം ജനങ്ങള്‍ മാത്രമുള്ള ഈ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയാവട്ടെ ഒരു നല്ല ധനകാര്യ വിദഗ്ധന് ഒരു വര്‍ഷക്കാലാവധി കൊണ്ട് മാറ്റിയെടുക്കാനുള്ളതെയുള്ളു.ഇന്നും ലോകത്തില്‍ ഏറ്റവും കൂടുതല്‍ മിനിമം കൂലി തൊഴിലാളിയ്ക്ക് ലഭിക്കുന്ന രാജ്യമാണ് അയര്‍ലണ്ട് 

ചുരുക്കി പറഞ്ഞാല്‍ ഇനി കേരളത്തിലേയ്ക്ക് ‘സ്ഥിരമായി ഒരു മടക്കയാത്ര’ എത്ര മലയാളികള്‍ തിരഞ്ഞെടുക്കുമെന്ന് കണ്ടറിയണം.ഈ രാജ്യത്തിന്റെ അതിഥി സ്ഥാനത്ത് നിന്നും ആതിഥേയസ്ഥാനത്തേയ്ക്ക് മലയാളി മാറിക്കഴിഞ്ഞു.ഒന്നാം തലമുറയിലെ മലയാളികള്‍ പതുക്കെ മാറുകയാണ്.കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് പൗരത്വം ലഭിക്കുന്നതോടെ കുടുംബത്തിലെ മറ്റുള്ളവര്‍ക്കും പ്രയോജനകരമായ ഒട്ടേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്.ഒരു ഐറിഷ് പൌരന്റെ കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യപട്ടികയുടെ അളവ് അടുത്തിടയുണ്ടായ ‘സാമ്പത്തിക പ്രതിസന്ധി’ ഗണ്യമായി കുറച്ചുവെങ്കിലും അവയില്‍ ബഹുഭൂരിപക്ഷവും ഇപ്പോഴും നിലനില്‍ക്കുകയാണ്.


ഇത്തരം അനുകൂല കാലാവസ്ഥയുള്ളപ്പോഴാണ് അയര്‍ലണ്ടിലെ മലയാളികളില്‍(പ്രത്യേകിച്ചു നഗരമേഖലകളില്‍ ) ബഹുഭൂരിപക്ഷവും വാടക വീടുകളില്‍ കഴിയാന്‍ വിധിക്കപ്പെട്ടിട്ടുള്ളത്.അയര്‍ലണ്ടിലെ പ്രവാസിമലയാളി ഈ നാടിന്റെ നല്ല ഗുണങ്ങളെ എടുക്കാനും തള്ളേണ്ടത് തള്ളാനും പഠിക്കാന്‍ തയ്യാറായാല്‍ ആദ്യം ചെയ്യേണ്ടത് ഇവിടെ ഒരു സ്ഥിരതാമസസൗകര്യം ഒരുക്കുക്കയാണെന്ന തോന്നലില്‍ വീട് വാങ്ങി താമസിക്കുന്നവരാവട്ടെ കുറഞ്ഞ ശതമാനമാണ്ഉള്ളത്.സ്വന്തമായി വീടുവാങ്ങി താമസിക്കുന്നവര്‍ സന്തുഷ്ട്ടരാണോ? അതോ മോര്‍ട്ട്‌ഗെജിന്റെ നീരാളി പിടുത്തത്തില്‍ വ്യാകുലരാണോ ?

നാളെ വായിക്കുക: ‘ഒന്ന് വെച്ചാല്‍ രണ്ട് ,രണ്ട് വെച്ചാല്‍ നാല് ,ഇത് യൂറോ മില്യന്‍ ലോട്ടറിയല്ല ….ആര്‍ക്കും സ്വന്തമാക്കാം …’

-റെജി സി ജേക്കബ്

Scroll To Top