Friday May 26, 2017
Latest Updates

വിസ്മയക്കാഴ്ചകളുടെ അകമ്പടിയോടെ ദേശീയ ഗെയിസിന് ഇന്ന് തിരി തെളിയും 

വിസ്മയക്കാഴ്ചകളുടെ അകമ്പടിയോടെ ദേശീയ ഗെയിസിന് ഇന്ന് തിരി തെളിയും 

തിരുവനന്തപുരം: കേരളം ആതിഥേയരാവുന്ന 35 മത് ദേശീയ ഗെയിംസിന് ഇന്ന് കൊടിയേറും. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറില്‍ നിന്നും ദീപശിഖ ഏറ്റുവാങ്ങി ഒളിമ്പ്യന്‍ പിടി ഉഷയും അഞ്ജു ബോബി ജോര്‍ജും ചേര്‍ന്നു പ്രത്യേകം തയ്യാറാക്കിയ ആട്ടവിളക്കില്‍ തിരിതെളിക്കും. കേന്ദ്ര നഗരവികകസന മന്ത്രി വെങ്കയ്യ നായിഡു ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ രാമചന്ദ്രന്‍ അധ്യക്ഷനാവും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വാഗതം ആശംസിക്കും. കേന്ദ്ര സ്‌പോര്‍ട്ട്‌സ് മന്ത്രി സര്‍ബാനന്ദ സനോവാള്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, സംസ്ഥാന മന്ത്രിമാര്‍, കായിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെ സംബന്ധിക്കുമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ദേശീയ ഗെയിംസിന്റെ വരവറിയിച്ച് വൈകിട്ടു 5.30 ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ വ്യോമസേന നടത്തുന്ന പുഷ്പവൃഷ്ടിയോടെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ആര്‍മിയുടെ ബാന്റ് ഡിസ്‌പ്ലേയുടെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്റ്റേഡിയത്തിലേക്ക് ആനയിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കലാകാരന്‍മാരുടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉള്‍പ്പെടെ വിപുലമായ ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്. തകിലും വാദ്യവുമായി 80 കലാകാരന്‍മാര്‍ തായമ്പക തീര്‍ക്കുന്ന മേളത്തിന് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി നേതൃത്വം നല്‍കും. തുടര്‍ന്ന് കരുണാമൂര്‍ത്തിയുടെയും നേതൃത്വത്തില്‍ വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന ഭാവരസം അരങ്ങേറും. കഥകളി, മോഹിനിയാട്ടം, കളരി, വേലകളി തുടങ്ങിയ കേരളത്തനിമയുള്ള കലാരൂപങ്ങളും ഭാവരസയുടെ ഭാഗമായി വേദിയിലെത്തും. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് നടത്തുന്ന മാര്‍ച്ച് പാസ്റ്റിന് ശേഷം ഗെയിംസിന്റെ ഭാഗ്യ ചിഹ്നമായ അമ്മു സ്റ്റേഡിയത്തിലെത്തി അഭിവാദ്യം ചെയ്യും.

വാര്‍ ക്രൈ എന്ന പേരില്‍ അവതരിപ്പിക്കുന്ന കലാവിരുന്നാണ് ഉദ്ഘാടന ചടങ്ങിന്റെ പ്രധാന ആകര്‍ഷണം. ഇന്ത്യന്‍ സ്വാതന്ത്ര സമര പോരാട്ട ചരിത്രത്തിന്റെ ആവിഷ്‌ക്കാരമാവുന്ന പരിപാടിയില്‍ കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ വേഷമിടും. ചലച്ചിത്ര താരങ്ങളായ വിനീത്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരുടെ നേതൃത്വത്തില്‍ അറുപതോളം പേരടങ്ങുന്ന നര്‍ത്തക സംഘവും വാര്‍ ക്രൈയില്‍ പങ്കെടുക്കും. മൂന്നരമണിക്കൂര്‍ നീളുന്ന ദൃശ്യശ്രാവ്യ കലാവിരുന്നുകള്‍ ഉള്‍പ്പെടുന്ന ഉദ്ഘാടന ചടങ്ങില്‍ സിനിമാ താരം മോഹന്‍ലാലിന്റെ ‘ലാലിസം ഇന്ത്യാ സിങ് എന്ന സംഗീത പരിപാടി അവതരിപ്പിക്കും. 36 വര്‍ഷത്തെ മോഹന്‍ലാലിന്റെ സിനിമാ ജീവിതവും ഇന്ത്യന്‍ സിനിമയുടെ ചരിത്രവും ദൃശ്യവല്‍ക്കരിച്ച് നടത്തുന്ന പ്രത്യേക പരിപാടിയില്‍ പ്രശസ്ത ഗായകരായ ഹരിഹരന്‍, ഉദിത് നാരായണ്‍, അല്‍ക്കാ യാഗ്‌നിക്, കാര്‍ത്തിക്, എം ജി ശ്രീകുമാര്‍, സുജാത എന്നിവര്‍ അണിനിരക്കും.

പഴയ തലമുറയിലെ ഇന്ത്യന്‍ സംഗീതജ്ഞര്‍ക്കുള്ള ആദര സൂചകമായി ഹിന്ദി, തമിഴ്, മലയാളം, കന്നട, ബംഗാളി ഭാഷകളിലെ ഗാനങ്ങളാണ് ‘ലാലിസം’ ഇന്ത്യാ സിങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.


Scroll To Top