Saturday July 22, 2017
Latest Updates

വിവാദമൊഴിയാതെ ജോബ്സ് ടൗണ്‍ പ്രക്ഷോഭം:പ്രധാനമന്ത്രി വരദ്കര്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായി പോള്‍ മര്‍ഫി

വിവാദമൊഴിയാതെ ജോബ്സ് ടൗണ്‍ പ്രക്ഷോഭം:പ്രധാനമന്ത്രി വരദ്കര്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായി പോള്‍ മര്‍ഫി

ഡബ്ലിന്‍ :കോടതി കേസ് അവസാനിപ്പിച്ചെങ്കിലും ജോബ്സ് ടൗണ്‍ പ്രക്ഷോഭത്തെ വിവാദം വിട്ടൊഴിയുന്നില്ല.പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ലിയോവരദ്കര്‍ നടത്തിയ അഭിപ്രായപ്രകടനമാണ് പുതിയ പ്രശ്നം.ഡെയ്ലില്‍ ജോബ്സ്ടൗണ്‍ സംബന്ധിച്ച പ്രമേയം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി ‘ഗോള്‍’ പരാമര്‍ശം നടത്തിയത്. ജോബ്സ്ടൗണ്‍ പ്രക്ഷോഭത്തിനിടെ ‘ഒളിക്കൊലപാതകവും കവര്‍ച്ച’യുമാണ് നടത്തിയതെന്നായിരുന്നു വരദ്കറുടെ കമന്റ്.

ജോബ്സ് ടൗണ്‍ കലാപകാരികള്‍ മുന്‍ ഉപപ്രധാനമന്ത്രി ജോവാന്‍ ബര്‍ടനെയും അവരുടെ ഉപദേശകനെയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് ലിയോ വരദ്കറുടെ പരാമര്‍ശമെന്നും അതിനെതിരെ സ്പീക്കറെ സമീപിക്കുമെന്നും സോളിഡാരിറ്റി ടി ഡി പോള്‍ മര്‍ഫി പറഞ്ഞു.തന്റെ സഹപ്രവര്‍ത്തകരായ റൂത്ത് കോപ്പിംഗറും മിക്ക് ബാറിയും സിയാന്‍ കോംഹെയ്റിലിന് രേഖാമൂലം പരാതി നല്‍കുമെന്നും മര്‍ഫി അറിയിച്ചു.

നീതിന്യായ മന്ത്രി ചാര്‍ളി ഫല്‍നഗന്‍,ഉന്നതവിദ്യാഭ്യാസ മന്ത്രി മേരി മിട്ചല്‍ ഒ കോനോര്‍,ആര്‍ട്സ് മന്ത്രി ഹീതര്‍ ഹംപ്രീസ് എന്നിവരുടെ കമന്റുകളേയും മര്‍ഫി വിമര്‍ശിച്ചു.ഇവര്‍ക്കെതിരേയും പരാതി നല്‍കും.തെമ്മാടിക്കുട്ടി’യെന്നായിരുന്നു ഈ മന്ത്രിമാര്‍ മര്‍ഫിയെ വിശേഷിപ്പിച്ചത്.
അതിനിടെ ജോബ്സ്ടൗണ്‍ വിചാരണയ്ക്കിടെ പോള്‍ മര്‍ഫി നടത്തിയ വിവാദ പരാമര്‍ശത്തെക്കുറിച്ച് സ്പീക്കര്‍ നിയമോപദേശം തേടി.

മൂന്നു ഗാര്‍ഡാ ഓഫിസര്‍മാര്‍ കള്ളസാക്ഷ്യം പറഞ്ഞുവെന്നായിരുന്നു പോള്‍ മര്‍ഫിയുടെ ആരോപണം.ഇത് ഡെയ്ലിന്റെ പ്രിവിലേജ് ലംഘനമാണോ എന്ന് അറിയിക്കാനാണ് നിയമവിദഗ്ധരോട് ആവശ്യപ്പെട്ടിരിക്കുന്നത്.ലംഘനമെന്ന് തെളിയിക്കപ്പെട്ടാല്‍ മര്‍ഫിക്കെതിരെ അച്ചടക്കനടപടിയുണ്ടാകും.

വെള്ളക്കരം ഉയര്‍ത്തിയതിനെതിരെ 2014ല്‍ നടന്ന ജനകീയ പ്രക്ഷോഭം ചരിത്ര സംഭവമായിരുന്നു. സമരത്തിനിടെ ഉപപ്രധാനമന്ത്രിയെയും അവരുടെ ഉപദേശകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ചാര്‍ജ് ചെയ്ത കേസില്‍ കോടതി ആറ് ജന നേതാക്കളെയും കഴിഞ്ഞയാഴ്ച വെറുതെ വിട്ടിരുന്നു. എന്നാല്‍ സമരം ചെയ്യുന്നതിനിടെയും ഡെയ്ലിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന് പോള്‍ മര്‍ഫിക്കെതിരെ ആരോപണമുയര്‍ന്നു.അത് ഉയര്‍ത്തിയ വിവാദം തണുക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സഹ മന്ത്രിമാരുടേയും പോള്‍ ‘മര്‍ഫി കമന്റുകള്‍’ എത്തിയിരിക്കുന്നത്.

Scroll To Top