Sunday February 26, 2017
Latest Updates

‘വിവാദങ്ങള്‍ക്ക് പിന്നില്‍ കളിച്ചത് ആരെന്നറിയില്ല ;സത്യം പുറത്തു വരും ‘: ആദര്‍ശ് തെറ്റയില്‍ ‘ഐറിഷ് മലയാളി’യോട് മനസ് തുറക്കുന്നു …..

‘വിവാദങ്ങള്‍ക്ക് പിന്നില്‍ കളിച്ചത് ആരെന്നറിയില്ല ;സത്യം പുറത്തു വരും ‘: ആദര്‍ശ് തെറ്റയില്‍ ‘ഐറിഷ് മലയാളി’യോട് മനസ് തുറക്കുന്നു …..

ലോകത്തിന്റെ ഏതോ അജ്ഞാത കോണില്‍ ഇരുന്നാണ് ആദര്‍ശ് തെറ്റയില്‍ എന്ന ചെറുപ്പക്കാരന്‍ ഇന്നലെ ‘ഐറിഷ് മലയാളി’യോട് മനസ് പങ്കുവെച്ചത്
..അവിചാരിതമായി ഉണ്ടായ ‘ ദുരന്തത്തിന്റെ ‘മുഴുവന്‍ ദു:ഖവും ആ വാക്കുകളിലൂടെ വായിച്ചെടുക്കാമായിരുന്നു .
കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും തങ്ങള്‍ക്കു ആദര്‍ശിനെ ബന്ധപ്പെടാന്‍ ആയില്ലെന്നായിരുന്നു കേസിന്റെ അന്വേഷണ ചുമതലയുള്ള ക്രൈം ബ്രാഞ്ച് എസ പി പറഞ്ഞിരുന്നത് .അത് കൊണ്ട് തന്നെ ആദര്‍ശിന്റെ വാക്കുകളെ ഞാന്‍ ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്നു .

ഒരിടത്തും തന്റെ ഭാഗം വിശദീകരിക്കാണോ ,വ്യക്തമാക്കാനോ ഇട കൊടുക്കാതെ മാറി നിന്ന ആദര്‍ശിന് , അയര്‍ലണ്ടിലെ മലയാളികളോട് എന്തായിരിക്കും പറയാനുള്ളതെന്ന്, ഞാനും ആകാംക്ഷാ പൂര്‍വമല്ലാതെ എങ്ങനെ കേള്‍ക്കും ?കഴിഞ്ഞ മാസം അവസാനം ഉണ്ടായ വിവാദങ്ങള്‍ക്ക് ശേഷം ഇതാദ്യമായാവും ആദര്‍ശും ഒരു മാധ്യമ പ്രതിനിധിയോടു മനസ് തുറക്കുന്നത് .

ഒരു ചെറുപ്പക്കാരന്റെ മുഴുവന്‍ ആര്‍ജവവും ,ആത്മ ധൈര്യവും ആ വാക്കുകളില്‍ മുഴങ്ങുന്നുണ്ടായിരുന്നു .’തെറ്റുകളുടെ കണക്കെടുപ്പ്കാര്‍ക്ക് ‘മുന്‍പില്‍ ആദര്‍ശിന് പറയാന്‍ ഒന്നുമില്ല .അതൊക്കെ കാലം തെളിയിക്കും എന്ന് ഉറച്ച് വിശസിക്കുന്നു അദ്ദേഹം ..പക്ഷെ തന്നെ ഒരിക്കല്‍ എങ്കിലും കാണുകയും പരിചയപ്പെടുകയും ചെയ്തവര്‍ക്ക് താനാരാനെന്ന ബോധ്യം തീര്‍ച്ചയായും ഉണ്ടാവുമെന്ന് ആദര്‍ശ് പറയുന്നു .

ഞാന്‍ പഠനവും ജോലിയുമായി മൂന്നു വര്‍ഷം കഴിഞ്ഞ രാജ്യമാണ് അയര്‍ലണ്ട് .അവിടെ ഉണ്ടായിരുന്ന കാലത്ത് നൂറുകണക്കിന് മലയാളികളും ,മറ്റു സംസ്ഥാനക്കാരും അടക്കമുള്ളവരുമായി എനിക്ക് വളരെ നല്ല ബന്ധം ഉണ്ടായിരുന്നു .അവര്‍ക്ക് എന്നെ അറിയാവുന്നവരാണെന്ന് എനിക്ക് നല്ല നിശ്ചയമുണ്ട് ….ഞാന്‍ ഏതു തരത്തിലുള്ള വ്യക്തിയായിരുന്നുവെന്ന് ഞാന്‍ പ്രത്യേകിച്ചൊന്നും പറയാതെ തന്നെ അവര്‍ മനസിലാക്കി കൊള്ളും …ആദര്‍ശ് പറഞ്ഞു

‘എനിക്ക് വേണ്ടി ആരും നിലകൊള്ളണം എന്ന ആഗ്രഹം ഒന്നും എനിക്കില്ല .പക്ഷേ സത്യം മുഴുവന്‍ അറിയാതെ ചിലരെങ്കിലും എന്നെ വിമര്‍ശിക്കുകയും ,കുറ്റപ്പെടുത്തുകയും ചെയ്യുന്നത് എന്തിനാണെന്ന് മാത്രം എനിക്കറിയില്ല …’

ആ ദിവസങ്ങളില്‍ ഞാന്‍ ദു:ഖത്തിന്റെ മുള്‍മുനയില്‍ ആയിരുന്നു .വളരെ കുറച്ച് ആശാസ വാക്കുകളെ എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ

‘അയര്‍ലണ്ടിലും പ്രചാരമുള്ള ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ അടക്കം എഴുതി പിടിപ്പിച്ചത് സത്യത്തിന്റെ അംശം ലവലേശമില്ലാത്ത ആരോപണങ്ങളാണ് .ഗോസിപ്പുകള്‍ ചമച്ച് വിട്ടതാണവര്‍ …. മര്യാദയുടെ സര്‍വ്വ സീമകളും ലംഘിച്ച അവര്‍ക്ക് പ്രചാരം കൂട്ടണമെന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ …’ ആദര്‍ശ് പറയുന്നു .

(ഒരു ഓണ്‍ ലൈന്‍ പത്രം തെറ്റയില്‍ സംഭവത്തിന്റെ പിന്നാമ്പുറങ്ങള്‍ തേടി ‘ അന്വേഷണാത്മക പരമ്പര ‘ പ്രസിദ്ധികരിച്ചിരുന്നു .കൊട്ടും കുരവയുമായി വിജ്ഞാപന അറിയിപ്പ് നല്കി തുടങ്ങിയ പരമ്പര പക്ഷെ മുഴുവന്‍ അങ്കമാലിക്കാരെയും അടച്ചാക്ഷേപിക്കുന്ന വിധത്തില്‍ ആയിപ്പോയി .സത്യത്തില്‍ നിന്നും വ്യതിചലിച്ച് യഥാര്‍ഥ പ്രതികളെ വെള്ള പൂശാനാണ് പത്രം ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ ഒന്നടക്കം പറയാന്‍ തുടങ്ങിയപ്പോള്‍ മൂന്നാം ലക്കം ഇറക്കാതെ പരമ്പര മുക്കി !)
സത്യം പുറത്ത് വരിക തന്നെ ചെയ്യും ,.പക്ഷെ ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയാം ഈ വിവാദങ്ങള്‍ക്ക് പിന്നില്‍ ആരാണെന്നോ എന്തിനാണവര്‍ ഇങ്ങനെയൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നോ എനിക്കറിയില്ല .ആരാണ് ഇതിന്റെ പിന്നിലെന്ന് അന്വേഷിച്ചു നടക്കാനുള്ള സമയവും എനിക്കില്ല .വിവാദങ്ങള്‍ അതിന്റെ വഴിയ്ക്ക് പോകും .അതിന്റെ പിന്നാലെ പോയി എന്റെ ഇനിയുള്ള ജീവിതം നശിപ്പിച്ചു കളയാന്‍ എനിക്ക് സമയമില്ല ആദര്‍ശ് പറഞ്ഞു നിര്‍ത്തി
ജോസ് തെറ്റയില്‍ എം എല്‍ എയ്ക്ക് എതിരെ ഒരു യുവതി ഉയര്‍ത്തിയ ആരോപണങ്ങള്‍ ആരുടെയോ പക പോക്കലിനോ , ഏതെങ്കിലും സംഭവങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനോ ഉള്ള ഒരു അടവ് മാത്രമായിരിക്കുന്നു എന്ന് കേരളത്തിലെ സാമാന്യ വിവരമുള്ള ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവും .

ദൃശ്യങ്ങള്‍ പുറത്തുവിട്ടത് താത്കാലികമായെങ്കിലും ജോസ് തെറ്റയിലിന് രാഷ്ട്രീയമായി ദോഷം ചെയ്‌തെങ്കിലും ഭാവിയില്‍ കോടതിയില്‍ ഇക്കാര്യം ഗുണം ചെയ്‌തേക്കുമെന്ന് നിയമ വിദഗ്ധര്‍ സൂചിപ്പിക്കുന്നുണ്ട് . ദൃശ്യങ്ങളുടെ കാര്യത്തില്‍ പൊതുവില്‍ ഇത്തരം ഒരു വിലയിരുത്തല്‍ വന്നതോടെ ദൃശ്യങ്ങളില്ലാതെയായിരുന്നു പരാതിയെങ്കില്‍ തെറ്റയില്‍ ഇതിനകം തന്നെ രാജിവച്ച് പുറത്തുപോകേണ്ടി വരുമായിരുന്നെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയ സിഡി ആദ്യ ദിനം തന്നെ യുവതി സുഹൃത്തിന്റെ സഹായത്തോടെ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നെങ്കിലും കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിന് കൈമാറിയിരുന്നില്ല. പോലീസ് നിരന്തരം ആവശ്യപ്പെട്ടതോടെയാണ് സിഡി പോലീസിന് കൈമാറാന്‍ തയ്യാറായത്.

എന്നാല്‍ ഇത് എഡിറ്റ് ചെയ്യപ്പെട്ടവയാണെന്നും ഒറിജിനില്‍ ആവശ്യമാണെന്നും പോലീസ് അറിയിച്ചപ്പോള്‍ അത് സുഹൃത്തുക്കളുടെ കൈയ്യിലാണെന്നായിരുന്നു പരാതിക്കാരിയുടെ മറുപടി. ഏറ്റവുമൊടുവില്‍ അത് ജോസ് തെറ്റയിലിന് സ്വകാര്യ സംഭാഷണത്തിനിടെ കൈമാറിയെന്നാണ് യുവതിയുടെ വിശദീകരണം.
എന്നാല്‍, ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നു പറയപ്പെടുന്ന ലാപ്‌ടോപ്പും വെബ് കാമറയും ജോസ് തെറ്റയിലിന് നല്‍കി എന്നാണ് ഇപ്പോള്‍ ഇവരുടെ വാദം .

എന്താണ് ഈ സ്ത്രീ പറയുന്നത് എന്ന് അവര്‍ക്ക് പോലും നിശ്ചയമില്ലാത്ത അവസ്ഥ !..വായില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു തെരുവില്‍ കൂടി നടക്കുന്ന ചിലരുടെ മാനസികാവാസ്ഥ അവര്‍ക്കുണ്ടെന്നു ആരെങ്കിലും പറഞ്ഞാല്‍ അവരെ എങ്ങനെ കുറ്റപ്പെടുത്താന്‍ ആവും ?

സമൂഹത്തിലെ അപഭ്രംശങ്ങള്‍ മാധ്യമങ്ങള്‍ ജനങ്ങളെ അറിയിക്കുക തന്നെ വേണം. എന്നാല്‍ , റിപ്പോര്‍ട്ട് ചെയ്യുന്നതാണ്, തുറന്നുകാട്ടലല്ല വാര്‍ത്ത എന്നത് അടിസ്ഥാനപരമായ ഉണ്ടായിരിക്കേണ്ട ഒരു തിരിച്ചറിവാണ് മാധ്യമങ്ങള്‍ പുലര്‍ത്തേണ്ടത് .

തന്റെ മുന്നിലുള്ള രേഖയെ ആസ്പദമാക്കി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമത്തിന് വിശ്വാസ്യത എന്ന ഗുണമുണ്ടെങ്കില്‍ ആ രേഖ കാണിക്കൂ എന്ന്! ജനങ്ങള്‍ ആവശ്യപ്പെടില്ല.
തെറ്റയില്‍ സംഭവത്തിലേതുപോലുള്ള രേഖകള്‍ ജനങ്ങള്‍ ആവശ്യപ്പെട്ടാലും പ്രദര്‍ശിപ്പിക്കില്ല എന്ന് തീരുമാനിക്കാനുള്ള ആര്‍ജ്ജവവും സമൂഹത്തോട് പ്രതിബദ്ധത അവകാശപ്പെടുന്ന മാധ്യമത്തിനുണ്ടാകേണ്ടതാണ്.

എന്നാല്‍ , വിപണിയെ ലക്ഷ്യമിട്ട് വാര്‍ത്ത ഉല്‍പ്പാദിപ്പിക്കുന്ന മാധ്യമങ്ങള്‍ ഇത്തരം യുവതിമാരെ വീണ്ടും വീണ്ടും സൃഷ്ടിക്കുക തന്നെ ചെയ്യും. അതേസമയം, വിശ്വാസ്യത ഉന്നം വെച്ച് ഇവര്‍ക്ക് പീഡിത എന്ന ലേബല്‍ നല്‍കി പ്രതിബദ്ധതയുടെ മുഖം എടുത്തണിയാന്‍ ശ്രമിക്കുമ്പോള്‍ മാധ്യമങ്ങള്‍ സ്ത്രീസമൂഹത്തെ സഹായിക്കുകയല്ല ചെയ്യുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു

ഒരു രാഷ്ട്രീയ നേതാവിനെതിരെയുള്ള പരാതിക്ക് ഉപോല്‍ബലകമായി ചെയ്തതാണ് എന്നു കരുതിയാല്‍ പോലും തെറ്റയിലുമായുള്ള യുവതിയുടെ ശാരീരിക ബന്ധമെന്നത് യാതൊരു സാമൂഹ്യയുക്തിക്കും നിരക്കാത്തതാണ്.

മകനെ വിവാഹം ചെയ്യുന്നതിനായി അഛനൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ കുടുംബവ്യവസ്ഥയെ കുറിച്ച് ഈ സ്ത്രീക്കുള്ള ധാരണയാണ് വെളിവാകുന്നത്. ആ ധാരണ യാതൊരു നിബന്ധനകള്‍ക്കും വിധേയമാക്കാതെ പൊതുസമൂഹത്തിലേക്ക് വിന്യസിക്കുകയാണ് ബഹുജന മാധ്യമങ്ങള്‍ ചെയ്തത്

.തെറ്റയിലിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത മനോരമയും മാതൃഭൂമിയും അടക്കമുള്ള പാരമ്പര്യം അവകാശപ്പെടുന്ന ചില മാധ്യമങ്ങള്‍ യഥാര്‍ഥത്തില്‍ കളഞ്ഞു കുളിച്ചത് അവരുടെ വിശ്വാസ്യത തന്നെയാണ് .കേരളീയ സമൂഹത്തിന്റെ മനസില്‍ ഇത്തരം വഞ്ചനകള്‍ മായാതെ കിടക്കും എന്നെങ്കിലും മാധ്യമങ്ങള്‍ ഓര്‍ക്കേണ്ടതായിരുന്നു .

പക്ഷെ ഈ വിളിച്ചു കൂവലിന് പിന്നില്‍ തകര്‍ന്നു പോയ ഒരു കുടുംബത്തിന്റെ നിശബ്ദ നിലവിളി ആര് കണ്ടു ?

സത്യം പുറത്തു വന്നാലും മാധ്യമങ്ങള്‍ വീണ്ടും ഒരു ആഘോഷത്തിനുള്ള കോപ്പ് കൂട്ടുക മാത്രമേ ചെയ്യുകയുള്ളൂവെന്ന് ഇവിടെ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം .അത് കൊണ്ട് തന്നെ ആരിലും അമിത വിശാസം വേണ്ട എന്ന നിലപാടില്‍ ആണവര്‍


Scroll To Top