Tuesday February 28, 2017
Latest Updates

വാലന്റ്റൈന്‍ ഡബ്ലിന്‍ നഗരത്തിലിരുന്നു ചിരിക്കുന്നു,..എല്ലാ പബ്ബുകളും ഫുള്‍ …..

വാലന്റ്റൈന്‍ ഡബ്ലിന്‍ നഗരത്തിലിരുന്നു ചിരിക്കുന്നു,..എല്ലാ പബ്ബുകളും ഫുള്‍ …..

ഡബ്ലിന്‍ :പ്രണയിക്കുന്നവരുടെ വിശിഷ്ടദിനമായ വാലന്റ്റൈന്‍സ് ഡേ ആഘോഷം ലോകമെങ്ങുമുള്ള പ്രണയിതാക്കള്‍ ആഘോഷിക്കുകയാണ് . കമിതാക്കള്‍ പരസ്പരം ഉപഹാരങ്ങളും സ്‌നേഹവും പങ്കുവച്ച് തങ്ങളുടെ പ്രേമദിവസം സംഭവബഹുലമാക്കും.

ഈ ആഘോഷങ്ങള്‍ക്കും ബഹളങ്ങള്‍ക്കും കാരണക്കാരനായ സെന്റ് വാലന്റ്‌റൈന്‍ എന്ന വിശുദ്ധ മനുഷ്യന്‍ ഡബ്ലിന്‍ നഗരത്തിലെ വൈറ്റ്ഫ്രയര്‍ സ്ട്രീറ്റിലുള്ള കാര്‍മലീത്താ പള്ളിയുടെ അള്‍ത്താരയില്‍ നിത്യനിദ്ര കൊള്ളുന്നുണ്ട് എന്നറിയാവുന്ന കുടിയേറ്റക്കാര്‍ ചുരുക്കമാണ്.എങ്കിലും അയര്‍ലണ്ടിലെ കത്തോലിക്കാ വിശ്വാസികള്‍ വിവാഹത്തിന് ഒരുങ്ങുമ്പോള്‍ ഇവിടെയെത്തി പ്രാര്‍ഥിക്കുന്ന പതിവുണ്ട്.

സെന്റ് വാലന്റ്റൈന്റെ ഭൗതിക ശരീരം ഡബ്ലിനില്‍ എത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അയര്‍ലണ്ടില്‍ നിന്നും റോമില്‍ സേവനം അനുഷ്ട്ടിച്ചിരുന്ന ഒരു വൈദികനാണ്.

ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലന്റ്റൈന്‍ കത്തോലിക്ക സഭയിലെ ഒരു ബിഷപ്പ് ആയിരുന്നു. . വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തില്‍ ഒരു വീര്യവും അവര്‍ കാണിക്കുന്നില്ല എന്നും ചക്രവര്‍ത്തിക്ക് തോന്നി. അതിനാല്‍ ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലന്റ്റൈന്‍, പരസ്പരം സ്‌നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാന്‍ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്റ്റൈനെ ജയിലില്‍ അടച്ചു.

ജയില്‍ വാര്‍ഡന്റെ അന്ധയായ മകളുടെ നിഷ്‌കളങ്കമായ പരിചരണത്തില്‍ ആകൃഷ്ടനായ ബിഷപ്പ് വാലന്റ്റൈന്‍, ജയിലറുടെ മകളുടെ കാഴ്ച്ചശക്തി തിരിച്ചു കിട്ടാന്‍ വേണ്ടി പ്രാര്‍ഥിക്കുവാന്‍ തുടങ്ങി. ബിഷപ്പിന്റെ സ്‌നേഹവും വിശ്വാസവും കാരണം ആ പെണ്കുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ കടുത്ത മതവിരോധികൂടിയായ ചക്രവര്‍ത്തി ,വാലന്റ്റൈന്റ്റെ തല വെട്ടാന്‍ ആജ്ഞ നല്കി . തലവെട്ടാന്‍ കൊണ്ടുപോകുന്നതിനുമുന്‍പ് വാലന്റ്റൈന്‍ ആ പെണ്‍കുട്ടിക്ക് ‘ഫ്രം യുവര്‍ വാലന്റ്റൈന്‍’ എന്നെഴുതി ഒരു കുറിപ്പ് വെച്ചു. ഒരു ഫെബ്രുവരി 14 നാണത്രേ ശിക്ഷ നടപ്പാക്കിയത്.അന്നുമുതല്‍ ആണത്രേ ബിഷപ്പ് വാലന്റ്റൈന്റ്റെ ഓര്‍മ്മക്കായി ഫെബ്രുവരി 14 ന് വാലന്റ്റൈന്‍ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്.

റോമില്‍ 270 എ ഡിയിലാണ് വാലന്റ്റൈന്‍ ,അന്നത്തെ ചക്രവര്‍ത്തിയുടെ ക്രൂരതയ്ക്ക് ഇരയായി വധിക്കപ്പെട്ടത്.അവിടെ അടക്കപ്പെട്ട വാലന്റ്റൈന്‍ന്റെ ഭൗതിക ശരീരം 1835 ലാണ് ഡബ്ലിനിലേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്.സെന്റ് വാലന്റ്റൈന്റെ ശവകുടീരം ഇരുന്ന സ്ഥലം മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പൊളിച്ചു നീക്കപ്പെട്ടപ്പോള്‍ അവിടെ ചുമതലയുണ്ടായിരുന്ന ഡബ്ലിന്‍കാരനായ പുരോഹിതന്‍ അന്നത്തെ പോപ്പായിരുന്ന ഗ്രിഗറി പതിനാറാമന്റെ അനുമതി വാങ്ങി ഭൗതികശരീരം ഏറ്റുവാങ്ങി ഡബ്ലിനിലെയ്ക്ക് കൊണ്ട് വരുകയായിരുന്നു.

ഡബ്ലിനില്‍ എത്തിച്ച വിശുദ്ധന്റെ ശരീരം നിരവധി മെത്രാന്മാരുടെ സാന്നിധ്യത്തില്‍ ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്ത ഒരു ശുശ്രൂഷയോടെയാണ് വൈറ്റ്ഫ്രയര്‍ സ്ട്രീറ്റിലെ പള്ളിയില്‍ അടക്കപ്പെട്ടത് .

എല്ലാ ദിവസവും നൂറുകണക്കിന് പേരാണ് ഇവിടെയെത്തി വാലന്റ്റൈന്റെ അനുഗ്രഹം തേടുന്നത്.പ്രണയം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും ,പ്രണയാതുരരും ,നഷ്ട്ടപെട്ട പ്രണയം തിരികെ കിട്ടാന്‍ ആഗ്രഹിക്കുന്നവരും ഒക്കെ അതിലുണ്ട് !

വിവാഹ വാര്‍ഷിക ദിനങ്ങളിലും,പങ്കാളിയെ ആദ്യമായി കണ്ടുമുട്ടിയതിന്റെ ഓര്‍മ ദിവസങ്ങളിലും ഈ പ്രണയ ദേവന്റെ മുന്‍പില്‍ മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിച്ചു നന്ദി പറയാന്‍ എത്തിയവരെയും പള്ളിയില്‍ കാണാം.

വൈറ്റ്ഫ്രയര്‍ പള്ളിയ്ക്ക് മുന്‍പിലുള്ള ആന്ഗര്‍ സ്ട്രീറ്റില്‍ എല്ലാ പബ്ബുകളും ഇന്ന് രാവിലെ മുതല്‍ ഹൗസ്ഫുള്ളാണ്.തൊട്ടു പിന്നില്‍ ടെമ്പിള്‍ബാറില്‍ ഒരു ഷോപ്പിലും നിന്ന് തിരിയാന്‍ ഇടമില്ല .എല്ലായിടത്തും പ്രണയ ജോഡികളുടെ തിരക്കാണ് !..മിക്കവാറും ബാറുകളില്‍ ഇന്ന് പ്രത്യേക പരിപാടികളുണ്ട് .ഡിസ്‌കൌണ്ടും .പതിവിന് വിപരീതമായി രാവിലെ 9 മണി മുതല്‍ മിക്ക പബ്ബുകളും തുറന്നിട്ടുണ്ട് !

ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകള്‍ തന്റെ പേരില്‍ ഇന്ന് ‘അടിച്ചു പൊളി’ക്കുന്നത് കണ്ട് ഈ വിശുദ്ധ മനുഷ്യന്‍ ഡബ്ലിന്‍ നഗരത്തിന്റെ ആകാശവിതാനങ്ങള്‍ക്ക് മേലെയിരുന്നു ചിരിക്കുന്നുണ്ടാവും!

Scroll To Top