Wednesday August 16, 2017
Latest Updates

വാര്‍ഷിക ജലനിരക്ക് 500 യൂറോ വരെയായേക്കുമെന്ന് വിദഗ്ദസംഘം,ജീവിതചിലവ് കൂടും 

വാര്‍ഷിക ജലനിരക്ക് 500 യൂറോ വരെയായേക്കുമെന്ന് വിദഗ്ദസംഘം,ജീവിതചിലവ് കൂടും 

ഡബ്ലിന്‍:ലോക്കല്‍ ഇലക്ഷന് മുന്‍പ് ഐറിഷ് മന്ത്രിമാര്‍ പ്രഖ്യാപിച്ചിരുന്ന കുറഞ്ഞ ജലനിരക്ക് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഓരോ കുടുംബത്തിനും വെള്ളം എത്തിക്കുന്നതിന് സര്‍ക്കാരിന് പ്രതിവര്‍ഷം 400 മുതല്‍ 500 യൂറോ വരെ ചെലവാകുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഈ പശ്ചാത്തലത്തില്‍ ജലനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായേക്കുമെന്നാണ് സൂചന.
അധികചെലവിന്റെ പശ്ചാത്തലത്തില്‍ ഓരോ ഉപഭോക്താവിനും 500 യൂറോ വരെ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന. ഇത് പെന്‍ഷനര്‍മാരെയും സിംഗിള്‍ പേരന്റ് കുടുംബങ്ങളെയും,ഇടത്തരക്കാരെയും പ്രതികൂലമായി ബാധിക്കും.240 യൂറോ വരെയെ വെള്ളത്തിന് വാര്‍ഷിക ചെലവ് വേണ്ടി വരികയുള്ളു എന്ന് സര്‍ക്കാരും ഐറിഷ് വാട്ടറും വ്യക്തമാകിയിരുന്നു. 

പ്രാഥമിക കണക്കുകള്‍ പ്രകാരം 164,000 ഓളം കുടുംബങ്ങളെ നിരക്ക് വര്‍ദ്ധന ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. പാവപ്പെട്ടവരെയും ഇടത്തരക്കാരെയും സഹായിക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 30,000 ലിറ്റര്‍ സൗജന്യ വാട്ടര്‍ അലവന്‍സും കുട്ടികള്‍ക്ക് 38,000 ലിറ്റര്‍ വാട്ടര്‍ അലവന്‍സും അനുവദിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ ഹൌസ് ഹോള്‍ഡ് ബെനഫിറ്റില്‍ 100 യൂറോ പ്രത്യേക സഹായവും അനുവദിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്രയും സഹായം ചെയ്തിട്ടും പലരും വാട്ടര്‍ ബില്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടുകയാണ്.

ഇത്രയും സൗജന്യ അലവന്‍സുകള്‍ അനുവദിച്ചിട്ടും ഉപഭോക്താക്കള്‍ ബില്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ വീണ്ടും ജലനിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന റിപ്പോര്‍ട്ട് വരുമാനം കുറഞ്ഞവര്‍ക്ക് തിരിച്ചടിയാണ്. ഇപ്പോഴും ബില്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ കൂടുതല്‍ അലവന്‍സുകള്‍ക്കായി സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. ഇപ്പോള്‍ നിലവിലുള്ള സൗജന്യ അലവന്‍സുകളും സൗജന്യ നിരക്കുകളും രണ്ടു വര്‍ഷത്തേക്ക് മാത്രമേ നിലവിലുണ്ടാകൂ. 2016 മുതല്‍ പുതിയ നിരക്ക് ഘടനയിലാകും ചാര്‍ജ് ഈടാക്കുക.

Scroll To Top