Tuesday January 23, 2018
Latest Updates

വായ്പ കിട്ടും,പക്ഷേ വീട് കിട്ടുന്നില്ല,ഡബ്ലിനിലെ ഭവന പ്രതിസന്ധി ഗുരുതരമാകുന്നു,താമസിക്കാനാളില്ലാത്ത വീടുകളും,സ്വകാര്യ ഡെവലപ്പേഴ്സിന്റെ കൈവശമുള്ള വസ്തുക്കളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുന്നു 

വായ്പ കിട്ടും,പക്ഷേ വീട് കിട്ടുന്നില്ല,ഡബ്ലിനിലെ ഭവന പ്രതിസന്ധി ഗുരുതരമാകുന്നു,താമസിക്കാനാളില്ലാത്ത വീടുകളും,സ്വകാര്യ ഡെവലപ്പേഴ്സിന്റെ കൈവശമുള്ള വസ്തുക്കളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുന്നു 

ഡബ്ലിന്‍:മോര്‍ട്ടഗേജ് അനുവദിച്ചു കിട്ടിയിട്ടും വീട് വാങ്ങാന്‍ കഴിയാത്ത ആളുകളുടെ എണ്ണം അയര്‍ലണ്ടില്‍ പെരുകുന്നു. കച്ചവടത്തിനെത്തുന്ന വീടുകളുടെ എണ്ണത്തിലെ കുറവാണ് ഇവിടെ വെളിപ്പെടുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വര്‍ഷം ജൂണ്‍വരെയുള്ള ബാങ്കിംഗ് പേമെന്റ്സ് ഫെഡറേഷന്റെ കണക്കുകള്‍ പ്രകാരം 8000ഓളം പേര്‍ക്ക് പണയ വായ്പ ലഭിച്ചിട്ടുണ്ട്. മോര്‍ട്ഗേജുകളുടെ അനുമതിയുടെ എണ്ണവും ഡ്രോ ഡൗണുകളുടെ എണ്ണവും ഉയര്‍ന്നുവരികയാണ്.ഇവ തമ്മിലുള്ള അകലം വലിയ പ്രതിസന്ധിയിലേക്കുള്ള സൂചനയാണ് നല്‍കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം 35000ലേറെപേരാണ് വീട് വാങ്ങുന്നതിനായി മോര്‍ട്ഗേജിനെത്തിയത്.എന്നാല്‍ 27000പേര്‍ക്ക് മാത്രമേ വീടുകള്‍ കിട്ടിയുള്ളു.ഈ ഗ്യാപ് കൂടിക്കൂടി വരികയാണ്.2011നുശേഷമുള്ള ഏറ്റവും വലിയ വിടവാണ് ഇതെന്ന് സാമ്പത്തിക വിദഗ്ധന്‍ ഡെര്‍മോട് ഒ ലിയറി പറഞ്ഞു.8000 പേര്‍ക്കായി ജൂണ്‍വരെ 1.65ബില്യന്‍ രൂപയുടെ വായ്പ നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 17.6% വര്‍ധനയാണ് ഇത്.പണയവിപണിയില്‍ ഫസ്റ്റ് ടൈം വാങ്ങലുകാരുടെ തിരക്കാണ്.സര്‍ക്കാരിന്റെ ഹെല്‍പ് ടു ബൈ പദ്ധതിയുടേയും സെന്‍ട്രല്‍ ബാങ്കിന്റെ ഡെപ്പോസിറ്റ് നിയമങ്ങളുടെയും മാറ്റമാണ് ഈ വര്‍ധനവിനു പിന്നില്‍.

അതേസമയം വീടുകള്‍ കിട്ടാതെ ജനങ്ങള്‍ ക്ലേശിക്കുമ്പോഴും ആയിരക്കണക്കിന് പ്രോപ്പര്‍ട്ടികള്‍ താമസിക്കാനാളില്ലാതെ ഒഴിഞ്ഞു കിടക്കുന്നുണ്ട്

രാജ്യത്ത് 96000നും 183000 ഇടയില്‍ ആളില്ലാ പ്രോപ്പര്‍ട്ടികള്‍ ഉണ്ടെന്നാണ് കണക്ക്. 3000 യൂണിറ്റുകള്‍ സോഷ്യല്‍ഹൗസിംഗ് പര്‍പ്പസിനായി കഴിഞ്ഞ ഒരു വര്‍ഷം മാറ്റിയിട്ടുകൂടിയാണ് ഇത്രയും പ്രോപ്പര്‍ട്ടികള്‍ ഒഴിഞ്ഞു കിടക്കുന്നത്.3000 ഒഴിഞ്ഞ യൂണിറ്റുകള്‍ ഹൗസിംഗ് ഏജന്‍സി ഏറ്റെടുത്തെന്നും അടുത്ത 36 മാസങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ ഹൗസിംഗിനായി 1600 വീടുകള്‍ വാങ്ങുമെന്നും ആര്‍ടിഇ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലുള്ള ഹൗസിംഗ് സ്റ്റോക്ക് ഉപയോഗിച്ച് ഭവന പ്രതിസന്ധി പരിഹരിക്കണമെന്ന് മയോ കൗണ്ടി കൗണ്‍സിലുകളുടെ ഡയറക്ടര്‍ തോമസ് ഗില്ലിഗന്‍ പറഞ്ഞു.ആളില്ലാ പ്രോപ്പര്‍ട്ടികളുടെ ഉടമസ്ഥരെ കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ജൂണില്‍ മാത്രം 3000കുട്ടികള്‍ അടങ്ങിയ 8000 കുടുംബങ്ങള്‍ ഭവനരഹിതരായെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു.

സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്സ് ഓഫിസ്(സിഎസ്ഒ) 2016 സെന്‍സസിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങളനുസരിച്ച് ഡബ്ലിനിലെയും നാല് അഡ്മിനിസ്ട്രേറ്റീവ് കൗണ്ടികളിലെയും ഒഴിഞ്ഞ വീടുകളുടെ എണ്ണം നേരത്തേ പുറത്തുവിട്ടിരുന്നു.ഡബ്ലിനില്‍ മാത്രം 31459 വീടുകളാണ് ആളില്ലാതെയുള്ളത്. ഡബ്ലിന്‍ ടൗണില്‍ മാത്രം 19,446 വീടുകള്‍ ഇത്തരത്തിലുണ്ട്.ഫിംഗല്‍ 5233,ഡണ്‍ലേരി -4788,സൗത്ത് ഡബ്ലിന്‍-98387.എന്നിങ്ങനെയാണ് മറ്റു മേഖലകളില്‍ ആളില്ലാ വീടുകളുടെ കണക്കുകള്‍.ഏപ്രിലില്‍ മാത്രം 5599 പേര്‍ അടിയന്തിരമായി ഭവനസൗകര്യം ആവശ്യപ്പെടുന്നവരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇവരില്‍ 3337 മുതിര്‍ന്നവരാണ്. 2262 പേര്‍ ബാക്കിയുള്ളവരും.

ഇത്തരം ആയിരക്കണക്കിന് വീടുകളുടെ ഏറ്റെടുക്കലിലൂടെയോ പുനഃ;ക്രമീകരണങ്ങളിലൂടെയോ ഭവന പ്രതിസന്ധി പരിഹരിക്കണമെന്നാണ് ജനകീയ ആവശ്യം.

സിറ്റികളിലെ കണ്ണായ ഭാഗത്ത് വീടുകള്‍ നിര്‍മ്മിക്കാതെ സ്ഥലം ഏറ്റെടുത്ത ശേഷം പൂഴ്ത്തിവെക്കുന്നവര്‍ക്കെതിരെയും ജനം രംഗത്തുവന്നിരിക്കുകയാണ്,ആദ്യതവണ വാങ്ങലുകാര്‍ക്ക് വീടുകള്‍ ലഭ്യമല്ലെന്ന ഇബിഎസ് കണക്കുകള്‍ പുറത്തുവന്നതോടെയാണ് ഈ വിഷയത്തില്‍ ശക്തമായി പ്രതികരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായതെന്നാണ് സൂചന.

പ്രോപ്പര്‍ട്ടികളുടെ ദേശീയ ശരാശരി വില 245662 യൂറോയാണ്. ഡബ്ലിന്‍, വിക്ക്ലോ, കില്‍ഡയര്‍, ഗാല്‍വേ,മീത്ത് എന്നിവിടങ്ങളാണ് ഏറ്റവും വിലയേറിയവ.എന്നാല്‍ സ്വകാര്യ കമ്പനികളുടെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് ബാങ്കുകള്‍ ഭൂമി പൂഴ്ത്തിവെക്കുകയാണ്. ഇതാണ് വില കുത്തനെ ഉയരുന്നതിന് കാരണമാകുന്നതെന്ന് ഷിന്‍ ഫെയ്ന്‍ പാര്‍ട്ടിയുടെ ഹൗസിംഗ് സ്ട്രാറ്റെജി പോളിസി കമ്മിറ്റി അധ്യക്ഷനും കൗണ്‍സിലറുമായ ഡെയ്ത്തി ഡൂലന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല.ഈ നടപടി സ്വകാര്യ ഭൂഉടമകള്‍ ഉടന്‍ അവസാനിപ്പിക്കണം- കൗണ്‍സിലര്‍ ആവശ്യപ്പെട്ടു.

Scroll To Top