Saturday October 20, 2018
Latest Updates

വാടക വര്‍ദ്ധനവിനെ പ്രതിരോധിക്കാനാവാതെ ഡബ്ലിനിലെ മലയാളികളും,വരുമാനത്തിന്റെ 60 ശതമാനവും ചിലവാക്കുന്നത് താമസ സൗകര്യത്തിന് ?

വാടക വര്‍ദ്ധനവിനെ പ്രതിരോധിക്കാനാവാതെ ഡബ്ലിനിലെ മലയാളികളും,വരുമാനത്തിന്റെ 60 ശതമാനവും ചിലവാക്കുന്നത് താമസ സൗകര്യത്തിന് ?

ഡബ്ലിന്‍ : താമസസൗകര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാല്‍ വിദേശ ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടമായ അയര്‍ലണ്ടിന് ദീര്‍ഘകാല സന്ദര്‍ശകരെ നഷ്ടപ്പെടുന്നതായി ലക്സംബര്‍ഗിലെ അന്താരാഷ്ട്ര പെയ്മെന്റ് സ്ഥാപനമായ വേള്‍ഡ് ഫസ്റ്റിന്റെ സര്‍വെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.13,000 വിദേശികള്‍ പങ്കെടുത്ത, കഴിഞ്ഞ മാസം നടത്തിയ സര്‍വേയില്‍ 51 ഗ്ലോബല്‍ നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിന് അഞ്ചാം സ്ഥാനമാണ് ലഭിച്ചത്.

നഗരത്തിന്റെ ഉയര്‍ന്ന ജീവിതച്ചെലവും താമസിക്കാന്‍ സ്ഥലം കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ടുമായിരുന്നു ഇതിന് കാരണമായത്.ഉയര്‍ന്ന വാടക നിലനില്‍ക്കുന്ന ഒരേയൊരു യൂറോപ്യന്‍ രാജ്യമാണ് അയര്‍ലണ്ടെന്നു സര്‍വെ പറയുന്നു.

സെന്‍ട്രല്‍ ഡബ്ലിനിലെ ശരാശരി പ്രതിമാസ വാടക 1,819 യൂറോ (2,155 ഡോളര്‍) ആണെന്ന് ഡാഫ്ട് വെബ്സൈറ്റ് ഈയിടെ വെളിപ്പെടുത്തിയിരുന്നു.യൂറോപ്പിലെ ശരാശരി ടാക്സ് രഹിത വരുമാനത്തേക്കാള്‍ 60 ശതമാനം കൂടുതലാണ് ഇത്.സിറ്റിയിലാകെ വാടക 12.3% വര്‍ധനയാണ് സെപ്തംബറോടെ ഉണ്ടായത്.

2008ല്‍ ‘കെല്‍റ്റിക് ടൈഗര്‍’ സമയത്തേക്കാള്‍ 23 ശതമാനം കൂടുതലാണിത്.ഹൗസിംഗ് ചെവല് വളരെ ഉയര്‍ന്നതായതിനാല്‍ നല്ല പേമെന്റ് ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ പോലും അയര്‍ലണ്ടിലെ നഗരത്തിലെ വീടുകളില്‍ നിന്നും ഉപേക്ഷിച്ചു പോകാന്‍ നിര്ബന്ധിതരാവുന്നുണ്ട്.ഒരാള്‍ മാത്രം ജോലി ചെയ്യുന്ന മിക്ക കുടുംബങ്ങളുടെയും 60 ശതമാനം വരെ വാടക ഇനത്തില്‍ മാറ്റിവെയ്‌ക്കേണ്ടി വരുന്നുണ്ടെന്ന് പുതിയ കണക്കുകള്‍ പുറത്തു വന്നിട്ടുണ്ട്.

വീടുകള്‍ക്ക് വാടക കുതിച്ചു കയറുകയാണ്.യാതൊരു കാരണവുമില്ലാതെ വാടക വര്‍ദ്ധിപ്പിക്കുന്നതിന് എതിരേ നീങ്ങാനുള്ള മാര്‍ഗങ്ങള്‍ പലതുണ്ടെങ്കിലും മലയാളികള്‍ അടക്കമുള്ള ‘ഡീസന്റ് കുടിയേറ്റക്കാര്‍’അവയ്‌ക്കൊന്നും നില്‍ക്കാതെ കൂടിയ നിരക്കിലുള്ള അടുത്ത വീട് തേടുന്ന പ്രവണതയാണ് പരക്കെ കണ്ടുവരുന്നത്.അഥവാ കൂടിയ വില കൊടുത്ത് പുതിയ വീട് വാങ്ങാന്‍ നിര്‍ബന്ധിതരാകും.അയര്‍ലണ്ടില്‍ കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതല്‍ വീട് വാങ്ങിയത് വിപണിയില്‍ അസ്ഥിരതയുണ്ടാക്കുന്ന ആശങ്കാപരമായ സാഹചര്യങ്ങളിലാണ് എന്നും വിലയിരുത്തപ്പെടുന്നു.2007 -2008 കാലത്തെ കൃത്രിമമായ ദൗര്‍ലഭ്യ പ്രചാരണങ്ങളില്‍ വീണ് കൂടിയ വിലയ്ക്ക് വീട് വാങ്ങിയവരില്‍ ചിലരെങ്കിലും പിന്നീട് കുടിശിക വരുത്തി വീട് വിട്ടു മറ്റു രാജ്യങ്ങളിലേയ്ക്ക് കുടിയേറേണ്ട ഗതിയിലേക്ക് എത്തി എന്നും ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്.

ഡബ്ലിനില്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്ത വീടില്ലാത്ത ആളുകളുടെ എണ്ണം നാല് മടങ്ങാണ് വര്‍ധിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ വീടില്ലാതെ തെരുവില്‍ക്കഴിഞ്ഞ രണ്ട് പേര്‍ മരിച്ചു. ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ അതിന്റെ ബിസിനസ് സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കാത്തിരിക്കുന്ന അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോളം ഭവന പ്രതിസന്ധി പരിഹാസ്യമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കുടിയേറ്റക്കാരായ തൊഴിലാളികള്‍ക്കായി വീടുകള്‍ കണ്ടെത്തുന്നതിനായി സഹായം തേടി ഒട്ടേറെ വിദേശ സ്ഥാപനങ്ങള്‍ ബന്ധപ്പെടുന്നുണ്ടെന്ന് ഭവനസഹായ സ്ഥാപനമായ ത്രെഷോള്‍ഡ് പറയുന്നു.ഭവനക്ഷാമം ലഘൂകരിക്കാന്‍ 50,000 പുതിയ യൂണിറ്റുകള്‍ ഓരോ വര്‍ഷവും ആവശ്യമാണെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. എന്നാല്‍ 2016ല്‍ 5,377 പുതിയ സ്വകാര്യ നിര്‍മാണ യൂണിറ്റുകള്‍ മാത്രമാണ് പൂര്‍ത്തിയായതെന്ന് ഗുഡ്മാന്‍ സ്റ്റോക്ക് ബ്രോക്കര്‍ പറയുന്നു.

ഈ മാര്‍ക്കറ്റ് പരാജയത്തിനു പിന്നില്‍ കാരണങ്ങള്‍ പലതുണ്ട്. അവയിലൊന്ന് ബാങ്കുകളുടെ ആശങ്കയാണ്. ഐറിഷ് നിര്‍മ്മാണ ചെലവുകള്‍ ആംസ്റ്റര്‍ഡാമിനേക്കാള്‍ 40 ശതമാനം കൂടുതലാണെന്ന് ഡബ്ലിനിലെ ട്രിനിറ്റി കോളജിലെ സാമ്പത്തിക വിദഗ്ധനായ റോനണ്‍ ലിയോണ്‍സ് പറയുന്നു.ഇത് ഡവലപേഴ്സിന് പിന്മാറാന്‍ പ്രേരിപ്പിക്കുന്നു.

എന്നാല്‍ കൂടുതല്‍ വീടുകള്‍ നിര്‍മിക്കുന്നതിന് അടിയന്തര പദ്ധതി ആലോചിക്കുന്നതില്‍ സര്‍ക്കാരും പരാജയമാണെന്ന ആക്ഷേപം ശക്തമാണ്.അയര്‍ലണ്ടിലെ മധ്യ-വലത് ഗവണ്‍മെന്റ് ഭവനപ്രശ്നത്തെ വിലകുറച്ചുകാണാനാണ് ശ്രമിക്കുന്നത്.അയര്‍ലണ്ടിന്റെ ഭവനരഹിതരുടെ കണക്കുകള്‍ അന്താരാഷ്ട്ര നിലവാരവുമായി തട്ടിച്ചുനോക്കുമ്പോള്‍ മികച്ചതാണെന്നാണ് ഈയിടെയും പ്രധാനമന്ത്രി ലിയോ വരദകര്‍ പ്രസ്താവിച്ചത്.
എന്നാല്‍, ഈ നിരീക്ഷണം അടിസ്ഥാനമില്ലാത്തതും കാലഹരണപ്പെട്ടതുമാണെന്ന് വസ്തുതാന്വേഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ പ്രശ്നത്തിന്റെ തോത് കുറച്ചുകാണിക്കുന്നത് വരേദ്കറുടെ ഒരു അപകടകരമായ തന്ത്രമാണെന്നു നിരീക്ഷകര്‍ പറയുന്നു.ഭവനനിര്‍മ്മാണ പ്രതിസന്ധിയും, ആരോഗ്യപരിരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായിരിക്കും അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണായുധമാകുകയെന്നും രാഷ്ട്രീയവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Scroll To Top