Wednesday September 26, 2018
Latest Updates

വാടകവര്‍ധനവും ഭവന ദൗര്‍ലഭ്യവും :സര്‍ക്കാരിനെതിരെ ചാരിറ്റികളും രാഷ്ട്രീയകക്ഷികളും ഒറ്റക്കെട്ടായി രംഗത്തെത്തി, പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാകുന്നു

വാടകവര്‍ധനവും ഭവന ദൗര്‍ലഭ്യവും :സര്‍ക്കാരിനെതിരെ ചാരിറ്റികളും രാഷ്ട്രീയകക്ഷികളും ഒറ്റക്കെട്ടായി രംഗത്തെത്തി, പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാകുന്നു

ഡബ്ലിന്‍: വാടകവര്‍ധനവും ഭവന ദൗര്‍ലഭ്യവും ഉയര്‍ത്തുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാകുന്നു.വിവിധ സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും വിദഗ്ധരും സര്‍ക്കാരിന്റെ സത്വര ഇടപെടല്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.കടുത്ത നിലപാടുകള്‍ എടുത്ത ഹൗസിംഗ് ചാരിറ്റികളും രാഷ്ട്രീയ പാര്‍ട്ടികളും ഒരൊറ്റ ദിവസം കൊണ്ട് രംഗത്ത് വന്നു നിലപാടുകള്‍ വ്യക്തമാക്കിയത് ഹൗസിംഗ് മേഖലയിലെ സമരമുഖത്ത് ഒരു പുതിയ ഉണര്‍വിന് കാരണമായി

കഴിഞ്ഞ ആറുമാസത്തിനിടെ രാജ്യത്തെ വാടക ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു.അതേസമയം, വീടുകളുടെ ലഭ്യത ഏറ്റവും താഴ്ന്ന നിലയിലുമാണ്.ഇതെല്ലാം ഭവന പ്രതിസന്ധി യെ മൂര്‍ച്ഛിപ്പിക്കുന്നതാണ്.എന്നിട്ടും സര്‍ക്കാര്‍ ഇടപെടലിന്റെ സൂചനകളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല.

ശരാശരി പ്രതിമാസം വാടക രാജ്യത്ത് 12% ഉയര്‍ന്ന് 1159 യൂറോയിലെത്തി.ഡബ്ലിനിലെ വാടക കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 260യൂറോയാണ് ഉയര്‍ന്നത്.കോര്‍ക്കില്‍ 6.8%വും ഗോള്‍വേയില്‍ 105 വുമാണ് വാടക ഉയര്‍ന്നത്.ലെയ്ട്രിമിലാണ് ഏറ്റവും കുറഞ്ഞ വാടക(525യൂറോ).
ഭവനങ്ങളുടെ ലഭ്യത തീരെ താഴ്ന്നതാണ് വാടക കുതിച്ചുയര്‍ന്നതിനിടയാക്കിയതെന്ന് ഡാഫ്ട് പ്രതിനിധി റോനന്‍ ല്യോണ്‍സ് ചൂണ്ടിക്കാട്ടുന്നു.

ഓരോ വര്‍ഷവും 18000 പുതിയ താമസസ്ഥലങ്ങളാണ് ആവശ്യമാകുന്നത്.ഇവയില്‍ 6000 സോഷ്യല്‍ ഹൗസിംഗുകളാണ്.സര്‍ക്കാര്‍ മേഖലയിലെ ഹൗസിംഗുകളുടെ നിര്‍മ്മാണത്തെക്കുറിച്ച് യാതോരു വിവരവും പുറത്തുവരുന്നില്ല.സോഷ്യല്‍ ഹൗസിംഗാണെങ്കിലും ആളുകളുടെ വരുമാനമാണെങ്കിലും ഭവന സബ്സിഡിയുമായി ബന്ധിപ്പിക്കപ്പെട്ടതാണ്.ഇവ കൃത്യമായാല്‍ വീടുകളുടെ നിര്‍മ്മാണച്ചെലവ് താഴ്ത്താനാകും.നിര്‍ഭാഗ്യവശാല്‍ അത്തരമൊരു സ്ഥിതി ഇവിടെയുണ്ടാകാനുള്ള സാധ്യത ഉടനെയൊന്നും കാണുന്നില്ല.-ല്യോണ്‍സ് പറഞ്ഞു.

താങ്ങാന്‍ പറ്റുന്ന വിധത്തിലുള്ള വാടകവീടുകള്‍ നിര്‍മ്മിക്കുന്നതിനായി ഫണ്ട് അനുവദിക്കണമെന്ന് പീറ്റര്‍ മക് വെറി ട്രസ്റ്റ് സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ഉയര്‍ന്ന വാടകയാണ് പുതിയ ഭവനരഹിതരെ സൃഷ്ടിക്കുന്നതെന്ന് നാഷണല്‍ ഹൗസിംഗ് ആന്റ് ഹോംലെസ് ചാരിറ്റി ചൂണ്ടിക്കാട്ടി.പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റീ ബില്‍ഡിംഗ് അയര്‍ലണ്ട് പുനരവലോകനം ചെയ്യണമെന്ന് ഫോക്കസ് അയര്‍ലണ്ട് ആവശ്യപ്പെട്ടു.
ഒഴിഞ്ഞു കിടക്കുന്ന ഭവനങ്ങളെ ഏറ്റെടുത്ത് ഭവനപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

വാടക രജിസ്റ്റര്‍ നിര്‍ബന്ധിതമാക്കിയാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സുതാര്യതയുണ്ടാകുമെന്ന് ഹൗസിംഗ് ചാരിറ്റി ചൂണ്ടിക്കാട്ടി.

സുരക്ഷിതമായ വാടക കാലാവധി ഉറപ്പാക്കുന്നതിനായി ശക്തമായ നടപടികളെടുക്കണമെന്നു സിമോണ്‍ കമ്മ്യൂണിറ്റീസ് ഓഫ് അയര്‍ലണ്ട് പറഞ്ഞു.സര്‍ക്കാരിന്റെ സമ്പൂര്‍ണ പരാജയമാണ് വാടക വിപണിയിലും ഭവനപ്രതിസന്ധിയിലുമെല്ലാം നിഴലിക്കുന്നതെന്ന് ലേബര്‍ പാര്‍ട്ടി ആരോപിച്ചു.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് സോളിഡാരിറ്റി-പീപ്പിള്‍സ് ബിഫോര്‍ പ്രോഫിറ്റും കുറ്റപ്പെടുത്തി.

അതേസമയം,വീടുകളുടെ ലഭ്യത ഉയര്‍ത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഭവന സഹമന്ത്രി ഡാമിയേന്‍ ഇംഗ്ലീഷ് പറഞ്ഞു.ആര്‍ടിഇയോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഭവനപ്രതിസന്ധി പരിഹരിക്കാന്‍ ആവും വിധം ശ്രമിക്കുന്നുണ്ട്. എന്നാല്‍ അത് പൂര്‍ണ്ണനിലയിലെത്തിയിട്ടില്ലെന്നു മന്ത്രി സമ്മതിച്ചു.ഈ വര്‍ഷം ഹൗസിംഗ് അസിസ്റ്റന്‍സ് പേമെന്റ് പദ്ധതിയിലൂടെ 900 പേര്‍ക്ക് വീടുകള്‍ ലഭ്യമാക്കാനായി.ജൂണില്‍ 1000 പേര്‍ക്ക് താമസസ്ഥലം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.അത് നടപ്പായില്ല.ഇവര്‍ക്ക് സെപ്തംബറില്‍ വീടുകള്‍ ലഭ്യമാക്കുമെന്നു മന്ത്രി പറഞ്ഞു.

Scroll To Top