Monday June 25, 2018
Latest Updates

വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളിലെ താമസം വിനയായി,ഡബ്ലിനിലെ മലയാളി ഉടമസ്ഥതയിലെ ടേക്ക് എവേയ്ക്ക് കോടതി പിഴ ശിക്ഷ വിധിച്ചു 

വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളിലെ താമസം വിനയായി,ഡബ്ലിനിലെ മലയാളി ഉടമസ്ഥതയിലെ ടേക്ക് എവേയ്ക്ക് കോടതി പിഴ ശിക്ഷ വിധിച്ചു 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിലെ കാലതാമസം സൃഷ്ടിച്ച പ്രതിസന്ധി മൂലം മലയാളിയായ ടേക്ക് എവേ ഉടമയ്ക്ക് കോടതിയുടെ പിഴ ശിക്ഷ.

വര്‍ക്ക് പെര്‍മിറ്റില്ലാതെ ജീവനക്കാരെ ജോലി ചെയ്യിപ്പിച്ചതിനാലാണ് സ്വോര്‍ഡ്സിലെ പ്രശസ്തമായ ഫുഡ് ഗുരു ടേക്ക് എവേ ഉടമസ്ഥര്‍ക്ക് കോടതി 1700 യൂറോ പിഴശിക്ഷ വിധിച്ചത്.പിഴ ശിക്ഷ കൂടാതെ എതിര്‍ കക്ഷിയുടെ കോടതി ചിലവായി 500 യൂറോയും ഫുഡ് ഗുരു ടേക്ക് എവേ അടയ്ക്കുകയും വേണം.

നോര്‍ത്തിന്ത്യന്‍ ഗ്രൂപ്പിന്റെ മാനേജ്‌മെന്റില്‍ ഉണ്ടായിരുന്ന ഫുഡ് ഗുരു ടേക്ക് എവേ’ സ്വോര്‍ഡ്സിലെ മലയാളി സംരംഭകന്‍ 2016 ലാണ് ഏറ്റെടുത്തത്.ഇന്ത്യന്‍,തായി,ജാപ്പനീസ് വിഭവങ്ങള്‍ക്ക് പേരുകേട്ട ഫുഡ് ഗുരു’വില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന ജോലിക്കാരെ നിലനിര്‍ത്തി കൊണ്ടായിരുന്നു ഇടപാടുകള്‍ നടത്തിയത്.

സ്ഥാപനം ഏറ്റെടുത്ത ഉടന്‍ തന്നെയാണ് ആരുടെയോ പരാതി അനുസരിച്ച് അന്വേഷിക്കാന്‍ എത്തിയ ബിസിനസ് എന്റര്‍പ്രൈസസ് ആന്‍ഡ് ഇന്നൊവേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ജോലി ചെയ്യിച്ചു എന്ന കുറ്റത്തിന് ടേക്ക് എവേ ഉടമസ്ഥരുടെ പേരില്‍ കേസ് എടുത്തത്. ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന അഞ്ച് പേരില്‍ നാല് പേര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്തവരാണ് എന്നതായിരുന്നു കേസ്.

അഞ്ചു പേരില്‍ നാല് പേരെ അവിടെ ജോലി ചെയ്യുന്നവര്‍ ഉള്ളെന്നും,ഇവരില്‍ തന്നെ മൂന്ന് പേര്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കിയിട്ടില്ലെന്ന് മനസിലാക്കി വര്‍ക്ക് പെര്‍മിറ്റിനുള്ള അപേക്ഷകള്‍ തയാറാക്കുന്നതിനിടെ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയതെന്നും ടേക്ക് എവേ ഉടമകള്‍ വാദിച്ചു.

വര്‍ക്ക് പെര്‍മിറ്റിനുള്ള അപേക്ഷ നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ നല്‍കിയ സമയ കാലപരിധിക്കുള്ളിലും ഇവരില്‍ രണ്ട് പേര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സാങ്കേതിക കാരണങ്ങളാല്‍ ലഭിച്ചില്ല

വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിലെ സാങ്കേതികമായ കാലതാമസവും,മുമ്പ് സ്ഥാപനത്തിന്റെ ചുമതല ഉണ്ടായിരുന്ന അക്കൗണ്ടന്ട് നല്‍കിയ തെറ്റായ നിയമോപദേശവുമാണ് വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ രണ്ട് പേരെ ജോലി ചെയ്യിക്കാന്‍ ഇടയാക്കിയതെന്ന് മലയാളിയായ ഉടമസ്ഥന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ ബോധ്യപ്പെടുത്തി.എങ്കിലും വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ആരെയും ജോലി ചെയ്യാന്‍ അനുവദിക്കരുതെന്ന നിയമത്തിന്റെ ലംഘനം നടത്തിയതിനാല്‍ കോടതി മലയാളി ടേക്ക് എവേ ഉടമയ്ക്ക് പിഴ ശിക്ഷ വിധിക്കുകയായിരുന്നു.

സാധാരണ ഇത്തരം കുറ്റങ്ങള്‍ക്ക് പതിനായിരം യൂറോയില്‍ കുറഞ്ഞ പിഴ ശിക്ഷ വിധിക്കാറില്ലയെങ്കിലും മലയാളിയായ ടേക്ക് എവേ ഉടമസ്ഥന്‍ ജോലിക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാനുള്ള ശ്രമങ്ങളെല്ലാം നടത്തിയിരുന്നു എന്ന് കോടതിയെ ബോധ്യപ്പെടുത്തിയതിനാലാണ് കുറഞ്ഞ പിഴ ശിക്ഷ വിധിക്കാന്‍ കാരണമായതെന്ന് കരുതപ്പെടുന്നു.

അയര്‍ലണ്ടിലെ എത്‌നിക്ക് റസ്റ്റോറന്റ്കളെല്ലാം നേരിടുന്ന പ്രശ്‌നമായിരുന്നു വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാനുള്ള കാലതാമസം.നിലവിലുള്ള നിയമത്തില്‍ ഭാഗികമായ മാറ്റങ്ങള്‍ അടുത്തിടെ ഉണ്ടായിട്ടുള്ളത് കൊണ്ട് ഭാവിയില്‍ ഇവയ്ക്ക് പരിഹാരമായേക്കും.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top