Wednesday August 15, 2018
Latest Updates

വരുമാനത്തിന്റെ 35 ശതമാനത്തിലധികം വാടകയ്ക്കായി മുടക്കുന്നവര്‍ക്ക് സഹായം നല്‍കുമെന്ന് ഫിയാന ഫാള്‍,  അയര്‍ലണ്ടിലെ  ഭവന പ്രതിസന്ധി അവസാനിക്കുമോ?

വരുമാനത്തിന്റെ 35 ശതമാനത്തിലധികം വാടകയ്ക്കായി മുടക്കുന്നവര്‍ക്ക് സഹായം നല്‍കുമെന്ന് ഫിയാന ഫാള്‍,  അയര്‍ലണ്ടിലെ  ഭവന പ്രതിസന്ധി അവസാനിക്കുമോ?

ഡബ്ലിന്‍:വരുമാനത്തിന്റെ മൂന്നിലൊന്നും വാടകയിനത്തില്‍ ചിലവഴിക്കേണ്ടി വരുന്ന സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചെലവില്‍ പാര്‍പ്പിടം ഒരുക്കുവാന്‍ 10 ബില്യണ്‍ യൂറോയുടെ പദ്ധതി മുന്നോട്ടുവച്ച് ഫിയാന ഫാള്‍ പാര്‍ട്ടി. തെരഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്ക് മുന്നോടിയായി പാര്‍ട്ടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ ഭവന നയം പ്രഖ്യാപിക്കും. അടുത്ത ആഴ്ച തന്നെ ഇക്കാര്യം ഉന്നയിച്ച് പ്രമേയം കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.

പാര്‍ട്ടി അധികാരത്തിലെത്തുകയാണെങ്കില്‍ അഞ്ച് വര്‍ഷം കൊണ്ട് അമ്പതിനായിരം പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് ഫിയാന ഫാള്‍ വക്താവ് ഡാര ഓ ബ്രിയന്‍ പറഞ്ഞു. വരുന്ന പൊതു തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയം ഭവന പ്രതിസന്ധിയായിരിക്കുമെന്ന് പാര്‍ട്ടി നേതാവ് മൈക്കിള്‍ മാര്‍ട്ടിനും പ്രതികരിച്ചിരുന്നു.

പ്രതിവര്‍ഷം 2 ബില്യണ്‍ യൂറോ ചെലവഴിച്ചു കൊണ്ട് സര്‍ക്കാര്‍ ഭൂമിയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് ഫിയാന ഫാള്‍ പദ്ധതിയിടുന്നത്. കൂടാതെ സ്വകാര്യ ഡെവലപ്പര്‍മാര്‍ തങ്ങളുടെ ഭൂമിയുടെ 10% സാധാരണക്കാര്‍ക്ക് പ്രാപ്യമായ പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കുവാന്‍ മാറ്റി വെക്കണമെന്ന നിബന്ധനയും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു.

പ്രാദേശികാടിസ്ഥാനത്തില്‍ വരുമാനവും വിപണിവില വിലരജിസ്റ്ററും പരിഗണിച്ച് ഗുണഭോക്താക്കള്‍ക്കുള്ള മാനദണ്ഡം തയ്യാറാക്കുമെന്ന് ഒബ്രിയാന്‍ കൂട്ടിച്ചേര്‍ത്തു.

വരുമാനത്തിന്റെ 35%ത്തിലധികം വാടകയ്ക്കായി ചെലവഴിക്കേണ്ടി വരുന്നവര്‍ സര്‍ക്കാര്‍ സഹായത്തിന് അര്‍ഹരാണെന്ന് 2000 ലെ പ്ലാനിംഗ് ആന്‍ഡ് ഡെവെലപ്‌മെന്റ് ആക്ടില്‍ തന്നെ നിര്‍ദ്ദേശമുള്ളതാണ്.ഫിയാനാ ഫാള്‍ അധികാരത്തിലെത്തിയാല്‍ ഇത് നടപ്പാക്കും.

നിലവില്‍ കൗണ്‍സിലുകള്‍ക്കും വിവിധ സന്നദ്ധ സംഘടനകള്‍ക്കും വലിയ പാര്‍പ്പിട പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് സ്വകാര്യ സംരംഭകര്‍ക്ക് യഥേഷ്ടം വില നിശ്ചയിക്കാനുള്ള അവസരമാണ് സൃഷ്ടിച്ചിരിക്കുന്നത്.ഈ അവസ്ഥ ഒഴിവാക്കാനായി നിയമഭേദഗതി വരുത്തും.

‘പഴയ തെറ്റുകള്‍ തിരുത്തി നാം വലിയ പാര്‍പ്പിട പദ്ധതികളും വരുമാന മാര്‍ഗ്ഗങ്ങളും നേടിയെടുക്കേണ്ടതുണ്ട്.’ ഒ’ബ്രിയാന്‍ പറഞ്ഞു.

പാര്‍പ്പിട സഹായത്തിനുള്ള വരുമാന പരിധി പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നിശ്ചയിക്കാമെന്നാണ് വ്യവസ്ഥ. ഇതിലൂടെ അതാത് പ്രദേശത്തെ അവസ്ഥയ്ക്കനുസരിച്ച് യോഗ്യതയുള്ളവരെ കണ്ടെത്താനാവും. ഇതോടൊപ്പം പുതുതായി ഒരു ഹൌസിങ് ഡെലിവറി ഏജന്‍സി രൂപീകരിക്കാനും നിര്‍ദ്ദേശം ഉയര്‍ന്നു കഴിഞ്ഞു. ഇതിലൂടെ നിര്‍മ്മാണത്തിലെ കൃത്യതയും വേഗവും ഉറപ്പുവരുത്താനാവും എന്ന് പ്രതീക്ഷിക്കുന്നു.

അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലിരുന്ന രാഷ്ട്രീയകക്ഷിയായ ഫിയാന ഫാള്‍ ,തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്.ഇപ്പോള്‍ ഭരണത്തിലുള്ള ലിയോ വരദ്കറുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാര്‍ പോലും ഫിയാനഫാളിന്റെ കാരുണ്യത്തിലാണ് ഭരണം നടത്തുന്നത്.സ്വന്തമായി അടിത്തറ ഉയര്‍ത്തി എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ നേടാനുള്ള തന്ത്രങ്ങളുമായി നീങ്ങുകയാണ് ഫിയാനഫാള്‍.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top