Monday October 22, 2018
Latest Updates

വരദ്കറിന് പിന്നാലെ ഒരു കുടിയേറ്റപുത്രന്‍ കൂടി അയര്‍ലണ്ടിന്റെ നേതൃ നിരയിലേക്ക്, ഐറിഷ് പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് കെവിന്‍ ഷാര്‍ഖി മത്സരിക്കും 

വരദ്കറിന് പിന്നാലെ ഒരു കുടിയേറ്റപുത്രന്‍ കൂടി അയര്‍ലണ്ടിന്റെ നേതൃ നിരയിലേക്ക്, ഐറിഷ് പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് കെവിന്‍ ഷാര്‍ഖി മത്സരിക്കും 

ലെറ്റര്‍കെന്നി :അയര്‍ലണ്ടിലെ കറുത്ത വര്‍ഗക്കാരനായ ആദ്യത്തെ പ്രസിഡണ്ട് ആകാനൊരുങ്ങി ഐറിഷ് ആക്ടിവിസ്റ്റ് കെവിന്‍ ഷാര്‍ക്കി.കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ഡോണേഗലില്‍ നിന്നുള്ള കലാകാരന്‍ കൂടിയായ ഷാര്‍ക്കിന്റെ പേര് പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.ഈ വര്‍ഷം നവംബറില്‍ നടത്തപ്പെടുന്ന ഐറിഷ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മൈക്കല്‍ ഡി ഹിഗ്ഗിന്‍സിന്റെ പിന്‍ഗാമിയായി എത്തുന്നതിനുള്ള തന്റെ ആഗ്രഹം കുറിച്ച് ദേശീയ ടെലിവിഷന്‍ ചാനലുമായി നടത്തിയ അഭിമുഖത്തില്‍ ഷര്‍ക്കി ആവര്‍ത്തിച്ചുറപ്പിച്ചു.

അയര്‍ലണ്ടിലേക്കുള്ള കുടിയേറ്റത്തെ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ഒരു തുറന്ന സംഭാഷണം നടത്തേണ്ടതുണ്ടെന്നു അഭിപ്രായപ്പെട്ട അദ്ദേഹം കുടിയേറ്റത്തിന്റെ പ്രത്യാഘാതത്തെ കുറിച്ചും ആര്‍ ടി ഇയിലെ അവതാരകന്‍ ഡീ ആര്‍സിയുമായി സംസാരിച്ചു. കുടിയേറ്റത്തെക്കുറിച്ചുള്ള നിലപാട് ഷാര്‍ഖിയുടെ സ്വന്തം പശ്ചാത്തലമായിട്ടാണ് അഭിമുഖത്തില്‍ വിവരിക്കുന്നത്.ഒരു കുടിയേറ്റക്കാരന്‍ എന്ന നിലയില്‍ അയര്‍ലണ്ടിനെ നോക്കിക്കാണുമ്പോള്‍ ഒട്ടേറെ ന്യൂനതകള്‍ ഇങ്ങോട്ടേക്കുള്ള കുടിയേറ്റത്തിന് ഉണ്ട്.ഷാര്‍ക്കി പറയുന്നു.

‘എന്റെ അച്ഛന്‍ ഒരു കുടിയേറ്റക്കാരനായിരുന്നു. കുടിയേറ്റത്തിന് അനേകം നല്ല വശങ്ങളുണ്ട്. പക്ഷേ, ഇന്ന് നല്ല വശങ്ങള്‍ കുറഞ്ഞുവരികയാണ്’. അദ്ദേഹം പറഞ്ഞു.കൃത്യമായ ഒരു ദിശാബോധമില്ലാതെയാണ് ഇപ്പോള്‍ അയര്‍ലണ്ടിലേക്കുള്ള കുടിയേറ്റം നടക്കുന്നത്.

അതെസമയം ഓസ്‌ട്രേലിയയില്‍ നോക്കിയാല്‍ അവിടെ കുടിയേറ്റത്തെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് പര്യാപ്തമായ സംവിധാനമുണ്ട്. ഇത്തരം സംവിധാനം നടപ്പിലാക്കാന്‍ കഴിയണമെങ്കില്‍ അതിനെക്കുറിച്ച് സത്യസന്ധമായ തുറന്ന സംഭാഷണം ആവശ്യമാണ്.ട്രമ്പിന്റെ ആദ്യ അമേരിക്കന്‍ പ്രസംഗങ്ങളെ പ്രതിധ്വനിപ്പിക്കുന്നതായിരുന്നു ഷാര്‍ക്കിയുടെ സംസാരം.

അയര്‍ലണ്ടില്‍ കുറെ ആളുകള്‍ക്ക് ഒരു നല്ല ജീവിതം നല്‍കാന്‍ കഴിയുമെങ്കിലും , എല്ലാവര്‍ക്കും വലിയൊരു ജീവിതം നല്‍കാനാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. അയര്‍ലണ്ടിന്റെ മുന്‍ഗണനകള്‍ മാറേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.

കുടിയേറ്റത്തിന്റെ നല്ലതും ചീത്തയുമായ പ്രമേയങ്ങളുടെ സ്വാധീനം രാജ്യത്ത് സംഭവിക്കും. അത് വഴി ഒരു രാജ്യം എങ്ങനെ വളരാനും വികസിപ്പിക്കാനും സഹായിക്കുന്നു എന്നും ചിലപ്പോള്‍ അത് വിഭവങ്ങളുടെ ഒരു ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നും മനസിലാക്കേണ്ടതുണ്ട്. ഒരു രാജ്യത്തിന് വന്‍തോതിലുള്ള കുടിയേറ്റത്തിനു കഴിയുമോ എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബ്രിട്ടന്‍ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

അയര്‍ലണ്ടിലെ ഭവനനിര്‍മ്മാണ പ്രതിസന്ധിയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ അത് ഒരു ഭവനനിര്‍മ്മാണ പ്രതിസന്ധിയല്ല , മുന്‍ഗണനാ പ്രതിസന്ധിയാണെന്ന് കരുതുന്നതായി ഷാര്‍ക്കി സൂചിപ്പിച്ചു. എല്ലാറ്റിലും ഉപരി ഐറിഷ് ജനതയെ മുന്‍ഗണനാടിസ്ഥാനത്തില്‍ കാണാന്‍ കഴിയണമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

അയര്‍ലണ്ടിന്റെ അടുത്ത പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നവംബര്‍ 2018 ല്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി..നിലവിലുള്ള പ്രസിഡണ്ട് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് രണ്ടാം തവണയും മത്സരിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്.. സെനറ്റര്‍ ജെറാര്‍ഡ് ക്രൗവെല്‍, മുന്‍ പ്രധാനമന്ത്രി ബെര്‍ട്ടി ആഹന്‍,സിന്‍ ഫിന്‍ പാര്‍ട്ടിയുടെ മുന്‍ ലീഡര്‍ ജെറി ആഡംസ്, എം.ഇ.പി ഷോണ്‍ കെല്ലി എന്നിവരാണ് തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള മറ്റു വ്യക്തികള്‍. ഇവര്‍ക്കൊപ്പം മത്സരിക്കുന്നതിനാണ് കെവിന്‍ ഷര്‍ക്കി ഒരുങ്ങുന്നത്.

കുടിയേറ്റക്കാരന്റെ മകനായ പ്രധാനമന്ത്രി വരദ്കര്‍ക്കൊപ്പം മറ്റൊരു കുടിയേറ്റക്കാരന്റെ മകനായ ഷാര്‍ക്കി അയര്‍ലണ്ടിനെ നയിക്കാനെത്തുമോ എന്ന ആകാംക്ഷയിലാണ് രാജ്യം.നൈജീരിയയില്‍ നിന്നും പഠിക്കാനായി ഡബ്ലിനിലെ റോയല്‍ കോളജിലെത്തി ഡോക്റ്ററായ അച്ഛനും,ഐറിഷ്‌കാരിയായ അമ്മയും ഷാര്‍ക്കിയെ ജീവിതത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ കൈവിട്ടതോടെ ഒരു ദത്തുപുത്രനായാണ് അദ്ദേഹം വളര്‍ന്നത്.പെയിന്റിംഗിനെയും,ചിത്രരചനയുടെയും മേഖലകളില്‍ അയര്‍ലണ്ടിലെ അഗ്രഗണ്യരായ പ്രതിഭകളുടെ നിരയിലുള്ള ഷാര്‍ക്കി ഒരു സോഷ്യല്‍ ആക്റ്റിവിസ്റ്റ് എന്ന നിലയിലാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്

ഐറിഷ് മലയാളി ന്യൂസ്

Scroll To Top