Thursday April 27, 2017
Latest Updates

‘വയനാട്ടില്‍ ഷാനവാസ് ജയിച്ചില്ലെങ്കില്‍ അത് അത്ഭുതമാവും’ ….ഗാല്‍വേയിലെ കൃഷ്ണദാസ് വയനാട് പറയുന്നു

‘വയനാട്ടില്‍ ഷാനവാസ് ജയിച്ചില്ലെങ്കില്‍ അത് അത്ഭുതമാവും’ ….ഗാല്‍വേയിലെ കൃഷ്ണദാസ് വയനാട് പറയുന്നു
 കൃഷ്ണദാസ് വയനാട് (ക്‌ളിഫ് ഡെന്‍ ,കൗണ്ടി ഗാല്‍വേ )


കൃഷ്ണദാസ് വയനാട് (ക്‌ളിഫ് ഡെന്‍ ,കൗണ്ടി ഗാല്‍വേ )

ഏതൊരു പ്രവാസിക്കുമെന്നപോലെ സ്വന്തം കുടുംബത്തിലെയും ,ഗ്രാമത്തിലെയും ആഘോഷങ്ങളോടൊപ്പം , തിരഞ്ഞെടുപ്പുകാലവും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു അനുഭവമാണെനിക്കും.വയനാട്ടിലെ ഞങ്ങളുടെ ഗ്രാമമായ കല്‍പറ്റയ്ക്കടുത്ത പൊഴുതനയില്‍ നിന്നും ഏറെ ദൂരെ അയര്‍ലണ്ടിലെ ഗാല്‍വേ കൌണ്ടിയിലെ ക്ലിഫ്‌ഡെനിലിരുന്ന് ഈ തിരഞ്ഞെടുപ്പ് അവലോകനം നടത്തുമ്പോഴും എന്റെ മനസിന് തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ പൊടിയും പറത്തി പാഞ്ഞുപോകുന്ന പ്രചാരണജീപ്പുകള്‍ കാണാം.

അത്ര തീവ്രമായി തന്നെയാണ് ഓരോ തിരഞ്ഞെടുപ്പുകളെയും നോക്കിക്കാണുന്നത്.എന്റെ ഭാരതത്തിന് ഒരു നല്ല നേതൃത്വം വരണമെന്ന ആഗ്രഹത്തോടൊപ്പം വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങലോടുള്ള ആഭിമുഖ്യവും ഒപ്പം ചേര്‍ത്താണ് ഓരോ തിരഞ്ഞെടുപ്പുകളിലും മുന്‍പ് വോട്ടുചെയ്തിട്ടുള്ളത്.ഈ വിദൂരതയിലിരുന്നു എന്റെ വയനാട് മണ്‍ഡലത്തെ നോക്കിക്കാണുമ്പോള്‍ എന്റെ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും മനസും ഞാന്‍ ചോദിച്ചറിഞ്ഞിരുന്നു.

യു ഡി എഫിന്റെ ഉരുക്കുകോട്ടകളിലൊന്നായി വിലയിരുത്തപ്പെടുന്ന മണ്ഡലത്തില്‍ പതിവില്‍ നിന്ന് വിപരീതമായി കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്.

മണ്ഡലത്തിലെ സിറ്റിംഗ് എം പിയായ എം ഐ ഷാനവാസിന് സാമുദായിക സംഘടനകളുമായുള്ള അടുപ്പവും 2009ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വലിയ ഭൂരിപക്ഷമായ 15,3439 എന്ന മാന്ത്രിക നമ്പറുമാണ് ഇത്തവണവും ഷാനവാസിനെ തന്നെ കളത്തിലിറക്കാന്‍ യു ഡി എഫിനെ പ്രേരിപ്പിച്ചതെന്ന് വ്യക്തം.

കര്‍ഷക കടാശ്വാസ കമ്മീഷന്‍ അംഗമെന്ന നിലയില്‍ തോട്ടം തൊഴിലാളികളും കര്‍ഷകരും ഏറെയുള്ള മണ്ഡലത്തിന്റെ മനസ്സറിയാന്‍ കഴിയുന്ന സത്യന്‍ മൊകേരിയാണ് എല്‍ ഡി എഫിനായി ചുരം കയറിയെത്തിയത്.

2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏറനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ പി വി അന്‍വറും വയനാടിന്റെ മണ്ണില്‍ പോരാട്ടത്തിനെത്തിയിട്ടുണ്ട്. ശക്തമായ ത്രികോണ മത്സരത്തിന് തന്നെയാകും വയനാട് ഇത്തവണയും സാക്ഷ്യം വഹിക്കുക.WND MRMA

യു ഡി എഫ് പ്രവര്‍ത്തകര്‍ക്കിടയിലെ അകല്‍ച്ച വോട്ടാക്കി മാറ്റാനാണ് എല്‍ ഡി എഫ് ശ്രമം. വയനാട് പാക്കേജ് നടപ്പിലാക്കാത്തതും ദേശീയപാത 21 മുത്തങ്ങയിലൂടെയുള്ള രാത്രിയാത്ര നിരോധനം പിന്‍വലിക്കാന്‍ കഴിയാത്തതും എല്‍ ഡി എഫിന്റെ പ്രധാന ആയുധങ്ങളാണ്.ചീക്കല്ലൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപെട്ടുള്ള വിവാദങ്ങളും ഇടത് മുന്നണിക്ക് അനുകൂലമാകും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ മുരളീധരന് കിട്ടിയ വോട്ടുകള്‍ കൂടി ഷാനവാസിന്റെ പെട്ടിയിലാകുമെന്നാണ് കോണ്‍ഗ്രസുകാരുടെ ആശ്വാസം.

ഷാനവാസിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതില്‍ യു ഡി എഫിനുള്ളിലുണ്ടായ അതൃപ്തി തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വാദിക്കുന്ന യു ഡി എഫും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വാദിക്കുന്ന പാര്‍ട്ടിയുടെ നേതാവ് എല്‍ ഡി എഫില്‍ നിന്നും മത്സരിക്കുമ്പോള്‍ മലയോര മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നുള്ള പ്രചരണവുമായാണ് അന്‍വര്‍ വോട്ടര്‍മാരെ കാണുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതു വലതു മുന്നണികളെ വിറപ്പിച്ച് രണ്ടാമതെത്തിയ അന്‍വര്‍ പെട്ടിയിലാക്കുന്ന വോട്ടും ഇത്തവണ വയനാട്ടില്‍ വിധി നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകമാകും.

ബി ജെ പി സ്ഥാനാര്‍ത്ഥിയായി പി ആര്‍ രശ്മില്‍ നാഥ്, ആം ആദ്മി സ്ഥാനാര്‍ത്ഥിയായി അഡ്വ പി പി എ സഗീര്‍, സി പി ഐ എം എല്‍ സ്ഥാനാര്‍ത്ഥിയായി സാം പി മാത്യു തുടങ്ങി 15 സ്ഥാനാര്‍ഥികളാണ് ഇത്തവണ വയനാട്ടില്‍ മത്സരരംഗത്തുള്ളത്. .

ശക്തമായ ത്രികോണ മത്സരമാണ് വയനാടിന്റെ പ്രഥമ മത്സരത്തിലും ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ കെ. മുരളീധരന്‍ മത്സരിച്ചപ്പോള്‍ അന്ന് ഡിഐസി നേതാവായിരുന്ന പി. വി. അന്‍വറാണ് ഇത്തവണ മത്സരിക്കുന്നത്. സംസ്ഥാനത്ത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ആശങ്ക പടര്‍ത്തുന്ന നിയോജക മണ്ഡലങ്ങളാണ് വയനാട് ലോക്‌സഭയിലുള്ള 7 മണ്ഡലങ്ങളും. ആയതിനാല്‍ കര്‍ഷകര്‍ ഒന്നടങ്കം ആശങ്കപ്പെടുന്ന നവംബര്‍ 13ന്റെ വിജ്ഞാപനം മണ്ഡലത്തില്‍ മുഖ്യ ചര്‍ച്ചയാണ്.

1950 കളില്‍ തിരുവിതാംകൂറില്‍ നിന്ന് കൂടിയേറ്റക്കാരായെത്തിയ മണ്ഡലത്തിലെ വോട്ടര്‍മാരാണ് വിധി നിര്‍ണ്ണയിക്കുന്നത്. വിജ്ഞാപനത്തില്‍ ഉള്‍പ്പെടുന്ന വില്ലേജുകളില്‍ കടുത്ത നിയന്ത്രണമാണ് ഇതിനകം തന്നെ നിലവിലുള്ളത്. മലയോര മേഖലകളില്‍ കടുത്ത നിയന്ത്രണമാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വനം വകുപ്പ് എര്‍പ്പെടുത്തുന്നതെന്ന് വോട്ടര്‍മാര്‍ പറയുന്നു. കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കും വിധമുള്ള പരിഹാര മാര്‍ക്ഷങ്ങള്‍ സ്വീകരിക്കാത്തതാണ് പ്രധാനമായും വോട്ടര്‍മാര്‍ ചോദ്യം ചെയ്യുന്നത്. കൈവശത്തിലുള്ള സ്ഥലം വില്‍ക്കാന്‍ കഴിയുന്നില്ല, മരങ്ങള്‍ മുറിച്ചു മാറ്റാന്‍ കടുത്ത നിയന്ത്രണം, ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് വനം വകുപ്പിന്റെ എന്‍ഒസി, വനം വകുപ്പിന്റെ അശാസ് ത്രീയമായ അതിര്‍ത്തി നിര്‍ണ്ണയം, 50 വര്‍ഷം മുമ്പുവരെ കൈവശം വെച്ച് വരുന്ന സ്ഥലങ്ങളില്‍ പോലും വനം വകുപ്പിന്റെ കുടിയിറക്ക് നോട്ടീസ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പരാതികളാണ് നവംബര്‍ 13ന്റെ വിജ്ഞാപനവുമായി ബന്ധപ്പെട്ട് മലയോര കര്‍ഷകര്‍ക്കുള്ളത്. .

ചാലിയാര്‍ വനവും, വയനാട് വനത്തോട് അതിര്‍ത്തി പങ്കിടുന്നതുമായ പോത്ത്കല്ല് വില്ലേജും റിപ്പോര്‍ട്ട് പ്രകാരം നിയന്ത്രണത്തിന് വിധേയമാകുമെന്ന ആശങ്കയിലാണ് മലയോര കര്‍ഷകര്‍. വനത്തോട് അതിര്‍ത്തിപങ്കിടുന്ന കൈവശക്കാരുടെ കൃഷിയിടങ്ങള്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നത് നിത്യസംഭവമാണ്. കാട്ടാന, കാട്ടുപന്നി എന്നിവയാണ് കൂടുതല്‍ കൃഷിനാശം വരുത്തുന്നത്. എന്നാല്‍ ഇവ തടയാന്‍ നാളിതുവരെയായി നടപടിയുണ്ടായിട്ടില്ല. കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള സര്‍ക്കാര്‍ ഉത്തരവ് കര്‍ഷകര്‍ക്ക് തന്നെ വിനയാകുന്ന തരത്തിലാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഒരായുസ്സ് മുഴുവനും അധ്വാനിച്ചുണ്ടാക്കിയ കൃഷിയിടങ്ങള്‍ നിമിഷങ്ങള്‍ക്കകം കാട്ടാനകള്‍ നശിപ്പിക്കുന്നത് കണ്ണീരോടെ കണ്ടുനില്‍ക്കാനെ കര്‍ഷകന് കഴിയുന്നുള്ളു. ഇതിനുള്ള പരിഹാരമാര്‍ഗങ്ങളും വിളിപ്പാടകലെയാണ്.

കടക്കെണി മൂലം 42 കര്‍ഷകര്‍ ആത്മഹത്യ ചെയ്ത വയനാടില്‍ മലയോര കര്‍ഷകരുടെ നിലപാടുകള്‍ തന്നെയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ണ്ണായകമാകുന്നത്. വയനാട് മലപ്പുറം ജില്ലയിലുള്ളവരെ ബാധിച്ച മറ്റൊരു പ്രശ്‌നം കര്‍ണ്ണാടകയിലെ രാത്രിയാത്ര നിരോധനമാണ്. രാത്രിയാത്രാ നിരോധനം വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പരിഹാരത്തിനായി വേണ്ടത്ര ശ്രദ്ധചെലുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് വിമര്‍ശനവും വോട്ടര്‍മാര്‍ക്കുണ്ട്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വന്നതോടെ രാത്രിയാത്ര നിരോധനത്തിനുള്ള കുരുക്ക് കൂടുതല്‍ മുറുകുന്ന സ്ഥിതിയാണ്. മൂന്ന് സംസ്ഥാനങ്ങളുടെ ചിരകാലാഭിലാഷമായ നിലമ്പൂര്‍നഞ്ചന്‍ങ്കോട് റെയില്‍വെ ഇന്നും കടലാസിലാണ്. പതിറ്റാണ്ടുകളുടെ മുറവിളിയും അധികൃതര്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട അതീവ പരിസ്ഥിതി പ്രധാന്യമുള്ള പ്രദേശത്ത് കുടിയാണ് കേരളതമിഴ്‌നാട്കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലൂടെ ഈ പാത കടന്നുപോകുന്നത്. ആയതിനാല്‍ ഈ പദ്ധതിക്ക് എന്നന്നേക്കുമായി ചുവപ്പ് സിഗ്‌നല്‍ വീഴുമെന്ന് ആശങ്കയിലാണ് ജനങ്ങള്‍.

പ്രശ്‌നങ്ങള്‍ എന്തൊക്കെയുണ്ടെങ്കിലും അന്തിമഘട്ടത്തോട് അടുക്കുമ്പോള്‍ എം ഐ ഷാനവാസ് മണ്‍ഡലത്തില്‍ വീണ്ടും ഒരിക്കല്‍ കൂടി ജയിക്കാനുള്ള സാധ്യത തന്നെയാണ് നിലനില്ക്കുന്നത്. പ്രശ്‌നാധിഷ്ട്ടിതമായി അല്ലാതെ വോട്ടു ചെയ്യുന്ന ഒരു സ്വഭാവം തന്നെയാണ് കേരളത്തില്‍ എമ്പാടും എന്നതുപോലെ വയനാട്ടിലും നില നില്ക്കുന്നത് എന്നത് മാത്രമാണതിന് കാരണം.സ്ത്രീ വോട്ടുകളും,മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ സ്വാധീനവും ഷാനവാസിന് അനുകൂലമായേക്കും.പി വി അന്‍വര്‍ ,കഴിഞ്ഞ തവണ മുരളീധരന്‍ പിടിച്ച വോട്ടുകള്‍ മുഴുവന്‍ പിടിച്ചാലും ചെറിയ ഭൂരിപക്ഷത്തിനെങ്കിലും ഷാനവാസ് കടന്നുകൂടുമെന്നു പറയുന്ന നിരീക്ഷകരോട് ഒപ്പമാണ് ഞാനും.

Scroll To Top