Tuesday November 13, 2018
Latest Updates

വത്തിക്കാന്‍ ഇടപെട്ടു, ബിഷപ്പ് ഫ്രാങ്കോ ചുമതലകള്‍ കൈമാറി,എല്ലാം ദൈവ മഹത്വത്തിനെന്ന് ഫ്രാങ്കോ

വത്തിക്കാന്‍ ഇടപെട്ടു,   ബിഷപ്പ് ഫ്രാങ്കോ   ചുമതലകള്‍   കൈമാറി,എല്ലാം ദൈവ മഹത്വത്തിനെന്ന്  ഫ്രാങ്കോ

ജലന്ധര്‍: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൊലീസ് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതയില്‍ തനിക്കുള്ള ചുമതലകള്‍ എല്ലാം കൈമാറി. ഫാദര്‍ മാത്യൂ കോക്കാണ്ടത്തിനാണ് ചുമതല കൈമാറിയിരിക്കുന്നത്. എല്ലാം ദൈവത്തിന് കൈമാറുകയാണെന്നും തനിക്കും പരാതിക്കാരിയായ കന്യാസ്ത്രീയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി. അന്വേഷണം അവസാനിക്കുന്നത് വരെ മാറിനില്‍ക്കുന്നുവെന്നാണ് ബിഷപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

ബുധനാഴ്ചയാണ് ബിഷപ്പിനോട് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണമെന്ന നോട്ടീസ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്നലെ കൈപ്പറ്റിയിരുന്നു. കേരളാ പൊലീസ് നല്‍കിയ നോട്ടീസ് ജലന്ധര്‍ പൊലീസാണ് ബിഷപ്പിന് കൈമാറിയത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായാലുടന്‍ ബിഷപ്പിനെ ലൈംഗിക ക്ഷമതാ പരിശോധനക്ക് വിധേയമാക്കും.

ലൈംഗികാരോപണം സംബന്ധിച്ച് സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസ് വത്തിക്കാനെ അറിയിച്ചിരുന്നു. ജലന്ധര്‍ രൂപതയിലെ ചിലരെയും മിഷനറീസ് ഒഫ് ജീസസ് സഭയിലെ കന്യാസ്ത്രീകളെയും അണിനിരത്തി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ബിഷപ്പ്. എന്തുവന്നാലും സ്ഥാനം ഉപേക്ഷിക്കില്ലെന്നായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍ ഇതുവരെ പറഞ്ഞിരുന്നത്.

അതേസമയം,കേസ് അവസാനിക്കുന്നത് വരെ പൗരോഹിത്യ ചുമതലകളില്‍ നിന്ന് ഫ്രാങ്കോ മുളയ്ക്കലിനോട് മാറിനില്‍ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്ന് സൂചനയുണ്ട്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീ പരാതി നല്കിയിട്ട് രണ്ടര മാസത്തോളം കഴിഞ്ഞപ്പോഴാണ് കര്‍ദ്ദിനാള്‍ ഒസ്വാള്‍ ഗ്രേഷ്യസ് ഇക്കാര്യത്തില്‍ ഇടപെട്ടത്. കന്യാസ്ത്രീകള്‍ പരസ്യമായി രംഗത്ത് വന്നതും പൊലീസ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ ബിഷപ്പിനെതിരായതും ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള സാദ്ധ്യതയും ഇടപെടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അതേസമയം വത്തിക്കാന്‍ സ്ഥാനപതികൂടിയായ ഗ്രേഷ്യസിനെ കൂടാതെ ഇന്ത്യയിലെ മറ്റ് ബിഷപ്പുമാരില്‍ നിന്നും വത്തിക്കാന്‍ ഉപദേശം തേടുമെന്ന് അറിയുന്നു.

Scroll To Top