Saturday April 21, 2018
Latest Updates

വടിവാളിനെ പേടിച്ച് ഡബ്ലിനിലെ കള്ളന്‍മാര്‍ പാഞ്ഞുപോകുന്ന വീഡിയോ വൈറലാവുന്നു 

വടിവാളിനെ പേടിച്ച് ഡബ്ലിനിലെ കള്ളന്‍മാര്‍ പാഞ്ഞുപോകുന്ന വീഡിയോ വൈറലാവുന്നു 

ഡബ്ലിന്‍:വീട് കൊള്ളയടിക്കാന്‍ വന്ന കള്ളന്മാര്‍ വടിവാളുമായി നേരിടാനെത്തിയ വീട്ടുടമസ്ഥനെ കണ്ട് തിരിഞ്ഞോടുന്ന വീഡിയോ വൈറലാവുന്നു.

കഴിഞ്ഞ ദിവസം രാത്രി ബ്‌ളാഞ്ചഡ്‌സ് ടൗണിലെ ഒരു വീട്ടിലേക്കാണ് കാറിലെത്തിയ മൂന്ന് മോഷ്ടാക്കള്‍ കയറി ചെന്നത്.മൂന്നു പൂട്ടുള്ള കതക് നിമിഷ നേരം കൊണ്ട് തകര്‍ത്ത് തുറന്ന് കള്ളന്മാര്‍ അകത്തു പ്രവേശിക്കാന്‍ ശ്രമിക്കുന്നത് കണ്ട് വീട്ടുടമസ്ഥനായ യുവാവ് ബെഡ്ഡിനടിയില്‍ സുരക്ഷാര്‍ത്ഥം കരുതിവെച്ചിരുന്ന സമുറായ് വടിവാള്‍ കൈക്കലാക്കി മുന്നോട്ട് കുതിച്ചു.

വീട്ടുടമയുടെ അപ്രതീക്ഷിതമായ ഭാവം കണ്ടു പേടിച്ച കള്ളന്മാര്‍ പ്രാണരക്ഷാര്‍ത്ഥം മിന്നല്‍ വേഗത്തില്‍ പാഞ്ഞു പോകുകയായിരുന്നു.അവരെ അക്രമിക്കാനല്ല,മറിച്ച് പേടിപ്പിക്കാന്‍ മാത്രമാണ് വടിവാളെടുത്തതെന്നും അത് കണ്ട മുഖം മൂടി ധരിച്ച കള്ളന്മാര്‍ തിരിഞ്ഞോടുകയാണ് ചെയ്തതെന്നും 26 വയസുകാരനായ യുവാവ് പറഞ്ഞു.വീട്ടില്‍ പ്രായമായ അച്ഛനും അമ്മയും ഉള്ളതിനാല്‍ അവരുടെ കൂടി സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കള്ളന്മാരെ തുരത്താന്‍ തുനിഞ്ഞതെന്നും ഇയാള്‍ വെളിപ്പെടുത്തി.

കള്ളന്മാര്‍ മോഷ്ടിക്കാന്‍ വന്നാല്‍ അപായകരമായ സാഹചര്യം ഉണ്ടാക്കാതെ വഴങ്ങി കൊടുക്കണമെന്ന ഗാര്‍ഡയുടെ പൊതുനിലപാട് ലംഘിക്കപ്പെട്ടെങ്കിലും,ബ്ലാഞ്ചഡ്‌സ് ടൗണിലെ ധീരയുവാവിനെ അഭിനന്ദിക്കാനും ഒട്ടേറെ പേര്‍ സോഷ്യല്‍ മീഡിയയില്‍ കൂടി മുന്നോട്ടു വരുന്നുണ്ട്.

കാറില്‍ വന്നിറങ്ങുന്ന കള്ളന്മാര്‍ ശരവേഗത്തില്‍ തിരിച്ചോടുന്ന സി സി ടി വി ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കാണാം.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top