Sunday October 21, 2018
Latest Updates

വംശീയ വിവേചനം : ബ്യൂമോണ്ട് ആശുപത്രിയിലെ മലയാളി നഴ്സിന്റെ പരാതി കോടതിയില്‍ ,യോഗ്യതയുണ്ടായിട്ടും സ്ഥാനക്കയറ്റം നിഷേധിച്ചത് പതിനൊന്ന് തവണ 

വംശീയ വിവേചനം : ബ്യൂമോണ്ട് ആശുപത്രിയിലെ മലയാളി നഴ്സിന്റെ പരാതി കോടതിയില്‍ ,യോഗ്യതയുണ്ടായിട്ടും സ്ഥാനക്കയറ്റം നിഷേധിച്ചത് പതിനൊന്ന് തവണ 

അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തദ്ദേശീയരുടെ ആധിപത്യ സ്വഭാവം സഹ ജീവനക്കാരെ ദുരിതത്തിലാഴ്ത്തുന്നുവോ ?അത്തരം ഒരു ചിന്ത അയര്‍ലണ്ടിലെ മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് പലപ്പോഴും ഉണ്ടായിട്ടുള്ളതാണ്.ഇപ്പോഴിതാ ഡബ്ലിന്‍ ബൂമോണ്ട് ആശുപത്രിയിലെ സീനിയര്‍ സ്റ്റാഫ് നഴ്‌സ് തനിക്ക് അധികൃതരില്‍ നിന്നും നേരിട്ട ദുരിതത്തിന്റെയും, അവഗണനയുടെയും, വംശീയസ്വഭാവമുള്ള വിവേചനത്തിന്റെയും അനുഭവങ്ങള്‍ വിവരിച്ച് നീതി പീഠത്തിന് മുന്‍പിയിലെത്തിയിരിക്കുന്നു.

പതിനൊന്ന് തവണ സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ട സോമി തോമസ് എന്ന നഴ്സിനാണ് ബ്യൂമോണ്ട് ആശുപത്രി അധികൃതര്‍ തുടര്‍ച്ചയായി സ്ഥാനക്കയറ്റം നിഷേധിച്ചു എന്ന കാരണത്താല്‍ നീതി തേടി കോടതിയെ സമീപിക്കേണ്ടി വന്നത്.

വര്‍ക് പ്ലേസ് റിലേഷന്‍ കമ്മീഷന്‍ തന്റെ പരാതി തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് ഡബ്‌ളിനിലെ ആര്‍റ്റെയ്‌നില്‍ നിന്നുള്ള സോമി തോമസ് പരാതിയുമായി കോടതിയിലെത്തുന്നത്. അയര്‍ണ്ടിലെ നഴ്‌സുമാരുടെയും പ്രസവശുശ്രൂകരുടെയും സംഘടനയായ ഐഎന്‍എംഒ ആണ് ആദ്യം സോമി തോമസിന്റെ പരാതി വര്‍ക് പ്ലേസ് റിലേഷന്‍ കമ്മീഷനിലെത്തിച്ചത്.

റെസ്പിറേറ്ററി നഴ്‌സിം?ഗില്‍ ബിരുദാനന്തര ഡിപ്ലോമയോടെയും അതേവിഷയത്തില്‍ ബിരുദാന്തര ബിരുദ കോഴ്‌സ് പഠിച്ചു കൊണ്ടിരിക്കുകയും ചെയ്യവേ 2004 ലാണ് സോമി തോമസ് ബ്യൂമോണ്ട് ആശുപത്രിയില്‍ ജോലിക്ക് കയറുന്നത്. ഓരോ തവണ അവസരം വരുമ്പോഴും സ്‌പെഷലിസ്റ്റ് മാനേജ്‌മെന്റ് തസ്തികളിലേക്ക് താന്‍ അപേക്ഷിച്ചിരുന്നുവെന്നും എന്നാല്‍ അതൊക്കെ അവ?ഗണിക്കപ്പെട്ടെന്നും സോമി തോമസ് പരാതിയില്‍ പറയുന്നു.

വംശീയ വിവേചനത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ ആശുപത്രി അധികൃതര്‍ അത് അം?ഗീകരിച്ചില്ല. അത്തരത്തില്‍ ഒരു പ്രശ്‌നം അവിടെയില്ലെന്നും ആ പ്രശ്‌നം പരാതിക്കാരിയടക്കമുള്ള വിദേശ നഴ്‌സുമാരുടെ ഇടയിലാണ് ഉള്ളതെന്ന് അവര്‍ പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു.

പരാതിക്കാരി സ്ഥാനക്കയറ്റത്തിന് അപേക്ഷിച്ചതിന്റെ മുഴുവന്‍ വിവങ്ങളും ഐഎന്‍എംഒ ശേഖരിച്ചു. സ്ഥാനക്കയറ്റം ലഭിച്ച ആളുകളേക്കാള്‍ പരാതിക്കാരിക്ക് വേണ്ടത്ര പരിചയസമ്പത്തും യോഗ്യതകളും ഉണ്ടെന്നും കണ്ടെത്തി. അവര്‍ക്ക പരാതിക്കാരിയേക്കാള്‍ അധിക ഉണ്ടായിരുന്ന ഒരേയൊരു ‘യോഗ്യത’ അവരെല്ലാം ഐറിഷ് ആണ് എന്നും ഐഎന്‍എംഒ കണ്ടെത്തി.

വര്‍ക്ക് പ്ലെയ്‌സ് റിലേഷന്‍ കമ്മീഷന്‍ അഡ്ജൂഡിക്കേഷന്‍ ഉദ്യോഗസ്ഥനായ ജോണ്‍ റ്റിയേര്‍ണി സോമി തോമസിന്റെ പരാതി തെളിവുകളൊന്നും പരിഗണിക്കാതെ തള്ളിക്കളയുകയായിരുന്നു. 2017 ജൂലൈ 5നാണ് റ്റിയേര്‍ണി കേസ് കേള്‍ക്കാന്‍ ആരംഭിച്ചത്. കേസില്‍ സാക്ഷികളുണ്ടോയെന്ന് അഡ്ജൂഡിക്കേഷന്‍ ഓഫീസര്‍ ആരാഞ്ഞു.

സാക്ഷികളുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞപ്പോള്‍ അവരോട് പുറത്ത് പോവാനും അവരുടെ തെളിവുകള്‍ പിന്നീട് പരിശോധിക്കാമെന്നും എഒ പറഞ്ഞു. തങ്ങളുടെ പരാതികളും തെളിവുകളും സമര്‍പ്പിക്കാന്‍ ഇരുപക്ഷത്തോടും എഒ ആവശ്യപ്പെട്ടു.

തനിക്ക് വേണ്ടി അത് ഐഎന്‍എംഒ നേരത്തെ സമര്‍പ്പിച്ചിരുന്നുവെന്ന് സോമി തോമസ് അറിയിച്ചു. തങ്ങളുടെ ഭാ?ഗം സമര്‍പ്പിക്കുന്നതിനൊപ്പം സോമിയുടെ പരാതി പഴഞ്ചനാണെന്ന വാദവും ആശുപത്രി അധികൃതര്‍ വച്ചു.

കേസ് പരിശോധിക്കണം എന്ന് പറഞ്ഞ എഒ അതിനായി ഒരു മുഴുവന്‍ ദിവസ സിറ്റിം?ഗ് വേണമെന്ന് പറഞ്ഞ് കേസ് മാറ്റിവെച്ചുവെന്നും കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന് ശേഷം മാസങ്ങള്‍ കടന്നുപോയെന്നും തീയ്യതി അറിയാനായി സോമി തോമസും ഐഎന്‍എം ഒയും തമ്മില്‍ നിരവധി ഇമെയില്‍ ഇടപാടുകളും നടന്നതായും സോമിയുടെ അഭിഭാഷകന്‍ ഷെയ്ന്‍ മാനസ് ക്വിന്‍ പറഞ്ഞു.

കേസ് കേള്‍ക്കാന്‍ പിന്നീട് ഒരു തീയതി നിശ്ചയിച്ചിട്ടില്ലെന്നും കേസില്‍ എഒ തീരുമാനമെടുക്കാന്‍ പോവുന്നുവെന്നും ഐഎന്‍എംയ്ക്ക് പിന്നീട് അറിവ് ലഭിച്ചു. കേസില്‍ വന്ന കാലതാമസം തന്റെ ആരോ?ഗ്യത്തെ പോലും ബാധിച്ചു എന്നും സോമി തോമസ് പറയുന്നു.

2018 ഏപ്രില്‍ 10നാണ് എഒ റ്റിയേര്‍ണിയുടെ തീര്‍പ്പ് വന്നത്. സോമി തോമസിനെതിരായി വംശീയ വിവേചനം ഉണ്ടായിട്ടില്ല എന്ന് തീര്‍പ്പ് കല്‍പ്പിക്കപ്പെട്ടു. വിചിത്രം എന്നാണ് ഈ തീര്‍പ്പിനെ സോമി തോമസിന്റെ അഭിഭാഷകന്‍ വിശേഷിപ്പിക്കുന്നത്. സോമി തോമസിന്റെ പരാതി പഴഞ്ചനാണെന്ന ആശുപത്രി അധികൃതരുടെ വാദം കണക്കിലെടുത്ത് തെളിവുകള്‍ പോലും പരിഗണിക്കാതെ എഒ തീര്‍പ്പ് കല്‍പ്പിക്കുകയായിരുന്നു. സോമി തോമസിന്റെ കേസ് കോടതി ഒക്ടോബറിലേക്ക് മാറ്റി വച്ചിരിക്കുകയാണ്.
ഐറിഷ് മലയാളി ന്യൂസ് 

Scroll To Top