Saturday February 25, 2017
Latest Updates

ലൂക്കനിലെ ഓട്ടക്കാരി

ലൂക്കനിലെ ഓട്ടക്കാരി

അമേരിക്കന്‍ ഓട്ടക്കാരി വില്‍മ റൂഡോള്‍ഫിന്റെ കഥ പലര്‍ക്കും അറിയാം. പോളിയോ തളര്‍ത്തിയ കാലുകളുടെ ബലഹീനതയെ വകവയ്ക്കാതെ പരിശീലനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും ലോകത്തിലെ മുന്‍ നിര അത്‌ലറ്റുകളില്‍ സ്ഥാനം പിടിച്ച വില്‍മ.
വളരെ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പോളിയോ ബാധിച്ചു കാലുകള്‍ തളര്‍ന്നു പോയ ആളായിരുന്നു വില്‍മ എങ്കില്‍ ലൂക്കനിലെ മേ എന്ന പെണ്‍കുട്ടിയുടെ സ്ഥിതി അതായിരുന്നില്ല. വളരെ ഉത്സാഹവതിയായി ഓടിച്ചാടി നടന്നിരുന്ന മേ ബ്രാഡി എന്ന ലൂക്കന്‍ പെണ്‍കുട്ടിയും തന്റെ ഭാവി ട്രാക്കുകളിലാണെന്ന് തിരിച്ചറിഞ്ഞത് വളരെ ചെറുപ്പത്തിലാണ്. സ്‌കൂള്‍തലങ്ങളിലും മറ്റുമുള്ള കായിക മത്സരങ്ങളില്‍ സമ്മാനം കരസ്ഥമാക്കുന്നത് അവള്‍ക്ക് ആവേശവും ഉത്സാഹവും ആയിരുന്നു.
എന്നാല്‍ ഈ കുരുന്നു പ്രതിഭയുടെ ജീവിതത്തിലേക്ക് കരിനിഴല്‍ പടര്‍ത്തിക്കൊണ്ടു വന്നത് സ്‌പൈനല്‍ സിസ്റ്റത്തെ തകരാറിലാക്കുന്ന സ്‌കോളിയോസിസ് എന്ന അസുഖമായിരുന്നു. വേദന കാര്‍ന്നു തിന്നുമ്പോളും മേ തീരിച്ചുവരവിനുള്ള ശ്രമം നടത്തിക്കൊണ്ടേയിരുന്നു. എന്നാല്‍ ദിനം പ്രതി തന്റെ അവസ്ഥ മോശമാവുകയാണെന്ന് മനസിലായതോടെ മേയുടെ പ്രതീക്ഷയും ആത്മവിശ്വാസവും എല്ലാം കെട്ടുപോവുകയായിരുന്നു.
15കാരിയായ പെണ്‍കുട്ടി വാര്‍ദ്ധക്യത്തിലെത്തിയ അവശായ സ്ത്രീയുടെ അവസ്ഥയിലേക്ക് തള്ളിവിടപ്പെടുകയായിരുന്നു. വേദനയും കിടക്കയും മാത്രം കൂട്ടിനുണ്ടായിരുന്ന ദിവസങ്ങളും ഇതിനിടയില്‍ കടന്നു പോയി.
സ്‌കോളിയോസിസ് സ്‌പൈനല്‍ സിസ്റ്റത്തെ ബാധിക്കുന്ന രോഗമാണെങ്കിലും ചികിത്സിക്കാതെ ഇരുന്നാല്‍ ഹൃദയത്തെയും ശ്വാസകോശത്തെയും ഇത് ബാധിക്കും. ഒരു ഓപറേഷന് ഏറ്റവും ഉയര്‍ന്ന നിലയില്‍ രോഗം എത്തിയാല്‍ മാത്രമേ ചാന്‍സ് ഉണ്ടായിരുന്നുള്ളൂ. വേദനയും ക്ഷീണവും ശരീരത്തെയും മനസിനെയും തളര്‍ത്തിയതോടെ മേ പഠന കാര്യങ്ങളില്‍ പോലും പിറകോട്ടായി തുടങ്ങി.
അതേ തുടര്‍ന്ന് സ്‌കോളിയാസിസിന്റെ ചികിത്സയും അത് ലഭിക്കുന്ന ആശുപത്രികളെക്കുറിച്ചുള്ള വിവരങ്ങളും ഇന്റര്‍നെറ്റു വഴി തിരയുന്നതിലേക്ക് അമ്മയും മകളും ശ്രമം തുടങ്ങി. എന്നാല്‍ പല വിവരങ്ങളും അവളുടെ പ്രതീക്ഷകളെ തകര്‍ക്കുന്ന തരത്തിലുള്ളവ തന്നെയായിരുന്നു.
ഇത്തരത്തില്‍ തിരഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രതീക്ഷയുടെ കൈത്തിരിനാളം എന്ന കണക്കില്‍ സ്‌കോളിയോലിസിസ് രോഗിയായിരുന്ന എറിക മൗഡ് സ്ഥാപിച്ച ചികിത്സാകേന്ദ്രത്തെക്കുറിച്ചറിഞ്ഞത്. നൂറു കണക്കിനു രോഗികളെ ശുശ്രൂഷിച്ച് ഭേദമാക്കി എന്നു കൂടി അറിഞ്ഞപ്പോള്‍ മേ ബ്രാഡിക്കും പ്രതീക്ഷയേറി.
ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലേക്ക് അവര്‍ പോവുകയും നേരിട്ടു കണ്ട് സംസാരിച്ച് ചികിത്സ നിശ്ചയിക്കുകയും ചെയ്തു. വളരെ കഠിനമായ വേദനകള്‍ ഇതിലൂടെയും തന്റെ മകള്‍ക്ക് അനുഭവിക്കേണ്ടി വരില്ലെന്ന് ഉറപ്പു വരുത്തിയിട്ടാണ് മേയുടെ അമ്മ ചികിത്സയ്ക്കു സമ്മതിച്ചത്. നാലാഴ്ച്ചത്തെ ചികിത്സ ബുക് ചെയ്ത് മേ കാത്തിരുന്നു.
ചികിത്സയുടെ ഓരോ ഘട്ടത്തിലുമുള്ള മാറ്റങ്ങള്‍ അവളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആത്മവിശ്വാസം വര്‍ദ്ധിച്ചതോടെ പൂര്‍ണ്ണ ആരോഗ്യവതിയായി തിരിച്ചെത്താന്‍ തന്നെ ഈ 15കാരിക്ക് സാധിച്ചു. തന്റെ കായിക ജീവിതം തിരികെ കൊണ്ടുവരാനുള്ള ഒരുക്കത്തിലായിരുന്നു പിന്നീടവള്‍. നിരന്തരമായ പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും തന്റെ ജീവിതത്തെ ട്രാക്കിലേക്ക് മടക്കി കൊണ്ടുവന്നിരിക്കുകയാണ് ഈ പെണ്‍കുട്ടി.
വേദനകളില്ലാത്ത ജീവിതം എന്ന തന്റെ സ്വപ്‌നമാണ് ഇപ്പോള്‍ നിറവേറപ്പെട്ടിരിക്കുന്നതെന്നാണ് മേ പറയുന്നത്. കഠിനാധ്വാനവും ആത്മവിശ്വാസവും തന്നെ പഴയ നിലയിലേക്കെത്തിച്ചിട്ടുണ്ടെന്നും മേ കൂട്ടിച്ചേര്‍ത്തു.
ലൂക്കനിലെ ഈ മിടുക്കി കുട്ടി നാളെ ലോകം അറിയപ്പെടുന്ന കായികതാരം ആയി മാറുമെന്നുള്ളതിന് ഇപ്പോള്‍ ഇവളുടെ സ്‌കൂളധികൃതര്‍ക്കും സംശയമൊന്നുമില്ല.

Scroll To Top