Thursday November 23, 2017
Latest Updates

ലീമെറിക്കിലെ വൈദികന്റെ സ്ഥലം മാറ്റം :പരാതി മാര്‍പ്പാപ്പയ്ക്കും …

ലീമെറിക്കിലെ വൈദികന്റെ സ്ഥലം മാറ്റം :പരാതി മാര്‍പ്പാപ്പയ്ക്കും …

ഡബ്ലിന്‍:പ്രിയങ്കരനായ വൈദികനെ സ്ഥലംമാറ്റിയതിനെതിരെ ഇടവകക്കാര്‍ പരാതിയുമായി മാര്‍പ്പയെ സമീപിച്ചു.ലീമെറിക്കിലെ വൈദികന്റെ സ്ഥലം മാറ്റത്തിനെതിരെയാണ് പരാതിപ്രളയം.ഡബ്ലിനിലേക്കുള്ള ഇദ്ദേഹത്തിന്റെ മാറ്റം തടയണമെന്നാണ് ഇടവകക്കാരുടെ ആവശ്യം.രൂപതയിലെ ലീമറിക്ക് യൂത്ത് മിനിസ്ട്രി കോ-ഓര്‍ഡിനേറ്ററായ ഫാ.ക്രിസ് ഒ ഡോണലിനെയാണ് ഒരു പുസ്തക രചനയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തേക്ക് ആര്‍ച് ബിഷപ്പ് ഡബ്ലിനിലേക്ക് മാറ്റിയത്.

പ്രൈമറി സ്‌കൂള്‍കുട്ടികള്‍ക്കുള്ള പാഠപുസത്കങ്ങള്‍ തയ്യാറാക്കുന്നതിനാണ് ഫാദറിനെ ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ വൈദികനെ വിട്ടുതരില്ലെന്നാണ് വിശ്വാസികള്‍ പറയുന്നത്. 1500ലേറെപ്പേര്‍ ഒപ്പിട്ട ഓണ്‍ലൈന്‍ പരാതികളാണ് തീര്‍പ്പിനായി മാര്‍പ്പാപ്പയ്ക്കു മുമ്പില്‍ എത്തിയിരിക്കുന്നത്.ലിമറിക്കിലെ യുവാക്കളുടെ ഹൃദയം തൊട്ടറിഞ്ഞയാളാണ് ഫാ.ക്രിസെന്ന് പരാതിയില്‍ പറയുന്നു.ഈ പ്രിയപ്പെട്ടവനെ നഷ്ടപ്പെടാന്‍ ലിമെറിക്കിന് കഴിയില്ല.

യുവാക്കളുടെ മാത്രമല്ല ലീമറിക്കിന്റെയാകെ മനസ്സറിയുന്നയാളാണ് ഫാ.ക്രിസ്.അദ്ദേഹമാണ് ഇന്നത്തെ ലീമെറിക്കിന്റെ ആധാരം… ഇങ്ങനെ വൈദീകനോടുള്ള സ്നേഹവായ്പുകള്‍ ട്വീറ്റിലും മറ്റും കുമിയുകയാണ്.

ഈ സ്നേഹത്തെ തിരിച്ചറിയുന്നുവെന്നും എല്ലാവരുടെയും വികാരം ഹൃദയസ്പര്‍ശിയാണെന്നും ഫാ. ക്രിസ് എഫ്.എം റേഡിയോയില്‍ പ്രതികരിച്ചു. ”അത്രമേല്‍ തിരക്കുള്ളതിനാല്‍ ആളുകളുടെ പ്രതികരണങ്ങളെല്ലാം പോപ്പിലെത്തുമോയെന്നറിയില്ല. എന്തായാലും ഒരു വര്‍ഷം ഞാന്‍ ഡബ്ലിനിലുണ്ടാകണം.അതൊരു നിശ്ചയമാണ്. എന്നുവെച്ച് ലിമറിക്കോ യൂത്ത് മിനിസ്ട്രിയോ വിടുമെന്നൊന്നും അര്‍ഥമില്ല. രണ്ടിനുമിടയില്‍ എല്ലായ്പ്പോഴും എളിയവനായ ഞാനുണ്ടാവും.ശരിക്കും അതൊരു വെല്ലുവിളിയാണ്. എന്നാല്‍ ഒന്ന് മനസ്സിലാക്കുക അതൊക്കെ ചേര്‍ന്നതാണ് വൈദിക ജീവിതം”-ഫാ.ക്രിസ് പറഞ്ഞു.

Scroll To Top