Sunday September 23, 2018
Latest Updates

ലീമെറിക്കിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ,ദുരൂഹത തുടരുന്നു, ഗാര്‍ഡ വിശദീകരണകുറിപ്പ് കണ്ടെടുത്തു

ലീമെറിക്കിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ,ദുരൂഹത തുടരുന്നു, ഗാര്‍ഡ വിശദീകരണകുറിപ്പ് കണ്ടെടുത്തു

ലീമെറിക്ക് :ലീമെറിക്ക് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നുള്ള അജിന്‍ക്യ ടികാസിനെ(24)യാണ് വാടകവീട്ടില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയോടെയാണ് അജിന്‍ക്യയെ ആത്മഹത്യ ചെയ്ത നിലയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തിയത്.ശനിയാഴ്ച രാത്രി ഒരു സുഹൃത്തിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.അപ്പോഴും മുന്‍ ദിവസങ്ങളിലുമെല്ലാം സന്തോഷഭരിതനായാണ് ഇദ്ദേഹം കാണപ്പെട്ടതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

അജിന്‍ക്യ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റില്‍ നിന്നും ഒരു കത്ത് ലഭിച്ചതായി ഗാര്‍ഡ വെളിപ്പെടുത്തിയെങ്കിലും,ഉള്ളടക്കം എന്താണെന്ന് അറിവായിട്ടില്ല.ഗാര്‍ഡ അന്വേഷണം തുടരുകയാണ്.

പൂനെയിലെ പ്രമുഖനായ ഡോക്റ്ററുടെ മകനായ അജിന്‍ക്യയ്ക്ക് സാമ്പത്തിക ക്ലേശമോ,മറ്റെന്തെങ്കിലും വിഷമതകളോ ഉള്ളതായി അറിവില്ലെന്ന് സഹപാഠികള്‍ പറയുന്നു.സദാ പ്രസന്നവാനായിരുന്ന ഇദ്ദേഹം പ്രോജക്റ്റ് മാനേജ്മെന്റ് എം എസ് സി കോഴ്സിനാണ് പഠിച്ചിരുന്നത്.കഴിഞ്ഞ ദിവസം കൊണ്ട് ക്ളാസുകള്‍ തീര്‍ന്നിരുന്നു.ഫൈനല്‍ അസസ്മെന്റ് സമര്‍പ്പിച്ച ശേഷം നിയമപ്രകാരമുള്ള രണ്ട് വര്‍ഷത്തെ സ്റ്റേ ബാക്കിന്റെ സമയത്ത് അയര്‍ലണ്ടില്‍ ജോലി ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അജിന്‍ക്യ.

ഇതിന്റെ ഭാഗമായി കോര്‍ക്കിലുള്ള ഒരു ഓട്ടമേഷന്‍ കമ്പനി അജിന്‍ക്യയ്ക്ക് ജോലിയും ഓഫര്‍ ചെയ്തിരുന്നു.സെപ്റ്റംബര്‍ മുതല്‍ റൊമാനിയയില്‍ 45 ദിവസത്തെ ട്രയിനിംഗിന് ശേഷം യൂകെ യിലായിരിക്കും പ്‌ളേസ് മെന്ററെന്നും കമ്പനി ഇദ്ദേഹത്തെ അറിയിച്ചിരുന്നു.

സെപ്റ്റംബറില്‍ റിസള്‍ട്ട് വരുമെങ്കിലും,ലീമെറിക്ക് യൂണിവേഴ്സിറ്റിയില്‍ ഗ്രാജ്വെഷന്‍ ജനുവരി ആദ്യ വാരമേ നടക്കുകയുള്ളൂ എന്നതിനാല്‍ അത് വരെയുള്ള കാലം സ്റ്റുഡന്റായി തന്നെയാണ് സ്റ്റാറ്റസ് തുടരുകയെന്നും 20 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവദിക്കുകയുള്ളു എന്ന് ഓര്‍മ്മിപ്പിപ്പിച്ചു കൊണ്ട് ലീമെറിക്ക് യൂണിവേഴ്സിറ്റി അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ ദിവസം ഇ മെയില്‍ അയച്ചിരുന്നു.ജോബ് ഓഫര്‍ ലഭിച്ച ഒട്ടേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ ഞെട്ടിപ്പിച്ച സംഭവമാണ് അതെങ്കിലും അജിന്‍ക്യയുടെ ദുരൂഹ മരണത്തിന് അതൊരു കാരണമാവാന്‍ സാധ്യതയില്ലെന്ന് സഹപാഠികള്‍ പറയുന്നു.

മുന്നൂറോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ലീമെറിക്ക് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നത്.സഹപാഠിയുടെ ദുരന്തമറിഞ്ഞ് ഇവരെല്ലാവരും അതീവ ദുഖത്തിലാണ്.

മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കുന്നതടക്കമുള്ള നടപടികള്‍ക്ക് യൂണിവേഴ്സിറ്റി അധികൃതരുടെയും,ഇന്ത്യന്‍ എംബസിയുടെയും സഹകരണം തേടുകയാണ് വിദ്യാര്‍ത്ഥികള്‍.ലീമെറിക്കിലെ ഇന്ത്യന്‍ സമൂഹത്തിന്റെയും യൂണിവേഴ്സിറ്റിയിലെ സഹപാഠികളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അവരുള്ളത്. അജിന്‍ക്യയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്.അവരും അയര്‍ലണ്ടിലേക്ക് ഉടന്‍ എത്തിച്ചേരും.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top