Saturday October 20, 2018
Latest Updates

ലിയോ വരദ്കറുടെ വാദങ്ങള്‍ക്ക് പച്ചക്കൊടി,പിടിവാശി വിട്ട് ബ്രിട്ടണ്‍ മുട്ടുമടക്കി, ബ്രെക്‌സിറ്റ് കരാര്‍ സംയുക്ത അയര്‍ലണ്ടിനെ ശക്തമാക്കും 

ലിയോ വരദ്കറുടെ വാദങ്ങള്‍ക്ക് പച്ചക്കൊടി,പിടിവാശി വിട്ട് ബ്രിട്ടണ്‍ മുട്ടുമടക്കി, ബ്രെക്‌സിറ്റ് കരാര്‍ സംയുക്ത അയര്‍ലണ്ടിനെ ശക്തമാക്കും 

ഡബ്ലിന്‍ :ആഴ്ചകളായി നിലനിന്ന അനിശ്ചിതത്വത്തിന് വിരാമമിട്ട് ബ്രക്സിറ്റ് സംബന്ധിച്ച സംയുക്ത കരാര്‍ ബന്ധപ്പെട്ട കക്ഷികളെല്ലാം അംഗീകരിച്ചു.ബ്രക്സിറ്റ് സംബന്ധിച്ച സുപ്രധാന ചുവടുവെപ്പായാണ് ഈ കരാറിനെ വിലയിരുത്തുപ്പെടുന്നത്.വ്യാഴാഴ്ച ബ്രസല്‍സില്‍ ചേര്‍ന്ന യോഗത്തിലാണ് യൂറോപ്യന്‍ യൂണിയന്റെ 27 നേതാക്കളും അയര്‍ലണ്ടും ബ്രിട്ടനും സംയുക്ത കരാര്‍ അംഗീകരിച്ചത്.

ബ്രിട്ടണില്‍ ഉള്‍പ്പെട്ടു തുടരുമെങ്കിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിനും,അവിടെ അധിവസിക്കുന്ന ജനങ്ങള്‍ക്കും ഐറിഷ് വ്യക്തിത്വം തുടരാനും,ഐറിഷ് സമൂഹമെന്ന നിലയില്‍ യൂറോപ്യന്‍ സ്വാതന്ത്ര്യങ്ങള്‍ അവകാശപൂര്‍വം നിലനിര്‍ത്താനുമുള്ള അയര്‍ലണ്ടിന്റേയും.ലിയോ വരദ്കറുടെയും ആശയങ്ങള്‍ക്ക് പച്ചക്കൊടി നല്‍കിയാണ് ഇന്നലെ ബ്രിട്ടണും,യൂറോപ്യന്‍ യൂണിയനും കരാര്‍ ഉറപ്പിച്ചത്,

1998 ഏപ്രില്‍ 10ന്റെ ഗുഡ്ഫ്രൈഡെ കരാര്‍ അതിന്റെ എല്ലാ അര്‍ഥങ്ങളിലും സംരക്ഷിക്കപ്പെടുമെന്ന് പുതിയ രേഖ വ്യക്തമാക്കുന്നു.ഡിയുപി ഉയര്‍ത്തിയ ആശങ്കള്‍ കൂടി പരിഗണിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെയും ഐറിഷ് ദ്വീപിന്റെയാകെയും സമഗ്രത ഉറപ്പാക്കുന്നതാണ് സംയുക്ത ഉടമ്പടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

അയര്‍ലണ്ട് ,ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ അവരുടെ പ്രദേശത്തെ അതിര്‍ത്തികള്‍ സംബന്ധിച്ചു ഉടമ്പടിയിലെത്താന്‍ പ്രത്യേക ചര്‍ച്ച നടത്തുന്നതിനും തീരുമാനിച്ചു.അയര്‍ലണ്ടിന്റെ സവിശേഷമായ ഭൂ സവിശേഷതകള്‍ കണക്കിലെടുത്ത് അയര്‍ലണ്ടില്‍ നിന്നും യുകെയിലേക്കും തിരിച്ചുമുള്ള വസ്തുക്കളുടെ ട്രാന്‍സിറ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്ത ഘട്ടത്തില്‍ തുടരും.

ബ്രക്സിറ്റനന്തരം ഹാര്‍ഡ് ബോര്‍ഡറുണ്ടാവില്ലെന്നും നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ സമഗ്രത നിലനിര്‍ത്തുമെന്നും ബിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പ്രസ്താവിച്ചു.ചര്‍ച്ചകള്‍ മികച്ച പുരോഗതി കൈവരിച്ചുവെന്നു യൂറോപ്യന്‍ കമ്മീഷനും യൂറോപ്യന്‍ കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്തതായി കമ്മീഷന്‍ പ്രസിഡണ്ട് ജീന്‍ ക്ലോഡന്‍ ജങ്കറും അറിയിച്ചു. കരാറിന്റെ ഉള്ളടക്കത്തെ ഇങ്ങനെ സംഗ്രഹിക്കാം-

‘യൂറോപ്യന്‍ യൂണിയനില്‍ നിന്നുളള ബ്രിട്ടന്റെ പിന്‍മാറ്റം ഐറിഷ് ദ്വീപിനെ സംബന്ധിച്ചുള്ള സവിശേഷമായ പ്രത്യേകത നല്‍കി കൊണ്ടുള്ളതായതായിരിക്കും.കരാറുകളും ക്രമീകരണങ്ങളും, കൂടാതെ ഓരോ സ്ഥാപനങ്ങളും അവയുടെ കീഴിലുള്ള സംഘടനകളുടെ ഫലപ്രദവുമായ പ്രവര്‍ത്തനവുമുള്‍പ്പടെയുള്ള 1998 ലെ കരാര്‍ സംരക്ഷിക്കുന്നതിനുള്ള അതിന്റെ പ്രതിബദ്ധത ഓര്‍മ്മിപ്പിക്കുന്നു.

ഹാര്‍ഡ് ബോര്‍ഡര്‍ ഒഴിവാക്കാനുള്ള ഉത്തരവാദിത്തത്തില്‍ നോര്‍ത്തേന്‍ അയര്‍ലണ്ടും ,റിപ്പബ്ലിക്കും തമ്മിലുള്ള സഹകരണം സംരക്ഷിക്കുന്നതില്‍ ബ്രിട്ടന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കരാര്‍ പറയുന്നു.യു.കെ.-ഇയു ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ ലക്ഷ്യങ്ങള്‍ കൈവരിക്കും.

ഇന്നത്തെ യൂറോപ്യന്‍ യൂണിയനിലെ നിലവിലെ കസ്റ്റംസ് യൂണിയന്‍ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും. യൂറോപ്യന്‍ യൂണിയന്റെ ആഭ്യന്തര വിപണിയിലും കസ്റ്റംസ് യൂണിയന്റെയും സമഗ്ര സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക ക്രമീകരണം നടപ്പിലാക്കുന്നതിനും മേല്‍നോട്ടം നടത്തുന്നതിനും ഇരു കക്ഷികളും മെക്കാനിസമുണ്ടാക്കും.

ഐറിഷ് പൗരന്മാരായ നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്കുള്ള അവകാശങ്ങള്‍ തുടര്‍ന്നും ഉണ്ടായിരിക്കും.ബ്രക്സിറ്റ് കരാര്‍ വഴി യൂറോപ്യന്‍ യൂണിയന്‍ പൗരത്വത്തില്‍ വരാനുള്ള നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ജനങ്ങള്‍ക്കുള്ള അവസരവും അവകാശവും ബ്രിട്ടന്‍ അംഗീകരിക്കും.

അടുത്ത ഘട്ടത്തിലുള്ള ഉപ ചര്‍ച്ചകളില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ അവകാശങ്ങള്‍ , അവസരങ്ങള്‍, ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നതിനുള്ള ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കും. യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുള്ള കോമണ്‍ ട്രാവല്‍ ഏരിയയും അനുബന്ധ അവകാശങ്ങളും ആനുകൂല്യങ്ങളും തുടര്‍ന്നും ലഭിക്കുമെന്ന് കരാര്‍ സ്ഥിരീകരിക്കുന്നു.ഇതിന്റെ ഭാഗമായി കോമണ്‍ ട്രാവല്‍ ഏരിയായില്‍ നിലവിലുള്ള പ്രത്യേക യാത്രാ സൗകര്യങ്ങള്‍ അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് തുടര്‍ന്നും ലഭിക്കും.

വടക്കന്‍ അയര്‍ലണ്ടിനും, ബ്രിട്ടീഷ് രാജ്യങ്ങള്‍ക്കുമിടക്ക് പുതിയ നിയന്ത്രണ സംവിധാനങ്ങള്‍ ഉണ്ടാകില്ലെന്ന് യു.കെ ഉറപ്പുവരുത്തും. 1998 ലെ ഉടമ്പടി അനുസരിച്ച് നോര്‍തേണ്‍ അയര്‍ലണ്ട് എക്സിക്യുട്ടീവിയും അസംബ്ലിയും തമ്മില്‍ യോജിപ്പ് ഉറപ്പുവരുത്തും’.

ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്ന സംയുക്തകരാര്‍ അയര്‍ലണ്ടിന്റെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെയും സമഗ്രത ലക്ഷ്യമിട്ടുള്ളതാണെന്നു തന്നെയാണ് വിലയിരുത്തുന്നത്.ചര്‍ച്ചകള്‍ ഇടയ്ക്ക് വഴിമുട്ടിയെങ്കിലും യൂറോപ്യന്‍ യൂണിയന്റെ ശക്തമായ പിന്തുണയോടെ ബ്രക്സിറ്റ് ചര്‍ച്ചകള്‍ വിജയകരമായിത്തന്നെയാണ് മുന്നേറുന്നതെന്നും കരുതാവുന്നതാണ്.

Scroll To Top